കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കതിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലശേരിയിലെ ക്യാംപ് ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 10 മണിയോടെ സംഘത്തിനു മുമ്പാകെ ഹാജരായ സുരേഷ് ബാബുവിനെ ഒന്നര മണിക്കൂറിലേറെ ചോദ്യം ചെയ്തു. കൊലപാതകവുമായി തനിക്ക് ഒരുതരത്തിലും ബന്ധമില്ലെന്ന നിലപാടിലായിരുന്നു സുരേഷ് ബാബു. പാര്‍ട്ടി പരിപാടിയിലോ മറ്റു തിരക്കിലോ ആയിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാറുണ്ടെന്നും സുരേഷ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും വിളിപ്പിക്കുമെന്ന നിര്‍ദേശം നല്‍കിയാണ് അന്വേഷണ സംഘം സുരേഷ് ബാബുവിനെ വിട്ടയച്ചത്.
അതിനിടെ, ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ബാബുവിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധവുമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സുരേഷ് ബാബു ആക്രോശിച്ചടുത്ത സംഭവവുമുണ്ടായി.
അതേസമയം, അന്വേഷണ സംഘം നോട്ടീസ് നല്‍കിയ മറ്റു മൂന്ന് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ ഹാജരാകുമോ എന്ന വ്യക്തമല്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് സൂചന.







