Home » » പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സുധീരനും ബാബുവും കൊമ്പുകോര്‍ക്കുന്നു.

പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സുധീരനും ബാബുവും കൊമ്പുകോര്‍ക്കുന്നു.

Written By Unknown on Wednesday, 10 September 2014 | 17:57

തിരുവനന്തപുരം: പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി.പ്രസിഡന്റ്‌ സുധീരനും എക്‌സൈസ്‌ മന്ത്രി ബാബുവും കൊമ്പുകോര്‍ക്കുന്നു. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കില്ലെന്ന്‌ സുധീരനും അനുവദിക്കാന്‍ തടസമില്ലെന്നു മന്ത്രി ബാബുവും നിലപാട്‌ എടുത്തതോടെ ബാറില്‍ തുടങ്ങിയ തര്‍ക്കം ബിയറില്‍ നുരഞ്ഞുപൊന്തി.

മദ്യനയം പുനഃപരിശോധിക്കില്ലെന്നു സുധീരന്‍ അസന്ദിഗ്‌ധമായി ഇന്നലെ വ്യക്‌തമാക്കി. മദ്യനയം രൂപപ്പെടുത്തിയ യു.ഡി.എഫ്‌. നേതൃയോഗമാണു കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണ്ടെന്നുവച്ചതെന്നും ഇവ പുതുതലമുറയെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കുമെന്ന കാരണത്താലായിരുന്നു തീരുമാനമെന്നും കെ.പി.സി.സി. ഭാരവാഹിയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ സുധീരന്‍ പറഞ്ഞു.

എന്നാല്‍, മുഖ്യമന്ത്രി നല്‍കിയിട്ടുള്ള മാര്‍ഗരേഖയില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിനു തടസമില്ലെന്നു മന്ത്രി ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്‌തിപരമായ നിലപാടുണ്ട്‌. എന്നാല്‍ നടപ്പാക്കുന്നതു സര്‍ക്കാരും പാര്‍ട്ടിയും അംഗീകരിച്ച നയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ആഗ്രഹിച്ച മദ്യനയം നടപ്പിലാക്കിയ മന്ത്രിയെന്ന നിലയിലാകും തന്നെ ചരിത്രം രേഖപ്പെടുത്തുക. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വ്യാജമദ്യത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. വ്യാജമദ്യം തടയാന്‍ നിലവില്‍ എക്‌സൈസ്‌ വകുപ്പ്‌ സജ്‌ജമല്ലെന്നും മന്ത്രി കെ. ബാബു ആവര്‍ത്തിച്ചു.

ഇന്നു യു.ഡി.എഫ്‌. യോഗം ചേരാനിരിക്കെ ഉയര്‍ന്ന പുതിയ തര്‍ക്കം മദ്യവിഷയം ഒന്നുകൂടി വഷളാക്കിയിട്ടുണ്ട്‌. മദ്യനയം തിരക്കുപിടിച്ചെടുത്തതാണെന്നും മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമാണെന്നും ഉള്ള വാദഗതികളോട്‌ യോജിപ്പില്ലെന്ന്‌ സുധീരന്‍ വ്യക്‌തമാക്കി. പൊതുസമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമാണിത്‌. ഇതുമായി ശക്‌തമായി മുന്നോട്ടുപോകും. ഇന്നു ചേരുന്ന യു.ഡി.എഫ്‌. യോഗം മദ്യനയവുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ ചര്‍ച്ചചെയ്യും. മദ്യനയം പരാജയപ്പെടുത്താന്‍ ആഗോള മദ്യക്കുത്തകകള്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌. പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മദ്യക്കമ്പനികളെ ഞെട്ടിച്ചിരിക്കുകയാണ്‌. ഇതു പരാജയപ്പെടുത്താനാണു രാജ്യാന്തരതലത്തില്‍ പ്രചാരണം നടത്തുന്നത്‌. മദ്യനയം സംബന്ധിച്ച്‌ യു.ഡി.എഫില്‍ ആശയക്കുഴപ്പമില്ല. പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ്‌ ഇപ്പോഴത്തെ നടപടികള്‍. അതുകൊണ്ട്‌ മദ്യനയം പുനഃപരിശോധിക്കില്ല. ഘടകകക്ഷികള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ ഏതുസാഹചര്യത്തിലാണെന്ന്‌ അറിയില്ലെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയം നടപ്പാക്കുന്നതിലൂടെയുണ്ടാവുന്ന സാമ്പത്തികബുദ്ധിമുട്ട്‌ പ്രശ്‌നമല്ലെന്ന്‌ കെ.എം. മാണി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. മദ്യ ഉപഭോഗത്തിലൂടെയുണ്ടാവുന്ന ദൂഷ്യവശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതു നഷ്‌ടമല്ല. മദ്യവില്‍പനയിലൂടെയുള്ള വരുമാനം സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്നു മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്‌ഥാനമിതാണ്‌. മദ്യനയം നടപ്പാക്കുന്നതില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയാണ്‌. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ മദ്യനയത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. വേണമെങ്കില്‍ എല്ലാവരെയും വിളിച്ച്‌ ചര്‍ച്ചചെയ്യണം. ഭരണം മാറിയാല്‍ മദ്യനയം തുടരുമോയെന്ന ചോദ്യത്തിന്‌ അടുത്ത ഭരണം യു.ഡി.എഫിന്റേതാണെന്ന ഉറച്ച വിശ്വാസമുണ്ടെന്നായിരുന്നു സുധീരന്റെ മറുപടി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.