കൊല്ലം: മദ്യലഹരിയില്‍ ഒന്‍പതാം ക്ലാസുകാരന് ക്രൈം ബ്രാഞ്ച് സിഐയുടെ ക്രൂരമര്‍ദ്ദനം. കുണ്ടറ പടപ്പക്കര സുശില വിലാസത്തില്‍ മത്സ്യത്തൊഴിലാളിയായ സാര്‍ട്ടന്റെ മകന്‍ സനൂപിനാണ് മര്‍ദ്ദനമേറ്റത്. ബാലനെ പരുക്കുകളോടെ കുണ്ടറ കാഞ്ഞിരകോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോട്ടയം ക്രൈംബ്രാഞ്ച് സിഐ അനില്‍ കുമാറാണ് സനൂപിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് പുറമെ ബാലനെ സിഗരറ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിച്ചതായും മാതാപിതാക്കള്‍ പറഞ്ഞു. കടയിലേക്ക് പോകുകയായിരുന്ന സനൂപിന്റെ ദേഹത്ത് സിഐ സിഗരറ്റ് കൊണ്ട് കുത്തുകയും തുടര്‍ന്ന് ബാലനെ നിലത്തിട്ട് വയറ്റില്‍ ചവിട്ടുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്‌തു. അനിലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇടപെട്ടാണ് സനൂപിനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്ത് കുണ്ടറ പോലീസ് എത്തിയാണ് സനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം വിവദമായതോടെ അനില്‍ കുമാറിനെതിരെ കേസെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.








