നാല് ഡാമുകള്‍ തമിഴ്‌നാടിന്റെ സ്വന്തമാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളവുമായുള്ള കരാര്‍പ്രകാരം ഡാമുകളുടെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തനവും തമിഴ്‌നാടാണ് നടത്തുന്നത്. ഇതിന്റെ അര്‍ത്ഥം ഡാമുകള്‍ അവരുടെ സ്വന്തമാണെന്നല്ല. ഇതുകാരണം ഉടമസ്ഥാവകാശം ഉന്നയിക്കാനും അവര്‍ക്ക് കഴിയില്ല. ഡാമുകള്‍ സ്ഥിതി ചെയ്യുന്നത് കേരള അതിര്‍ത്തിയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ , പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം എന്നീ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് കഴിഞ്ഞ ദിവസം ജയലളിത പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ജയലളിത ഇന്നലെ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. വര്‍ഷങ്ങളായി ഈ അണക്കെട്ടുകളെ പരിപാലിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും തമിഴ്‌നാടാണെന്നും കേരളത്തിന് ഇവയില്‍ അവകാശമില്ലെന്നും ജയലളിത വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വലിയ അണക്കെട്ടുകളുടെ ദേശീയ രജിസ്റ്റര്‍ പ്രകാരം ഡാമുകള്‍ കേരളത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് അവകാശവാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്.
ഡാമുകള്‍ തമിഴ്‌നാടിന്റേതാണെന്ന് 2009ല്‍ കേന്ദ്ര ജലകമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ജയലളിതയുടെ പ്രധാന വാദം. എന്നാല്‍ 2013-ലെ കേന്ദ്ര ജലകമ്മീഷന്‍ രജിസ്റ്ററിലെ കാര്യം ജയലളിത മറച്ചു പിടിക്കുന്നു. ഇതില്‍ ഉടമസ്ഥാവകാശം കേരളത്തിനും അറ്റകുറ്റപണികള്‍ നടത്തുന്നത് തമിഴ്‌നാടുമാണെന്ന് പറയുന്നു. പ്രസ്‌താവനകള്‍ നടത്തി വന്‍ വിവാദങ്ങള്‍ക്കില്ലെന്നും ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.








