കൊല്‍ക്കൊത്ത: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ മിത്രമോ ഇല്ലെന്ന ചൊല്ല് വീണ്ടും അന്വര്‍ഥമാകുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് മുഖ്യശത്രുവായ സിപിഎമ്മിനോട് നേരിയ ചായ്‌വ് പ്രകടമാക്കി രംഗത്തുവന്നത്. ആരുമായി തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ മമത സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നാല്‍ അത് പരിഗണിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാണെന്ന് മമത ബാനര്‍ജി പറഞ്ഞു.
ബിഹാറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരന്ന ആര്‍.െജ.ഡി- ജെഡിയു -കോണഗ്രസ് സഖ്യത്തെ അഭിനന്ദിച്ച മമത അത്തരമൊരു സാഹചര്യം തന്റെ സംസ്ഥാനത്തു വന്നാലും താനും സമാനരീതിയില്‍ ചിന്തിക്കുമെന്ന് വ്യക്തമാക്കി. ലാലു പ്രസാദിനെയും നിതീഷ് കുമാറിനെയും കോണ്‍ഗ്രസിനെയും താന്‍ അഭിനന്ദിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്തരമൊരു നീക്കം നടത്തിയതെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നു. അത്തരമൊരു സാഹചര്യം ബംഗാളിലുമുണ്ടായാല്‍ താനും ആരെയും മാറ്റിനിര്‍ത്തില്ല. ഒരു ബംഗാളി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ ചില ചെറിയ കക്ഷികളുമായി തന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയതും മമത ചൂണ്ടിക്കാട്ടി. സഖ്യ ആലോചനയുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. ജനാധിപത്യത്തില്‍ ചര്‍ച്ചയ്ക്ക് ആരുടെയും മുന്‍പില്‍ വാതിലുകള്‍ അടയ്ക്കില്ല. ആധുനിക കാലത്ത് ആര്‍ക്കും സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ജനാഭിമുഖവും സമാധാനപരവും വികസനോത്മുഖവുമായ ഏതു സാധ്യതയും പരിഗണിക്കും
.
സിപിഎമ്മുമായി തൃണമൂല്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുമോ എന്ന ചാനലിന്റെ ചോദ്യത്തിന് അതു തനിക്ക് പറയാനാവില്ല, എന്നാല്‍ അത്തരം ആലോചന വന്നാല്‍ അതു പരിഗണിക്കും. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. തന്നെ ഇടതുപക്ഷക്കാരിയായി ആരെങ്കിലും പരിഗണിച്ചാലും പ്രശ്‌നമില്ല. ഇടതുപക്ഷത്തെ താന്‍ വെറുക്കുന്നില്ല. അവരിലും നല്ലവരായി അനേകം ആളുകളുണ്ട്. എന്നാല്‍ ഇടതുപക്ഷം, വലതുപക്ഷമെന്ന് മുദ്രകുത്തുന്നതിനു പകരം, പുരോഗമന, വികസനോത്മുഖ, ജനകീയ നേതാവായി അറിയപ്പെടാനാണ് താല്‍പര്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ എല്ലാ നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ രണ്ടു സീറ്റാണ് അവര്‍ക്കു കിട്ടിയത്. ബിജെപിയുടെ വളര്‍ച്ചയില്‍ ആകുലതയില്ല. 2009ലും അവര്‍ ബംഗാളില്‍ ഒരു സീറ്റ് നേടിയിരുന്നു. അധികമായി കിട്ടിയ ഒരു സീറ്റ് അവരെ അഹങ്കാരികളാക്കിയെന്നും മമത കുറ്റപ്പെടുത്തി.
സായുധ നീക്കത്തിലൂടെ ബിജെപിയുടെ വളര്‍ച്ച. മാവോയിസ്റ്റുകളെ ഇളക്കിവിട്ടും വര്‍ഗീയ കലാപത്തിന് ശ്രമിച്ചുമാണ് അവരുടെ വളര്‍ച്ച. എന്നാല്‍ ഇത്തരം കലാപങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ചോരയും ജീവനും നല്‍കി അവയെ പ്രതിരോധിക്കുമെന്നും മമത പറഞ്ഞു.
എന്നാല്‍ മുന്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന കാര്യം ചാനല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എ.ബി വാജ്‌പേയിയുടെ കീഴിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു മമതയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ ബിജെപിക്ക് വാജ്‌പേയി, അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ താല്‍പര്യമില്ല. അവര്‍ക്ക് പുതിയ ടീമായി. എന്നാല്‍ അവര്‍ ചെയ്യുന്നത് രാഷ്ട്രീയം ദുഷിപ്പിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നും മമത വ്യക്തമാക്കി.








