ന്യൂഡല്‍ഹി: പശ്‌ചിമഘട്ടസംരക്ഷണം സംബന്ധിച്ചു കേന്ദ്രവനം-പരിസ്‌ഥിതി മന്ത്രാലയത്തിനു വീണ്ടും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശനം . പശ്‌ചിമഘട്ടസംരക്ഷണത്തില്‍ വ്യക്‌തമായ നയമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങളെ തമാശയായിട്ടാണോ എടുക്കുന്നതെന്നു ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് സ്വതന്തര്‍കുമാര്‍ ചോദിച്ചു.
കസ്‌തൂരിരംഗന്‍ ഒഴിവാക്കിയ മേഖലകളെ എങ്ങനെ സംരക്ഷിക്കും?, പരിസ്‌ഥിതി ലോലപ്രദേശങ്ങളായികണ്ടെത്തിയവതന്നെയാണോ അന്തിമവിജ്‌ഞാപനത്തിലുണ്ടാവുക?, പരിശോധനകള്‍ക്കുശേഷം പരിസ്‌ഥിതി ലോലപ്രദേശങ്ങള്‍ കുറയ്‌ക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ? എന്നീ കാര്യങ്ങളില്‍ ഒരാഴ്‌ചയ്‌ക്കകം മറുപടി നല്‍കാന്‍ പരിസ്‌ഥിതി സെക്രട്ടറിക്കു ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
തീരുമാനമെടുക്കുന്ന കാര്യത്തില്‍ വനം-പരിസ്‌ഥിതി മന്ത്രാലയം അലങ്കോല നിലപാടുകളാണു സ്വീകരിക്കുന്നതെന്നു ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി. കേസ് 22-നു വീണ്ടും പരിഗണിക്കും. പശ്‌ചിമഘട്ടസംരക്ഷണത്തിനു കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു നേരത്തേ കേന്ദ്രം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഗാഡ്‌ഗില്‍ സമിതി കണ്ടെത്തിയ പരിസ്‌ഥിതി ലോലപ്രദേശങ്ങളെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നു ട്രിബ്യൂണല്‍ ആരായുകയും ചെയ്‌തു. എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രത്തിന് ഇക്കാര്യത്തില്‍ മറുപടിയുണ്ടായിരുന്നില്ല.
പരിസ്‌ഥിതി ലോലപ്രദേശങ്ങളുടെ കാര്യത്തില്‍ സംസ്‌ഥാനങ്ങള്‍ക്കു മറുപടി നല്‍കാന്‍ രണ്ടുമാസത്തെ സമയം അനുവദിച്ചിരുന്നെന്നും എന്നാല്‍ കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ ഡിസംബര്‍ 15 വരെ സമയം നീട്ടി നല്‍കിയെന്നും കേന്ദ്രം ഇന്നലെ അറിയിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു പരാതി ബോധിപ്പിക്കാന്‍ മറ്റൊരു കരടുവിജ്‌ഞാപനം പുറപ്പെടുവിക്കാന്‍ തയാറാണെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി. എന്നാല്‍, പരിസ്‌ഥിതി ലോലപ്രദേശങ്ങള്‍ കണ്ടെത്താന്‍ കസ്‌തൂരിരംഗനും ഗാഡ്‌ഗിലും ഉപഗ്രഹസഹായമാണു തേടിയതെന്നും അതിനാല്‍ പുതുതായി സര്‍വേ പരിഗണിക്കുന്നുണ്ടെന്നും കേന്ദ്ര വനം-പരിസ്‌ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ നടത്തിയ പത്രക്കുറിപ്പ് ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്‍ ട്രിബ്യൂണലില്‍ ഹാജരാക്കി.
എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നു ട്രിബ്യൂണല്‍ ആരാഞ്ഞു. ഇക്കാര്യം പരിഗണനയിലുണ്ടെന്നു കേന്ദ്രം ആദ്യം വ്യക്‌തമാക്കിയെങ്കിലും പിന്നീടു തിരുത്തി. ഇതു ട്രിബ്യൂണലിനെ കൂടുതല്‍ പ്രകോപിപ്പിച്ചു.








