ബംഗളുരു: കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിനെതിരേ കര്‍ണാടക പോലീസ് മാനഭംഗത്തിനും വഞ്ചനാക്കുറ്റത്തിനും കേസെടുത്തു. മോഡലും നടിയുമായ മൈത്രേയ നല്‍കിയ പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 376, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. കുടകിലെ കുശാല്‍നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി കാര്‍ത്തിക്കിന്റെ വിവാഹനിശ്‌ചയം നടത്തിയതിനു തൊട്ടുപിന്നാലെയാണു നടി പരാതിയുമായി പോലീസിനെയും സംസ്‌ഥാന വനിതാ കമ്മിഷനെയും മറ്റും സമീപിച്ചത്.
കഴിഞ്ഞ മേയ് മുതല്‍ കാര്‍ത്തിക്കുമായി ബന്ധമുണ്ടായിരുന്നെന്നും ജൂണ്‍ അഞ്ചിനു മംഗലാപുരത്തെ വീട്ടില്‍വച്ചു രഹസ്യമായി വിവാഹം കഴിച്ചെന്നുമാണു പരാതിയിലുള്ളത്. ഇക്കാര്യം പ്രാദേശിക ചാനലുകളോടായിരുന്നു വെളിപ്പെടുത്തിയത്. ഇതിനു തെളിവായി യുവതി ഫോട്ടോ ഹാജരാക്കി. എന്നാല്‍, ഇതു മോര്‍ഫ് ചെയ്‌തതാണെന്നാണു വിവാഹവാര്‍ത്ത നിഷേധിച്ച കാര്‍ത്തിക്കിന്റെ പ്രതികരണം.
താന്‍ വിവാഹം കഴിച്ചതു കാര്‍ത്തിക്കിന്റെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണെന്നു നടി പറഞ്ഞു. കാര്‍ത്തിക്കിന്റെ സുഹൃത്തുക്കള്‍ അയച്ചു തന്നതാണു ഫോട്ടോയെന്നും അവര്‍ പറഞ്ഞു. ജൂലൈ 25 മുതല്‍ കാര്‍ത്തിക് തന്നോട് അകലം പാലിച്ചെന്നും മൈത്രേയ ആരോപിക്കുന്നു. നടിയുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു കാര്‍ത്തിക് പറഞ്ഞു.
ഇതു കള്ളക്കേസാണെന്നും ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നും മന്ത്രി സദാനന്ദഗൗഡ കൊച്ചിയില്‍ പറഞ്ഞു.








