വടകര: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നു കേരളത്തിലേക്കു മദ്യം കടത്തുന്നതു കടല്‍ മാര്‍ഗം. മദ്യ മാഫിയയുടെ പുതിയ നീക്കം എക്‌സൈസ് അധികൃതര്‍ക്കു തലവേദനയായി മാറിയിരിക്കുകയാണ്. മദ്യക്കടത്ത് തടയുന്നതിനുവേണ്ടി മാഹി കേന്ദ്രീകരിച്ച് എക്‌സൈസിന്റെ നേതൃത്വത്തില്‍ ശക്‌തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണു പുത്തന്‍ പരീക്ഷണം.
അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് പരിശോധന ശക്‌തമാക്കിയതോടെ റോഡ്, റെയില്‍ മാര്‍ഗമുള്ള മദ്യക്കടത്ത് ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് മദ്യമാഫിയ മദ്യക്കടത്തിനു പുതിയ മാര്‍ഗം തുറന്നിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകളിലാണ് മദ്യം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുക്കുന്നത്. എക്‌സൈസിന്റെ കണ്ണുവെട്ടിച്ചു കടത്താനുള്ള സുരക്ഷിത മാര്‍ഗമായാണ് മദ്യ മാഫിയ കടലിനെ ഉപയോഗിച്ചിരിക്കുന്നത്. വാടകയ്‌ക്കെടുത്ത ബോട്ടുകളില്‍ മാഹി പുഴയോരത്തെ വിജനമായ പ്രദേശങ്ങളില്‍ നിന്നാണു മദ്യം കയറ്റുന്നത്. ഇതു കടല്‍മാര്‍ഗം സംസ്‌ഥാനത്തിന്റെ വിവിധ ജില്ലകളിലെത്തിക്കുന്നു. ഈ തരത്തില്‍ ലിറ്റര്‍ കണക്കിനു വിദേശമദ്യമാണ് സംസ്‌ഥാനത്തെത്തുന്നത്. മാഹിയിലെ ചില ബാറുടമകളാണ് ഈ പുത്തന്‍ മാര്‍ഗത്തിന്റെ ഉപജ്‌ഞാതാക്കള്‍.
കടലില്‍ പട്രോളിങ്ങ് നടത്താനുള്ള ബോട്ടുകള്‍ എക്‌സൈസിന്റെ കൈവശമില്ലാത്തതാണ് കടത്തുകാര്‍ക്കു തുണയാകുന്നത്. മാഹി പുഴയില്‍ നിന്നു മദ്യവുമായി പോകുന്ന ബോട്ടുകള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ട അവസ്‌ഥയിലാണ് എക്‌സൈസ് സംഘം. മാഹി ടൗണില്‍ എക്‌സൈസിന്റെ ഷാഡോ ടീം സജീവമായി രംഗത്തുണ്ടെങ്കിലും കടല്‍ മാര്‍ഗമുള്ള മദ്യക്കടത്തു തടയാന്‍ കഴിയുന്നില്ല. സംസ്‌ഥാനത്ത് ആലപ്പുഴയില്‍ മാത്രമാണ് എക്‌സൈസിനു സ്‌പീഡ് ബോട്ടുകള്‍ ഉള്ളത്. വ്യാജ വാറ്റ് കൂടുതലായും തുരുത്തുകളിലും പുഴയോരങ്ങളിലുമാണു നടക്കുന്നത്. ഈ സാഹചര്യത്തില്‍ ബോട്ടുകളും ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനവും ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കടലില്‍ നിരീക്ഷണം നടത്താനുള്ള സംവിധാനങ്ങള്‍ എക്‌സൈസിന്റെ പക്കലില്ലാത്തതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ എക്‌സൈസ് കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. അതേസമയം മാഹിയില്‍ നിന്നു കടത്തുന്ന മദ്യം ഇറക്കുന്ന സ്‌ഥലങ്ങളെ ക്കുറിച്ചു എക്‌സൈസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ജനവാസമില്ലാത്ത ചില തീരപ്രദേശങ്ങളിലാണു മദ്യം എത്തിക്കുന്നത്. ഇവിടെ നിന്നു വാഹനങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളിലേക്കു മാറ്റുകയാണ് ചെയ്ുന്നത്.







