Home » »

Written By Unknown on Monday, 1 September 2014 | 18:48

തലശേരി: ആറു ദിവസത്തിനിടെ കണ്ണൂരില്‍ വീണ്ടും രാഷ്‌ട്രീയ കൊലപാതകം. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്‌.എസ്‌. ജില്ലാ നേതാവിനെ ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആര്‍.എസ്‌.എസ്‌. ജില്ലാ ശാരീരിക്‌ ശിക്ഷക്‌ പ്രമുഖായ കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ്‌ കുമാറാ(42)ണ്‌ കൊല്ലപ്പെട്ടത്‌.  രാവിലെ 11.15- നായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ വള്ളങ്ങാട്ടെ കൊഴപ്രത്ത്‌ പ്രമോദിനു(35) ബോംബേറില്‍ പരുക്കേറ്റിട്ടുണ്ട്‌. ഇയാളെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രാവിലെ വീട്ടില്‍ നിന്നു വാഹനത്തില്‍ കണ്ണൂരിലേക്കു പുറപ്പെട്ടതായിരുന്നു മനോജ്‌. ഉക്കാസ്‌ മൊട്ടയില്‍ വച്ച്‌ വാഹനത്തിനു നേരേ ആദ്യം ബോംബെറിയുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികില്‍ മതിലില്‍ ഇടിച്ചു നിന്നു. ഉടന്‍ ഒരു സംഘം മനോജിനെ വെട്ടുകയായിരുന്നു. പിന്നീട്‌ സംഘം വാഹനത്തില്‍ കയറി രക്ഷപെട്ടു. ഓടിക്കൂടിയവര്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിനും തലയ്‌ക്കും ഇടതുകാലിനും മനോജിനു മാരകമായി വെട്ടേറ്റിരുന്നു.

15 വര്‍ഷം മുമ്പു തിരുവോണ നാളില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണു മനോജ്‌. ഈ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. സി.പി.എമ്മുകാരാണു കൊലപാതകത്തിനു പിന്നിലെന്ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി. നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌  രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സംസ്‌ഥാനത്തു ഹര്‍ത്താലിന്‌ ആര്‍.എസ്‌.എസ്‌- ബി.ജെ.പി. നേതൃത്വം ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

കിഴക്കേ കതിരൂരിലെ ചാത്തുക്കുട്ടി-രാധ ദമ്പതികളുടെ മകനാണു മനോജ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍ഃ സുനില്‍ കുമാര്‍, ഉദയകുമാര്‍, മഹേഷ്‌, ധന്യ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇന്നു നടക്കും. സി.പി.എം-ആര്‍.എസ്‌.എസ.്‌ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണു കൊലപാതകം നടന്നിരിക്കുന്നത്‌. കതിരൂര്‍ എരുവട്ടി പൊട്ടംപാറയിലെ ബി.എം.എസ്‌. പ്രവര്‍ത്തകനും തലശേരിലെ ടൂറിസ്‌റ്റ്‌ ടാക്‌സി ഡ്രൈവറുമായ പൊട്ടന്‍പാറയിലെ നുച്ചോളി സുരേഷ്‌കുമാര്‍ (42) കഴിഞ്ഞ 27ന്‌ കൊല്ലപ്പെട്ടിരുന്നു. എരുവട്ടി പൊട്ടന്‍പാറയില്‍ കഴിഞ്ഞ 17-നാണു സരേഷിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്‌.

കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്താം ദിവസം ഇയാള്‍ മരിച്ചു. സി.പി.എം. പ്രവര്‍ത്തകരാണ്‌ ഈ കേസിലെ പ്രതികള്‍. നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരാഴ്‌ചക്കുള്ളില്‍ രണ്ടു പേരാണു കതിരൂര്‍ മേഖലയില്‍ രാഷ്‌്രടീയ സംഘര്‍ഷത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്‌. ഈ പ്രദേശത്തു വിവരമറിഞ്ഞു ബി.ജെ.പി-ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി ഉള്‍പ്പെടെ വന്‍ പോലീസ്‌ സന്നാഹവും സ്‌ഥലത്തുണ്ട്‌. തലശേരി എ.എസ്‌.പി: ടി.നാരായണന്റെ നേതൃത്വത്തില്‍ ശക്‌തമായ പോലീസ്‌ ക്യാമ്പ്‌ റോന്തു ചുറ്റുന്നുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.