തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് മുഖമടച്ചു കിട്ടിയ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അധികാരത്തിലെത്തിയ നാള്‍ മുതല്‍ സോളാര്‍ കേസിലും സലീംരാജ് ഭൂമിയിടപാട് കേസിലും ഉള്‍പ്പെടെ കോടതികളില്‍ നിന്നും മുഖ്യമന്ത്രി നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പോലീസിനെ സ്വാധീനിച്ചും അന്വേഷണം അട്ടിമറിച്ചും കേസ് ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് കോടതി തള്ളിയത്.
തന്റെ ആരോപണങ്ങള്‍ സുപ്രീം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. താനടക്കമുള്ള പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ചോദ്യമാണ് കോടതിയും ഉന്നയിച്ചത്. മണ്ടനാകാതെ രാജിവച്ച് പോകുന്നതിന് മുഖ്യമന്ത്രിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണിത്. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ടൈറ്റാനിയം കേസിലും സമാനമായ തിരിച്ചടിയാണ് മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
രാജന്‍ കേസില്‍ കോടതിയില്‍ നിന്ന് പ്രതികൂലമായ പരാമര്‍ശം ഉണ്ടായപ്പോള്‍ കെ.കരുണാകരന്‍ രാജിവച്ച സാഹചര്യം ഉമ്മന്‍ ചാണ്ടി ഓര്‍ക്കണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.








