തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിയില്‍ ആരോപണവിധേയരായ വി.വി.ഐ.പികള്‍ കേസില്‍നിന്നു വഴുതുന്നു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതിചേര്‍ത്ത് കേസ് രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ലെന്ന ശിപാര്‍ശ വിജിലന്‍സ് മുഖ്യ ഉപദേഷ്‌ടാവ് രണ്ടുദിവസത്തിനകം സര്‍ക്കാരിനു സമര്‍പ്പിക്കും. മുഖ്യമന്ത്രിക്കു ഗൂഢാലോചനയില്‍ പങ്കില്ലെന്നു വ്യക്‌തമാക്കുന്ന വിജിലന്‍സ് ജഡ്‌ജിയുടെ വിധിന്യായത്തില്‍, ഉന്നതരാഷ്‌ട്രീയനേതാക്കളെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള നിയമോപദേശമാണു വിജിലന്‍സ് ഡയറക്‌ടറുടെ ചുമതലയുള്ള എ.ഡി.ജി.പി: വിന്‍സന്‍ എം. പോളിനു സമര്‍പ്പിക്കപ്പെടുക.
ഒരിക്കല്‍കൂടി പ്രാഥമികാന്വേഷണം നടത്തി, കൃത്യമായ തെളിവുകളുണ്ടെങ്കില്‍ മാത്രം മുഖ്യമന്ത്രിയടക്കമുള്ളവരെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റണമെന്നും ശിപാര്‍ശയുള്ളതായാണു സൂചന. നിയമോപദേശത്തില്‍ കൂടുതല്‍ വ്യക്‌തത വേണമെങ്കില്‍ നിയമവകുപ്പ് സെക്രട്ടറിയേയും അഡ്വക്കേറ്റ് ജനറലിനേയും സമീപിക്കും. വിജിലന്‍സ് പ്രത്യേക ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നു മാത്രമാണു വ്യക്‌തമാക്കുന്നത്. അദ്ദേഹത്തെ പ്രതിചേര്‍ക്കണമെന്ന നിര്‍ദേശം ഉത്തരവിലില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിക്കു ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിരീക്ഷണവുമുണ്ട്. എന്നാല്‍, ടൈറ്റാനിയം ഡയറക്‌ടര്‍ ബോര്‍ഡിലെ മുഴുവന്‍ ഉദ്യോഗസ്‌ഥരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ടൈറ്റാനിയം കേസ് പുനരന്വേഷണത്തിനുള്ള ഉത്തരവില്‍ അവ്യക്‌തതയുള്ളതിനാലാണു വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ഡി.പി) ജി. ശശീന്ദ്രനില്‍നിന്നു റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചത്. ഗൂഢാലോചനയില്‍ പങ്കാളിയല്ലെന്നു കോടതിതന്നെ ചൂണ്ടിക്കാട്ടിയയാളെ എങ്ങനെ പ്രതിചേര്‍ക്കുമെന്ന ആശയക്കുഴപ്പമാണു വിജിലന്‍സ് വകുപ്പിലെ ഉന്നതര്‍ ഉന്നയിക്കുന്നത്. വിജിലന്‍സ് ആസ്‌ഥാനത്തു ചേര്‍ന്ന ഉന്നതതലയോഗത്തിലും ഇൗ ആശങ്ക പ്രതിഫലിച്ചു. മുഖ്യമന്ത്രിക്കു പുറമേ രമേശ് ചെന്നിത്തലയേയും ഇബ്രാഹിംകുഞ്ഞിനെയും കേസുമായി ബന്ധപ്പെടുത്താന്‍ വിജിലന്‍സിന്റെ പക്കല്‍ തെളിവുകളില്ല.
ഡി.ഡി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുക എന്ന മാര്‍ഗമാണു തല്‍കാലം വിജിലന്‍സിനു മുന്നിലുള്ളത്. ഇക്കാര്യം വിജിലന്‍സ് ഡയറക്‌ടര്‍ ആഭ്യന്തരമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. അന്വേഷണച്ചുമതല താന്‍ ഏറ്റെടുക്കണമെങ്കില്‍ നിയമോപദേശത്തിന്റെ പിന്‍ബലം കൂടിയേതീരൂവെന്ന നിലപാടാണു വിന്‍സന്‍ എം. പോള്‍ കൈക്കൊണ്ടത്. ആഭ്യന്തരമന്ത്രിയടക്കമുള്ളവരെ പ്രതി ചേര്‍ത്തുള്ള അന്വേഷണം ദുഷ്‌കരമാകുമെന്നതും വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കുന്നു. അതേസമയം, കേസിന്റെ അന്വേഷണം എ.ഡി.ജി.പി: ജേക്കബ് തോമസിനെ ഏല്‍പ്പിക്കേണ്ടതില്ലെന്നും തീരുമാനമായി.







