Home » » മദ്യ നയത്തിനെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ തള്ളി ഉമ്മൻ‌ചാണ്ടി

മദ്യ നയത്തിനെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ തള്ളി ഉമ്മൻ‌ചാണ്ടി

Written By Unknown on Tuesday, 9 September 2014 | 13:31

തിരുവനന്തപുരം: മദ്യ നയത്തിനെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ തള്ളി മുഖ്യമന്ത്രി. എതിരഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തില്‍നിന്നു പിന്നോട്ടില്ലെന്നു ലീഗും വ്യക്തമാക്കി. എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കേണ്ടെന്നാണു കെപിസിസി നേതൃത്വത്തിന്റെയും പക്ഷം. അതേ സമയം മദ്യനയത്തിനു യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരുമെന്നു വെള്ളാപ്പള്ളി നടേശന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ബാറുടമകളുടെ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കി. 

ഒരു സ്വകാര്യ ചാനലിലൂടെയുള്ള ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെ മുന്നണിയില്‍ നിന്നു  കുടൂതല്‍ നേതാക്കള്‍ രംഗത്തെത്തി. വരുമാന നഷ്ടം പ്രശ്നമല്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രി ഷിബു ബേബി ജോണിന്റെ എതിരഭിപ്രായവും മുഖ്യമന്ത്രി ഇന്നു തള്ളി. തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്തതാണെന്നും അവകാശപ്പെട്ടു. 

ബാറുകള്‍ പൂട്ടുന്നതു മൂലമുള്ള ധനനഷ്ടം നികത്താന്‍ പ്രയാസമില്ലെന്നാണു ലീഗിന്റെ അഭിപ്രായം. മദ്യനയം മുന്നണിയില്‍ എല്ലാവരും ചേര്‍ന്നെടുത്തതാണെന്നാണു മാണിക്കുള്ള മറുപടി. 

മദ്യനയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുക എന്നതാണ് കെപിസിസിയിലെയും ധാരണ. നയം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കെപിസിസി പ്രസിഡന്റ് പിന്തുണയറിയിച്ചിരുന്നു. വിഴുപ്പലക്കി തീരുമാനത്തിന്റെ ശോഭ കളയേണ്ടെന്നാണ് നേതൃത്വത്തിന്റെ പക്ഷം. നാളെയും മറ്റന്നാളുമായി ചേരുന്ന കെപിസിസി നേതൃയോഗം നയത്തിനു പിന്തുണ പ്രഖ്യാപിക്കും. നയത്തിലൂടെയുള്ള രാഷ്ട്രീയനേട്ടം ഉന്നമിട്ടുള്ള പ്രചാരണ പരിപാടികളും തീരുമാനിക്കും. എന്നാല്‍, വരുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വലിയ വില നല്‍കേണ്ടി വരുമെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ മുന്നറിയിപ്പ്. വലിയ ജനവിഭാഗത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ സിപിഎം മൗനം പാലിച്ചെന്നും ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തുന്നു. 

നയത്തിലുറച്ചു നിയമ പോരാട്ടങ്ങള്‍ക്കും സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാര്‍ വാദം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നാണ് ആവശ്യം. രണ്ട് മുതിര്‍ന്ന അഭിഭാഷകരെ വാദത്തിനായി നിയോഗിക്കാനാണു തീരുമാനം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.