തിരുവനന്തപുരം: ബി.ജെ.പി സംസ്‌ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്തെ തോല്‍വിക്ക് കാരണം സംസ്‌ഥാന നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്നും കോട്ടയം സീറ്റ് പേമെന്റ് സീറ്റാണെന്നും സംസ്‌ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതിനു കാരണം സംസ്‌ഥാന നേതൃത്വത്തിന്റെ പിടിപ്പ് കേടാണ്. പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഒരു ദിവസം മാത്രമേ നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിനെത്തിയുളളൂ. കാസര്‍കോഡ് ഒരു വര്‍ഷം മുന്‍പേ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ മൂന്ന് മാസം മുന്‍പ് മാത്രമാണ് തിരുവനന്തപുരത്ത് പ്രചാരണം ആരംഭിച്ചത്. അതുകാരണം വിചാരിച്ച പല സ്‌ഥലങ്ങളിലും നേട്ടമുണ്ടാക്കാനായില്ല. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നായിരുന്നു സംസ്‌ഥാന ഘടകത്തിന്റെ നിലപാട് എന്നാല്‍ അത് യഥാസമയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിനു കഴിഞ്ഞില്ല.
കോട്ടയത്ത് സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയത് ജില്ലാ നേതൃത്വം അറിയാതെയാണ്. കോട്ടയത്തെ സ്‌ഥാനാര്‍ഥിയായിരുന്ന നോബിള്‍ മാത്യുവിന്റേത് പെയ്‌മെന്റ് സീറ്റാണെന്നും ആരോപണമുയര്‍ന്നു. ഒ.രാജഗോപാലിനെ ഗവര്‍ണറാക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാനായില്ല. ദേശീയ ഭരവാഹികളില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകാത്ത സ്‌ഥിതി വന്നത് സംസ്‌ഥാന നേതൃത്വത്തിന്റെ പിടിപ്പ് കേടാണ്. കെ.എം മാണിക്കെതിരായ ലേഖനം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കേരളത്തില്‍ മൂന്നാം ബദല്‍ എന്ന ആശയത്തിന്‍ മേല്‍ ബി.ജെ.പിയുടെ നിലപാട് വ്യക്‌തമായി പ്രഖ്യാപിക്കണമെന്നും സംസ്‌ഥാന സമിതിയോഗത്തില്‍ അഭിപ്രായമുണ്ടായി.







