Home » » പാക്കിസ്ഥാനില്‍ പ്രതിപക്ഷം നടത്തിവരുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായി.

പാക്കിസ്ഥാനില്‍ പ്രതിപക്ഷം നടത്തിവരുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായി.

Written By Unknown on Sunday, 31 August 2014 | 17:59

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിവരുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായി. രൂക്ഷമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റു. സൈനിക മേധാവി ജനറല്‍ റഹീദ് ഷരീഫ് റാവല്‍പിണ്ടിയില്‍ കോര്‍ കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.    

ശനിയാഴ്ച അര്‍ധരാത്രി പാര്‍ലമെന്റും സമീപമുള്ള പ്രധാനമന്ത്രി ഷരീഫിന്റെ വസതിയും വളഞ്ഞ 25,000 ഓളം പ്രക്ഷോഭകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഷരീഫിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പിലാണു മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അക്രമങ്ങളില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി മുഴുവന്‍ അക്രമം തുടര്‍ന്നു. കുറുവടികളും കല്ലും തെറ്റാലിയുമായാണു പ്രതിഷേധക്കാര്‍ എത്തിയത്. കണെ്ടയ്‌നറുകളും നിരവധി വാഹനങ്ങളും പ്രക്ഷോഭകാരികള്‍ തകര്‍ത്തു.

പാര്‍ലമെന്റ് മന്ദിരത്തിലും പ്രധാനമന്ത്രിയുടെ വസതിയിലും തമ്പടിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് പലവട്ടം കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അക്രമങ്ങളില്‍ പരിക്കേറ്റ അഞ്ഞൂറോളം പേരെ പോളിക്ലിനിക്, പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 90 പോലീസുകാര്‍ക്കും അഞ്ചു ഫ്രോണ്ടിയര്‍ കോണ്‍സ്റ്റാബുലറി അംഗങ്ങള്‍ക്കും പരിക്കേറ്റു. പ്രക്ഷോഭം കണക്കിലെടുത്തു ഷരീഫ് വെള്ളിയാഴ്ചതന്നെ സഹായികള്‍ക്കൊപ്പം ലാഹോറിലെ വസതിയിലേക്കു താമസം മാറ്റിയിരുന്നു. നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫും ഈ വസതിയിലാണു താമസിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ സുരക്ഷ ശക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.