Home » » ഗവര്‍ണറെ നിയമിക്കുന്നതില്‍ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഗവര്‍ണറെ നിയമിക്കുന്നതില്‍ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Written By Unknown on Sunday, 31 August 2014 | 23:46

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഗവര്‍ണറെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മൂന്നോ നാലോ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേന്ദ്രം തന്റെ അഭിപ്രായം വിളിച്ചു ചോദിച്ചിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെ അഭിപ്രായം തേടിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് അഭിപ്രായം ചോദിച്ചാല്‍ അപ്പോള്‍ പറയും. അല്ലാതെ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റീസ് സദാശിവം ഗവര്‍ണറാകുന്നതില്‍ വിമര്‍ശനം ഉന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന വ്യക്തിയെ താഴ്ന്ന പദവിയില്‍ നിയമിക്കുന്നത് ശരിയല്ലെന്നായിരുന്നു വിമര്‍ശനം.

ജസ്റ്റീസ് സദാശിവത്തിന്റെ നിയമനം കീഴ്‌വഴക്കങ്ങളുടെ ലംഘനമാകുമെന്ന് ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷനും ചൂണ്ടിക്കാട്ടി. മൂല്യങ്ങള്‍ക്ക് നിരക്കാത്ത നടപടിയാണിത്. എതിര്‍പ്പ് നേരിട്ട് രാഷ്ട്രപതിയെ അറിയിക്കുമെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ ആദിഷ് സി. അഗര്‍വാള്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.