Home » » പ്ലസ് ടു സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

പ്ലസ് ടു സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

Written By Unknown on Monday, 1 September 2014 | 03:00

കൊച്ചി: പ്ലസ് ടു അധിക ബാച്ചുകളും കോഴ്‌സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം പ്രവേശനം നടത്താനും ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സ്കൂളുകളുടെ യോഗ്യത പരിശോധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതുപ്രകാരം ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത സ്‌കൂളുകളിലേക്കു മാത്രമായിരിക്കും പ്രവേശനം നടത്താന്‍ കഴിയുക.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. പ്ലസ്ടു അനുവദിച്ച നടപടിക്രമം ദുരുദ്യേശ്യപരമാണെന്ന സിംഗിള്‍ ജഡ്ജിയുടെ നിഗമനം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ വാദങ്ങളില്‍ കഴമ്പില്ല. പ്ലസ്ടു അനുവദിച്ച 31-07-14 ലെ സര്‍ക്കാര്‍ ഉത്തരവിന് ആധാരമായ നടപടികളാണ് കോടതി പരിശോധിച്ചത്.

പ്ലസ്ടു അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയ്ക്കാണ് പരമാധികാരമെന്നും എണ്‍പത്തിയൊന്നായിരം വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലായെന്നുമുളള വാദമാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ പ്രധാനമായും ഉന്നയിച്ചത്. പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് താല്ക്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കണമെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വാദിച്ചു. ഹയര്‍ സെക്കണ്ടറി വിഷയത്തില്‍ കോടതി നേരത്തെ നലകിയ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പ്രശ്‌നത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമായിരുന്നു എ.ജിയുടെ വാദം.എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ രകമവിരുദ്ധമായ ഇടപെടല്‍ മൂലം നിരവധി സ്‌കൂളുകള്‍ക്ക് പുതിയ ബാച്ചുകള്‍ ലഭിക്കാതെ പോയെന്നും സിംഗില്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസം നീണ്ട വാദത്തിനിടെ സര്‍ക്കാരും എ.ജിയും ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനത്തിന് വിധേയരായിരുന്നു. വെള്ളിയാഴ്ച വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.