കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് കിഴക്കേ കതിരൂരിലെ മനോജ്‌കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം. നേതാക്കളിലേക്കും. അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നാലു സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു നോട്ടീന് സല്‍കി. രണ്ട് ഏരിയാ കമ്മിറ്റികള്‍ക്കു കീഴിലുള്ള ഉക്കാസ്‌മൊട്ട, കിഴക്കേ കതിരൂര്‍, കതിരൂര്‍ വെസ്‌റ്റ്, ഡയമണ്ട് മുക്ക് ബ്രാഞ്ചുകളിലെ സെക്രട്ടറിമാരായ സജിത്ത്, സുനില്‍, സുനില്‍, ബിജു എന്നിവര്‍ക്കാണ് ഇന്ന് അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
അതേസമയം, സംഭവത്തില്‍ പാര്‍ട്ടി ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ന്യായീകരിച്ചു സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തുവന്നതോടെ അന്വേഷണത്തോട് സി.പി.എമ്മിന്റെ ഔദ്യോഗികസമീപനം ഏറെക്കുറെ വ്യക്‌തമായി. ആര്‍.എസ്.എസ്. നേതാവ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്കു വിടാനുള്ള തീരുമാനം രാഷ്‌്രടീയലക്ഷ്യത്തോടെയുള്ളതാണെന്നു പിണറായി ആരോപിച്ചു.
സര്‍ക്കാരിന്റെ ജനാധിപത്യ/നിയമവിരുദ്ധനയങ്ങളും വിധേയത്വവുമാണിതു തുറന്നുകാട്ടുന്നത്. കേസില്‍ യു.എ.പി.എ. എന്ന കരിനിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തത് ഇതിനു തെളിവാണ്. ചടയന്‍ ഗോവിന്ദന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണു പിണറായിയുടെ ഈ വിമര്‍ശനം. കണ്ണൂരിലെ ഒരു കൊലപാതക കേസില്‍ നിയമത്തിന്റെയോ സാഹചര്യങ്ങളുടെയോ പിന്തുണയില്ലാതെതന്നെ, യു.എ.പി.എ. എന്ന കരിനിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ത്തതും അതിന്റെ മറവില്‍ അന്വേഷണം സി.ബി.ഐക്കു വിടാന്‍ തീരുമാനിച്ചതും, സര്‍ക്കാരിന്റെ രാഷ്‌ട്രീയലക്ഷ്യം വച്ചുള്ള ജനാധിപത്യവിരുദ്ധ-നിയമവിരുദ്ധരീതികളെയും ചില വിധേയത്വങ്ങളെയുമാണു കാണിക്കുന്നത്- പിണറായി ലേഖനത്തില്‍ ആരോപിക്കുന്നു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌ത സാധാരണ അക്രമസംഭവമാണു കതിരൂരിലെ ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകമെന്നും എന്നാല്‍ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഫലമാണു സി.ബി.ഐ. അന്വേഷണവും യു.എ.പി.എ. വകുപ്പു ചുമത്തിയതുമെന്നായിരുന്നു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാദം. ഈ നിലപാട് ഊട്ടിയുറപ്പിക്കുന്നതാണു പിണറായിയുടെ ലേഖനം. മനോജ് വധം സി.പി.എമ്മിനു ദേശീയതലത്തില്‍തന്നെ മറ്റൊരു രാഷ്‌ട്രീയതിരിച്ചടിയായെന്ന വിലയിരുത്തല്‍ കേന്ദ്രനേതൃത്വത്തിനും സംസ്‌ഥാനനേതൃത്വത്തില്‍ ചിലര്‍ക്കുമുള്ളപ്പോഴാണു പിണറായിയുടെ ഈ നിലപാട്. കതിരൂര്‍ കൊലപാതകക്കേസില്‍ ആദ്യമായാണു സി.പി.എമ്മിന്റെ ഉന്നതനേതൃത്വം ജില്ലാനേതൃത്വത്തെ അനുകൂലിച്ചു പ്രതികരിക്കുന്നതും.
