ന്യൂഡല്‍ഹി: തീവണ്ടി യാത്രാചരക്കു കൂലി കൂട്ടിയതിന്റെ പ്രഹരമേറ്റു വീണ ജനത്തിനുമേല്‍ ഇടിത്തീപോലെ പാചകവാതകവിലയും കൂട്ടുന്നു. സിലിണ്ടറിന്റെ വില ഓരോ മാസവും പത്തു രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കത്തില്‍. ബജറ്റില്‍ ഈ നിര്‍ദേശം ഉണ്ടാകുമെന്നാണു സൂചന.
ട്രെയിന്‍ നിരക്ക് വര്‍ധന വന്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നിരിക്കെയാണ് പാചക വാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിക്കുന്നത്. സിലിണ്ടറിന് പ്രതിമാസം പത്ത് രൂപ എന്ന നിരക്കില്‍ വര്‍ധിപ്പിച്ചാല്‍ വര്‍ഷം ഏഴായിരം കോടിയുടെ അധിക വരുമാനം നേടാനാകുമെന്നാണു പ്രതീക്ഷ. ഒരുവര്‍ഷം 12 സിലിണ്ടറുകള്‍ എന്ന കണക്കില്‍ മാറ്റമുണ്ടാകില്ല.
എണ്ണക്കമ്പനികള്‍ നഷ്‌ടത്തിലാണെന്ന പേരിലാണു വില കൂട്ടാനൊരുങ്ങുന്നത്. സബ്‌സിഡി നല്‍കുന്നതു മൂലം എണ്ണക്കമ്പനികളുടെ നഷ്‌ടം 1.40 ലക്ഷം കോടി കവിഞ്ഞെന്നും ഇറാക്കിലെ ആഭ്യന്തര യുദ്ധം മൂലം എണ്ണവില ഇനിയും വര്‍ധിക്കുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ ധരിപ്പിച്ചു.
ഡീസലിന് ഓരോ മാസവും 50 പൈസ വീതം വിലവര്‍ധിപ്പിച്ച മാതൃകയാണ് പാചകവാതകത്തിന്റെ കാര്യത്തിലും അവലംബിക്കുന്നത്. അസംസ്‌കൃത എണ്ണവില അന്താരാഷ്‌ട്ര വിപണിയില്‍ ഒമ്പതു മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബാരലിന് 115 ഡോളര്‍ എന്ന തോതില്‍ എത്തിയതിനാല്‍ കടുത്ത നടപടികളാണു ധനകാര്യവിദഗ്‌ധര്‍ ഉപദേശിക്കുന്നത്. ഇറാക്കില്‍നിന്നു ലഭിച്ചിരുന്ന എണ്ണയുടെ പത്തു ശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്കു ലഭിക്കുന്നത്. ഇറാക്ക് കൂടാതെ മറ്റു രാജ്യങ്ങളില്‍നിന്ന് എണ്ണകണ്ടെത്താനുള്ള ശ്രമമാണു നടത്തിവരുന്നതെന്നും ഉടനടി പാചകവാതക വില വര്‍ധിപ്പിക്കില്ലെന്നും പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.
198687 കാലത്ത് റോഡ് മുഖേനയുള്ള ചരക്ക് നീക്കം 34 ശതമാനമായിരുന്നെങ്കില്‍ ഇന്ന് 60 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. അതിനാല്‍ ഇന്ധനവിലക്കയറ്റം അവശ്യസാധനങ്ങളുടെ വില കുത്തനേ ഉയര്‍ത്തും. പണപ്പെരുപ്പനിരക്ക് 6.01 ശതമാനമെന്ന അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. ഉരുളക്കിഴങ്ങ്,ഉള്ളി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വിലയും ഉയരുകയാണ്.
റെയില്‍ ബജറ്റില്‍ ബുള്ളറ്റ് ട്രെയിന്‍ പോലുള്ളവ പ്രഖ്യാപിച്ച് ജനപ്രീതി നേടുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനാണു പരിപാടി. പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ നിരക്കുവര്‍ധന അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. റെയില്‍നിരക്കു കൂട്ടിയതിനു പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിക്കമെന്ന വാര്‍ത്തകള്‍ പരന്നതോടെ മോഡി സര്‍ക്കാരിനെ മൂന്നാം യു.പി.എ.സര്‍ക്കാര്‍ എന്നാണു വിമര്‍ശകര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.








