കണ്ണൂര്‍: ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ രാജി വെയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.
മന്ത്രിസഭ ഇതു സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍ താന്‍ മന്ത്രി സഭയിലോ കെപിസിസി തലപ്പത്തോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കെപിസിസി അദ്ധ്യക്ഷനാകുന്നതിന് 47 ദിവസം മുമ്പാണ് ഇത് നടന്ന സംഭവത്തില്‍ തനിക്ക് എങ്ങിനെ പങ്കുണ്ടാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അഴിമതിയില്‍ കോടതി ഉത്തരവുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍. ഇതിന്റെ പേരില്‍ വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ തയ്യാറല്ലെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി. പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നീ മന്ത്രിമാര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ ചെന്നിത്തലയ്‌ക്ക് പിന്തുണയുമായി കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. ചെന്നിത്തലയെ കേസില്‍ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും കേസില്‍ അപ്പീല്‍ പോകണമെന്നും കെ മുരളീധരന്‍ പറഞ്ഞു.








