Home » » വനംവകുപ്പ്‌ ഏറ്റെടുത്ത പന്ത്രണ്ടായിരം ഏക്കര്‍ തുടര്‍നടപടികളില്ലാത്തതിനെത്തുടര്‍ന്ന്‌ ഹാരിസന്റെ പക്കല്‍.

വനംവകുപ്പ്‌ ഏറ്റെടുത്ത പന്ത്രണ്ടായിരം ഏക്കര്‍ തുടര്‍നടപടികളില്ലാത്തതിനെത്തുടര്‍ന്ന്‌ ഹാരിസന്റെ പക്കല്‍.

Written By Unknown on Saturday, 13 September 2014 | 20:52

 
നിക്ഷിപ്‌ത വനനിയമ പ്രകാരം വനംവകുപ്പ്‌ ഏറ്റെടുത്ത പന്ത്രണ്ടായിരം ഏക്കര തുടര്‍നടപടികളില്ലാത്തതിനെത്തുടര്‍ന്ന്‌ ഇപ്പോഴും ഹാരിസന്റെ പക്കല്‍. കോടതിയില്‍ ഹാരിസനെ മുട്ടുകുത്തിക്കാനുള്ള നിരവധി തെളിവുകള്‍ വനം വകുപ്പിന്റെ കൈവശമുണ്ടെങ്കിലും ഭൂമി ഏറ്റെടുത്തു പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യാന്‍ വനം-റവന്യൂ വകുപ്പുകള്‍ തയാറാവുന്നില്ല.
 
സ്വകാര്യ സംരക്ഷിത വനമേഖലയാണെന്നു പറഞ്ഞാണ്‌, ഹാരിസണ്‍ അടക്കമുള്ള ഭൂമാഫിയകള്‍ ഭൂപരിഷ്‌കരണ നിയമത്തെത്തുടര്‍ന്നുള്ള മിച്ചഭൂമി ഏറ്റെടുക്കലില്‍നിന്നു തല്‍ക്കാലം രക്ഷപെട്ടത്‌. ഇക്കാര്യം മനസിലാക്കിയതിനെത്തുടര്‍ന്ന്‌ അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ 1971-ല്‍ നിക്ഷിപ്‌തവനനിയമമനുസരിച്ച്‌ ഇത്തരത്തിലുള്ള സ്വകാര്യ സംരക്ഷിത വനങ്ങള്‍ ഏറ്റെടുത്തു. ഈ ഭൂമിയിലെ തടികള്‍ വെട്ടിമാറ്റിയശേഷം സ്‌ഥലം അതതു ജില്ലാ കലക്‌ടര്‍മാര്‍ പരിശോധിച്ചു ഭൂ രഹിതര്‍ക്കു നല്‍കണമെന്നായിരുന്നു നിക്ഷിപ്‌ത വനനിയമത്തില്‍ പറഞ്ഞിരുന്നത്‌. ഭൂമി ഏറ്റെടുത്തതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ല. കലാകാലങ്ങളില്‍ മാറി മാറിയെത്തിയ കലക്‌ടര്‍മാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ തയാറായില്ല. ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്ന ഭൂമി ഹാരിസണ്‍ പിന്നീട്‌ കൈയേറി റബര്‍കൃഷി നടത്തി. ഇത്തരത്തിലുള്ള 12,000 ഏക്കറാണു ഹാരിസന്‍ കൈവശം വയ്‌ക്കുന്നത്‌. ഇതില്‍ 6,000 ഏക്കര്‍ വയനാട്ടില്‍ മാത്രമുണ്ട്‌. കൊല്ലം ജില്ലയില്‍ 260 ഏക്കറും പത്തനംതിട്ട കല്ലേലി തോട്ടത്തില്‍ 650 ഏക്കറും നിക്ഷിപ്‌ത വനമേഖലയാണ്‌. കൊല്ലത്തെ വനമേഖല ഹാരിസണ്‍ വിറ്റ്‌ കാശാക്കി.
 
