തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ ഹര്‍ജിയില്‍ ബാറുടമകള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയില്‍ ഹാജരാകരുതെന്ന് കെപിസിസി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും അഭിഷേക് സിങ്‌വിയും ബാറുടമകള്‍ക്കു വേണ്ടി ഹാജരാകരുതെന്നാണ് ആവശ്യം.
കെപിസിസി യോഗത്തിനു ശേഷമാണ് ഹൈക്കമാന്‍ഡുമായി നേതൃത്വം ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിങ്‌വി പിന്‍മാറിയതായും സൂചനയുണ്ട്. ബാറുടമകള്‍ നേരത്തെ സിങ്‌വിയെയും സിബലിനെയും കണ്ടിരുന്നു. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കവേയാണ് കെപിസിസി ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
അതേസമയം, ബാറുടമകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, രാം ജഠ്മലാനി, ദുഷ്യന്ത ദവെ, അരയാമ സുന്ദരം തുടങ്ങിയവര്‍ ഹാജരാകും. ഏഴോളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
ഹൈക്കോടതി വിധി വരും വരെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ബാറുടമകളുടെ ഹര്‍ജിയിലെ ആവശ്യം. ഉത്തരവ് വിവേചനപരവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും ആണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും കോടതി ഇന്നു പരിഗണിക്കും. ബാറുടമകളുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് തടസഹര്‍ജിയിലെ ആവശ്യം.








