തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണത്തിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നു വിജിലന്‍സ് കോടതി. കേസില്‍ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയ സമയത്തു മൂവരും ഔദ്യോഗികസ്‌ഥാനങ്ങള്‍ വഹിച്ചിരുന്നില്ല. അതിനാല്‍, മുന്‍കൂര്‍ അനുമതിയുടെ പരിരക്ഷയ്‌ക്ക് അര്‍ഹരല്ല. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ടൈറ്റാനിയം കേസില്‍ ബാധകമല്ലെന്നും പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പിനു കീഴിലാണു പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ്. ബോര്‍ഡിനു പദ്ധതിയില്‍ അമിതതാല്‍പര്യമുള്ളതായി സംശയമുണ്ട്. അത്തരത്തിലൊരു അന്വേഷണം നടന്നിട്ടുമില്ല. ബോര്‍ഡിന്റെ അനുമതിക്കു മുമ്പ് സുപ്രീംകോടതി നിരീക്ഷണസമിതി അധ്യക്ഷന്‍ ഡോ. ത്യാഗരാജനു മുഖ്യമന്ത്രി കത്തയച്ചു എന്നതിനാല്‍ ഗൂഢാലോചനയിലെ പങ്ക് സംശയിക്കാനാവില്ല. ബോര്‍ഡ് യാതൊരു പഠനവും നടത്തിയില്ല. സാങ്കേതികവിദഗ്‌ധരുമായി പദ്ധതിയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്‌തില്ല. കുറഞ്ഞ ചെലവില്‍ മാലിന്യനിര്‍മാര്‍ജനം സാധ്യമാക്കാമെന്ന ഫാക്‌ട് എന്‍ജിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് തള്ളിയതിനെക്കുറിച്ചും ബോര്‍ഡ് മൗനം പാലിക്കുന്നു. ഇതെല്ലാം വിലയിരുത്തുമ്പോള്‍ പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ പ്രവൃത്തികള്‍ സംശയകരമാണ്.
ബോര്‍ഡ് പദ്ധതിക്ക് അനുമതി നല്‍കിയതുവഴി ടൈറ്റാനിയത്തിനു 100 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായതായി കോടതി വിലയിരുത്തി. 1980-ലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ പഠന റിപ്പോര്‍ട്ട്, 1998-ലെ ഫാക്‌ട് എന്‍ജിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്, ദാമോദരന്‍ കമ്മിറ്റിയുടെ സാങ്കേതിക പഠന റിപ്പോര്‍ട്ട് ഇവയെല്ലാം പരിശോധിക്കുമ്പോള്‍ 10.81 കോടിക്ക് മാലിന്യനിര്‍മാര്‍ജനം സാധ്യമാക്കാമായിരുന്നു. രണ്ടാംഘട്ടപദ്ധതിക്ക് ആവശ്യമായ യന്ത്രസാമഗ്രികളാണു മെക്കോണ്‍ ആദ്യം ഇറക്കുമതി ചെയ്‌തത്. നാളുകള്‍ കഴിഞ്ഞതിനാല്‍ 256 കോടിയുടെ പദ്ധതി പുനഃസ്‌ഥാപിക്കാന്‍441 കോടി ആവശ്യമാണെന്നും മെക്കോണ്‍ ടൈറ്റാനിയത്തെ അറിയിച്ചു. തുടര്‍ന്ന് ഉയര്‍ന്ന പദ്ധതിച്ചെലവു മൂലം പദ്ധതി പിന്‍വലിച്ച ഇനത്തിലാണു ടൈറ്റാനിയം കമ്പനിക്കു 100 കോടി നഷ്‌ടമായത്. കേസില്‍ പ്രഥമദൃഷ്‌ട്യാ അഴിമതി നടന്നതായി കോടതി നിരീക്ഷിച്ചു. ഉമ്മന്‍ ചാണ്ടിയടക്കം എതിര്‍കക്ഷികള്‍ക്കെതിരേ അന്വേഷണം നടത്തി എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാനും നാലുമാസത്തിലൊരിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് ഡയറക്‌ടറോടു കോടതി നിര്‍ദേശിച്ചു.








