കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകം സിപിഎമ്മിന്റെ അറിവോടെയെന്ന് മൊഴി. കൊലയാളി സംഘത്തിന് സിപിഎം പ്രദേശിക നേതൃത്വത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അക്രമത്തിന്റെ ദൃക്‌സാക്ഷി പ്രമോദ് മൊഴി നല്‍കി. സംഘത്തിലെ ആറു പേരെ പ്രമോദ് തിരിച്ചറിഞ്ഞു. ഇവരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിന് കൈമാറി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണമെന്നും പ്രമോദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് അന്വേഷണ സംഘം പ്രമോദിന്റെ മൊഴിയെടുത്തത്. ഈ മാസം ഒന്നിന് പ്രമോദിനൊപ്പം യാത്ര ചെയ്യവേയാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമികളുടെ വെട്ടേറ്റ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ് പ്രമോദ്.
ഇന്നലെയാണ് പ്രമോദിന്റെ മൊഴി അന്വേഷണസംഘം എടുത്തത്. മുഖ്യപ്രതി വിക്രമന് കൊലപാതകത്തിലും ഗൂഢാലോചനയിലുമുള്ള പങ്ക് പ്രമോദ് കൈമാറി. പ്രദേശത്ത് സിപിഎം കമാന്റോ സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഇവരുടെ സഹായത്തോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.








