തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മോണോറെയില്‍ പദ്ധതിക്കു സര്‍ക്കാരിന്റെ ചുവപ്പുകൊടി. ചെലവു താങ്ങാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചത്. ഇതിനു പകരം ചെലവുകുറഞ്ഞ ലൈറ്റ് മെട്രോ നടപ്പാക്കും. ഇതിന്റെ രൂപരേഖ നാലാഴ്‌ചയ്‌ക്കകംസമര്‍പ്പിക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍, മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രി തള്ളി. പദ്ധതി അപ്‌ഗ്രേഡ് ചെയ്‌ത് ലൈറ്റ് മെട്രോയാക്കി മാറ്റുകയാണു ചെയ്‌തതെന്നും ഇതാണ് ചെലവു കുറഞ്ഞ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോയ്‌ക്ക് ചെലവ് 6,000 കോടിയിലൊതുങ്ങുമെന്നാണ് പ്രതീക്ഷ. എന്നാല്‍, 6,004 കോടി രൂപയാണു കോഴിക്കോട്, തിരുവനന്തപുരം മോണോ റെയിലിനു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന ചെലവ്. പദ്ധതി നിര്‍മാണത്തിനായി രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചപ്പോഴും ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം കമ്പനി മാത്രമാണു പങ്കെടുത്തത്. 14,000 കോടിയാണ് കമ്പനി ആവശ്യപ്പെട്ടത്. കിലോമീറ്റിന് 290 കോടിയോളമാണു ചെലവു കണക്കാക്കിയത്. ഇതിന്റെ പകുതി മാത്രം ചെലവില്‍ നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ പരിപാടി. തിരുവനന്തപുരത്ത് 22 കിലോമീറ്ററും കോഴിക്കോട്ട് 14 കിലോമീറ്ററുമാണു പ്രാരംഭഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്നത്. പദ്ധതി നടപ്പാക്കാന്‍ മോണോ റെയില്‍ കോര്‍പറേഷനും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. സാമ്പത്തിക ദര്‍ഘാസ് പരിശോധിക്കാന്‍ കഴിഞ്ഞമാസം ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തില്‍തന്നെ പദ്ധതി മാറ്റം ചര്‍ച്ചാവിഷയമായിരുന്നു. വിശദമായ പഠനത്തിനുശേഷമേ ടെന്‍ഡറില്‍ തീരുമാനമെടുക്കാവൂ എന്നു ധനവകുപ്പ് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍, ലൈറ്റ് മെട്രോ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്തി. ഈ റിപ്പോര്‍ട്ടു കൂടി ആധാരമാക്കിയാണു മോണോറെയില്‍ ഉപേക്ഷിച്ചത്.