കൊലപാതകത്തെ അഭിനന്ദിച്ചു ഫേസ്‌ബുക്കില്‍ പ്രതികരിച്ച പി. ജയരാജന്റെ മകനെതിരേ പോലീസ് കേസെടുത്തതു സ്വാഭാവികനടപടിയെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ടതെങ്കിലും സംസ്‌ഥാനനേതൃത്വം അതു സംബന്ധിച്ചോ പിന്നീടുള്ള പോലീസ് നടപടിയെക്കുറിച്ചോ പ്രസ്‌താവനയിറക്കാന്‍പോലും തയാറായിരുന്നില്ല. മനോജ് കൊല്ലപ്പെട്ട ദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുണ്ടായിരുന്നെങ്കിലും പിറ്റേന്നാണ് ഒറ്റവരി പ്രസ്‌താവനയിറക്കിയത്. സംസ്‌ഥാന സെക്രട്ടറിതന്നെ ഇപ്പോള്‍ നിലപാട് വ്യക്‌തമാക്കിയതിലൂടെ സി.പി.എം. ഈ കേസിലും നിയമവഴി തേടുമെന്ന സൂചനയുണ്ട്. സി.പി.എം. സാന്ത്വനപരിചരണരംഗത്തുവരെ സജീവമായിരിക്കേ, മനോജ് വധം തിരിച്ചടിയായെന്ന നിലപാടാണു സംസ്‌ഥാന-കേന്ദ്രനേൃത്വത്തിനുള്ളത്. ഇന്നു ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാകും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും കൊലപാതകത്തിനെതിരായ വികാരമാണുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസിനുശേഷമുണ്ടായ ഈ സംഭവത്തിലും സി.പി.എമ്മിനു പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനേത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്‌ഥാനനേതൃത്വത്തോടു റിപ്പോര്‍ട്ട് തേടിയിരുന്നു. മനോജ് വധിക്കപ്പെട്ട അന്നുമുതല്‍ നാട്ടില്‍നിന്ന് അപ്രത്യക്ഷരായ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരോടാണു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പലതവണ വിളിച്ചെങ്കിലും സ്വിച് ഓഫാണ്.
ഒളിവില്‍പോയവരില്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയാണു കൊലയാളിസംഘത്തെ ഏകോപിപ്പിച്ചതെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. കൊലപാതകത്തിനു മുമ്പ് ഇന്റര്‍നെറ്റ് മുഖേനയുള്ള ഫോണ്‍ കോളുകള്‍ ഇയാളുടെ മൊബൈല്‍ നമ്പറിലേക്കെത്തിയിട്ടുണ്ട്. ഈ വിളികളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് ഗൂഗിളിന്റെ സഹായം തേടാന്‍ ആലോചിക്കുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നവരുമായി ഈ ബ്രാഞ്ച് സെക്രട്ടറി ബന്ധപ്പെട്ടിരുന്നു.
കൊലപാതകം നടന്ന ഉക്കാസ്‌മൊട്ട ടവറിനു കീഴില്‍ വന്ന മൊബൈല്‍ കോളുകള്‍ പരിശോധിക്കാന്‍ ഒരു സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. പ്രതിപ്പട്ടികയിലുള്ള സി.പി.എം. പ്രവര്‍ത്തകന്‍ വിക്രമന്, കൊലപാതകത്തിനിടെ പരുക്കേറ്റെന്ന സൂചനയുടെ അടിസ്‌ഥാനത്തിലും ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
കൊലപാതകത്തിനുശേഷം വിക്രമനു രക്ഷപ്പെടാന്‍ ചില സ്‌ത്രീകളുടെ സഹായവും ലഭിച്ചു. പരുക്കേറ്റ ഇയാള്‍ പ്രഥമശുശ്രൂഷയ്‌ക്കായി ഏതെങ്കിലും ഡോക്‌ടറെ സമീപിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. വിക്രമന്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാനുള്ള സാധ്യതയുമുണ്ട്.