നിക്ഷിപ്‌ത വനമേഖലയായി ഏറ്റെടുത്ത സ്‌ഥലം സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ 2003-ല്‍ പരിസ്‌ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ചത്‌ ഒരു പരിധിവരെ ഹാരിസണു ഗുണമായിരിക്കുകയാണ്‌ ഇപ്പോള്‍. വനമേഖലയായി പ്രഖ്യാപിച്ച സ്‌ഥലം പല തോട്ടങ്ങളുടെയും മധ്യത്തിലായതിനാല്‍ അത്‌ ഏതെങ്കിലും കാലത്ത്‌ ഭൂരഹിതര്‍ക്കു വിതരണം ചെയ്‌താല്‍ ഈ ഭാഗം ജനവാസമേഖലയായി മാറും. ഇതിനാല്‍ ഹാരിസണ്‍ അടക്കമുള്ള ഭൂമാഫിയ ഒരുപരിധിവരെഭയന്നു കഴിയുകയായിരുന്നു. നിക്ഷിപ്‌ത വനമേഖല പരിസ്‌ഥിതി ലോല പ്രദേശമായതോടെ ജനവാസമുണ്ടാകാനുള്ള സാധ്യത കുറവാണ്‌. ആര്‍ക്കും ഭൂമി വിട്ടുകൊടുക്കാത്ത സ്‌ഥിതി വരുന്നതോടെ ഹാരിസണ്‌ അവിടെ രഹസ്യമായി കൃഷിയിറക്കാം.അതേസമയം, നിക്ഷിപ്‌ത വനനിയമത്തിന്‌ 1980-ലെ കേന്ദ്ര വനനിയമവുമായി ബന്ധമില്ലാത്തതിനാല്‍ ഈ പ്രദേശം ഇപ്പോഴും സര്‍ക്കാരിന്‌ ഏറ്റെടുത്തു പാവപ്പെട്ടവനു കൈമാറാം. സര്‍ക്കാരിന്റെ സീറോ ലാന്‍ഡ്‌െലസ്‌ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള എളുപ്പമാര്‍ഗമാണിത്‌.
 
ഓരോതവണയും ഹാരിസണെതിരായ കേസ്‌ കോടതിയില്‍ വരുമ്പോള്‍ സര്‍ക്കാര്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം വ്യക്‌തമായ രേഖകളുടെ അഭാവമാണെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാനത്തുടനീളം ഹാരിസണ്‍ കൈവശം വച്ച്‌ അനുഭവിച്ചുവരുന്ന 59,000 ഏക്കര്‍ ഭൂപ്രദേശത്തിനുമേല്‍ അവര്‍ക്കു നിയമപരമായി അവകാശമില്ലെന്നു മുന്‍ ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമവശങ്ങളെപ്പറ്റി പഠിച്ച ജസ്‌റ്റിസ്‌ എല്‍. മനോഹരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ലാന്‍ഡ്‌ റവന്യൂ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സജിത്ത്‌ ബാബു കമ്മിറ്റി റിപ്പോര്‍ട്ടും വ്യക്‌തമാക്കിയിട്ടുണ്ട്‌. വിജിലന്‍സ്‌ നടത്തിയ അന്വേഷണത്തിലും ഭൂമിയുടെ മേല്‍ കമ്പനിക്ക്‌ അധികാരമില്ലെന്നു തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഒരോ തോട്ടത്തിനും വ്യത്യസ്‌ത സ്വഭാവമാണെന്നുള്ള കാര്യം സര്‍ക്കാര്‍ അഭിഭാഷകര്‍ പലപ്പോഴും മറക്കുകയാണ്‌.
 
കൊല്ലം ജില്ലയില്‍ ഹാരിസന്റെ പക്കലുള്ളതു വനഭൂമിയാണ്‌. പത്തനംതിട്ടയിലുള്ളതാവട്ടെ സ്വകാര്യ പാട്ടഭൂമിയും. കോട്ടയം ജില്ലയിലുള്ളതു സ്വകാര്യ പാട്ടഭൂമിയും ദേവസ്വം ഭൂമിയുമാണെന്നും രേഖകള്‍ വ്യക്‌തമാക്കുന്നു. ഇടുക്കി ജില്ലയില്‍ സ്വകാര്യ പാട്ടഭൂമിയും സര്‍ക്കാര്‍ഭൂമിയും ബ്രിട്ടീഷ്‌ കമ്പനി വിലകൊടുത്തു വാങ്ങിയ തോട്ടങ്ങളുമുണ്ട്‌. തൃശൂരിലേതു പൂര്‍ണമായും വനഭൂമിയാണ്‌. വയനാട്ടിലുള്ളത്‌ ആറു ജന്മിമാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയാണ്‌. സ്വകാര്യ ഭൂമിയുടെ കാര്യത്തില്‍ പാട്ടം നല്‍കിയ ജന്മിമാര്‍ക്കു കേസുമായി ബന്ധപ്പെട്ട്‌ നോട്ടീസ്‌ അയക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
 
സ്വകാര്യ പാട്ടഭൂമിക്കു ഹാരിസണ്‌ എങ്ങനെ പട്ടയം ലഭിച്ചുവെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല. ഹാരിസണ്‍ അടുത്തിടെവരെ പാട്ടം നല്‍കിയതായുള്ള രേഖകള്‍ ജന്മിമാരുടെ പക്കലുണ്ട്‌. ഭൂപരിഷ്‌കരണ നിയമത്തെത്തുടര്‍ന്നു സ്വകാര്യ മേഖലയ്‌ക്കു ഭൂമിയുടെ മേല്‍ അവകാശം ഇല്ലെങ്കില്‍ കൂടി പാട്ടം നല്‍കിയ രേഖകള്‍ കേസിന്‌ ഏറെ ബലം പകരാന്‍ സര്‍ക്കാരിനെ സഹായിക്കുമായിരുന്നു. നിലവില്‍ ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി റവന്യൂ വകുപ്പ്‌ മന്ദഗതിയിലാക്കിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.