Home » » കേന്ദ്രമന്ത്രിസഭയും പാര്‍ട്ടിയും പൂര്‍ണമായി നരേന്ദ്രമോഡിയും അമിത്‌ ഷായും പിടിച്ചടക്കിയതോടെ എതിര്‍ചേരി പ്രതിസന്ധിയില്‍.

കേന്ദ്രമന്ത്രിസഭയും പാര്‍ട്ടിയും പൂര്‍ണമായി നരേന്ദ്രമോഡിയും അമിത്‌ ഷായും പിടിച്ചടക്കിയതോടെ എതിര്‍ചേരി പ്രതിസന്ധിയില്‍.

Written By Unknown on Thursday, 28 August 2014 | 17:47

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയും പാര്‍ട്ടിയും പൂര്‍ണമായി നരേന്ദ്രമോഡിയും അമിത്‌ ഷായും ചേര്‍ന്നു പിടിച്ചടക്കിയതോടെ എതിര്‍ചേരി പ്രതിസന്ധിയില്‍. മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കുന്നതു മുതല്‍ അടുത്ത സമയംവരെ വലംകൈയായി നിന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗാണ്‌ മോഡി-ഷാ കുട്ടുകെട്ടിന്റെ പുതിയ ഇര. രാജ്‌നാഥിന്റെ മകനെ മോഡി ശാസിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനു പിന്നില്‍ മോഡിയും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയും ചേര്‍ന്നാണെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്‌. മന്ത്രിസഭയില്‍ എത്തിയതോടെ പാര്‍ട്ടി അധ്യക്ഷ പദവി നഷ്‌ടപ്പെടുകയും മന്ത്രിസഭയില്‍ രണ്ടാമനെന്ന പരിഗണന ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്‌നാഥ്‌ കടുത്ത നടപടികളിലേക്കു കടന്നേക്കുമെന്നും സൂചനകളുണ്ട്‌. ഇതിനായി ആര്‍.എസ്‌.എസ്‌. പിന്തുണ രാജ്‌നാഥ്‌ തേടിയെങ്കിലും സര്‍ക്കാരിനേയൊ പാര്‍ട്ടിയേയൊ സമ്മര്‍ദത്തിലാക്കുന്ന ഒരു നടപടിയും ഇപ്പോള്‍ പാടില്ലെന്ന നിര്‍ദേശമാണ്‌ ആര്‍.എസ്‌.എസ്‌. നേതൃത്വത്തില്‍ നിന്ന്‌ രാജ്‌നാഥിനു ലഭിച്ചതെന്നാണ്‌ സൂചനകള്‍. രാജ്‌നാഥിനു പുറമെ ഗതാഗതവകുപ്പ്‌ മന്ത്രി നിതിന്‍ ഗഡ്‌കരി, അദ്വാനിയോട്‌ കൂറുപുലര്‍ത്തുന്ന സുഷമ സ്വരാജ്‌ തുടങ്ങിയവരും അസ്വസ്‌ഥരാണെന്നാണു വിവരം. ഗഡ്‌കരിയുടെ വീട്ടില്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചത്‌ ഉന്നതരുടെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ നിന്ന്‌ ഇത്തരം ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഗഡ്‌കരി നിഷേധിക്കുന്നുണ്ടെങ്കിലും താത്‌കാലിക ശാന്തി മാത്രമാണ്‌ ഇപ്പോഴുള്ളതെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്‌. മന്ത്രിമാര്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നനിരീക്ഷണം മുതിര്‍ന്ന മന്ത്രിമാരെ വരെ അസ്വസ്‌ഥരാക്കുന്നുണ്ട്‌. 
 
സെക്രട്ടറിയെ നിയമിക്കാനുള്ള രാജ്‌നാഥ്‌ സിംഗിന്റെ നീക്കത്തിന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരത്തെ തടയിട്ടത്‌ ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സര്‍ക്കാരില്‍ രണ്ടാമന്‍ താനാണെന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഗതികേടിലാണ്‌ രാജ്‌നാഥ്‌ സിംഗ്‌. ധന, പ്രതിരോധ വകുപ്പുകള്‍ കൈയിലുള്ള അരുണ്‍ ജെയ്‌റ്റ്‌ലിയെയാണു നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ മോഡി ആശ്രയിക്കുന്നത്‌. ആഭ്യന്തരവകുപ്പില്‍ നിന്ന്‌ ആഭ്യന്തര സുരക്ഷ എടുത്തുമാറ്റിയേക്കും എന്നുതുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഏതാനും നാള്‍ മുമ്പ്‌ പുറത്തുവന്നത്‌ രാജ്‌നാഥ്‌ സിംഗിനുള്ള മുന്നറിയിപ്പായിരുന്നു. രാജ്‌നാഥിന്റെ മകന്‍ കോഴ വാങ്ങിയത്‌ തിരികെ നല്‍കണമെന്നു വിളിച്ചു വരുത്തി മോഡി നിര്‍ദേശം നല്‍കിയതും ഇത്‌ മാധ്യമങ്ങളിലുടെ പുറത്തുവിട്ടതും പാര്‍ട്ടിയില്‍ രാജ്‌നാഥിനുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
 വകുപ്പ്‌ മന്ത്രിമാരെ നോക്കുകുത്തികളാക്കി സെക്രട്ടറിമാരെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസാണ്‌ (പി.എം.ഒ.)ഭരിക്കുന്നതെന്ന ആരോപണവും നേരത്തെ മുതല്‍ ശക്‌തമാണ്‌. മന്ത്രിമാരുടെ വസ്‌ത്രധാരണ രീതി മുതല്‍ ആരെയൊക്കെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പി.എം.ഒ. നിരീക്ഷിക്കുന്നുണ്ടെന്നാണു വിവിധ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌. 
 
രാജ്‌നാഥ്‌ സിംഗ്‌, നിതിന്‍ ഗഡ്‌കരി, സുഷമ സ്വരാജ്‌ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്കു വരെ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും അസന്തുഷ്‌ടിക്കിടയാക്കിയിട്ടുണ്ട്‌. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന്‌ ഒഴിവാക്കിയതു വഴി പഴയ തലമുറയെ പൂര്‍ണമായി ഒഴിവാക്കുക മാത്രമല്ല, മോഡി വിരുദ്ധര്‍ക്കുള്ള ശക്‌തമായ താക്കീതു കൂടിയായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും മോഡിക്കു കീഴിലായതോടെ ആര്‍.എസ്‌.എസിനും ഇപ്പോള്‍ പരിമിതമായ റോള്‍ മാത്രമേയുള്ളൂ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.