എത്ര ഉന്നതാണെങ്കില്‍ അനധികൃതമായി പലിശ ഇടപാട് നടത്തുന്നുണ്ടെങ്കില്‍
ഓപ്പറേഷന്‍ കുബേര പ്രകാരം അറസ്റ്റുചെയ്തേക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. എന്നാല്‍ ഉന്നതരെയും, സ്വന്തം പാര്‍ട്ടിക്കാരെയും, അടുപ്പക്കാരെയും ഓപ്പറേഷന്‍ കുബേര ബാധിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. കുബേര പ്രകാരം പിടിക്കിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ച തോമസ് ടി കൊണ്ടോടിയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ആഭ്യന്തരമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് തൊട്ടുപിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഇടയ്ക്ക് അദ്ദേഹം ചെന്നിത്തലയുടെ ചെവിയില്‍ രഹസ്യം പറയുന്നുമുണ്ടായിരുന്നു.
നേരത്തെ തന്നെ എറണാകുളത്ത് ഒരു റിക്രൂട്ടിംഗ് കമ്പനി നടത്തുകയും ഇതിന്റെ പേരില്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത വ്യക്തി കൂടിയാണ് ഇദ്ദേഹം. നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും നൂറോളം ചെക്ക് ലീഫുകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളാണെന്ന് പറഞ്ഞ് പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയതുമായി ബന്ധപ്പെട്ടും പരാതികള്‍ നിലവിലുണ്ട്. റിക്രൂട്ടിംഗ് സ്ഥാനപനം പൂട്ടിയ ഒളിവില്‍ പോയ ഇയാള്‍ ഐഎന്‍ടിയുസിയുടെ പരിപാടികളില്‍ സജീവ സാന്നിധ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.








