കോഴിക്കോട് : കോഴിക്കോട് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇനി ജാഗ്രത. കോഴിക്കോട് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് ഇന്നു മുതല്‍ സിറ്റി പൊലീസ് പിഴ ചുമത്തും. പൊതുഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന വകുപ്പ് ഉപയോഗിച്ച് 200 രൂപ പിഴ ചുമത്താനാണു തീരുമാനം. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ ക്രോസ് ലൈനുകളിലോ മറ്റു സ്ഥലങ്ങളിലോ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാണു നിരോധനം.
ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി റോഡ് മുറിച്ചുകടക്കേണ്ടിടത്ത്, പലരും ഫോണില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി കടക്കുന്നത് ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കിയതു കണക്കിലെടുത്താണ് പരിഷ്‌കാരമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. റോഡ് മുറിച്ചുകടക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ ഫോണിന്റെ സ്‌ക്രീനില്‍ നോക്കുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ ജംക്ഷനുകളില്‍ ഇന്നു മുതല്‍ മഫ്തി പൊലീസിനെ നിയോഗിക്കും. ഇതിനു പുറമെ ട്രാഫിക് പോയിന്റുകളിലെ പൊലീസുകാരും നടപടിയെടുക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുണ്ടോ ലുങ്കിയോ ഉടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും കമ്മിഷണര്‍ അറിയിച്ചു. കാക്കി ഷര്‍ട്ടിനു പുറമെ പാന്റാണ് ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ ധരിക്കേണ്ടത്. ഏതു നിറത്തിലുള്ള പാന്റും ധരിക്കാം. ഓട്ടോ നിര്‍ത്തിയിട്ട് ചിലര്‍ ലുങ്കിയും മുണ്ടുമുടുത്ത് അലക്ഷ്യമായി ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നതിനെക്കുറിച്ചു സ്ത്രീകളില്‍നിന്ന് അടക്കം ഒട്ടേറെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്ത മാസം ഒന്നു മുതലാണ് പരിഷ്‌കാരം നടപ്പാക്കുക.








