ന്യൂഡല്‍ഹി : 2 ജി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ് ഉയര്‍ന്നിരിക്കുന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 2 ജി കേസില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ തള്ളിക്കളയുമെന്നു വ്യക്തമാക്കിയ കോടതി ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതായതിനാല്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ നിന്ന് അദ്ദേഹത്തിന് ഒഴിവ് നല്‍കാനാവില്ലെന്നും അറിയിച്ചു. അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സി.ബി.ഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. സത്യവാങ്മൂലം നല്‍കാന്‍ ഒരാഴ്ച സമയം നല്‍കിയ കോടതി കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും എന്ന് അറിയിച്ചു .
2 ജി സ്‌പെക്ട്രം കേസില്‍ പ്രതിപ്പട്ടികയിലുള്ള റിലയന്‍സ് കമ്പനിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ അമ്പതോളം തവണ സി.ബി.ഐ ഡയറക്ടറെ സന്ദര്‍ശിച്ചെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് സി. ബി.ഐ. ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.റിലയന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥരെക്കൂടാതെ, കല്‍ക്കരിയടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. റിലയന്‍സ് കമ്പനിയിലെ ഉന്നതരായ ടോണി യേശുദാസന്‍, എ.എന്‍. സേതുരാമന്‍ എന്നിവര്‍ കഴിഞ്ഞ 15 മാസത്തിനിടെ അമ്പതോളം തവണ സി.ബി.ഐ. ഡയറക്ടറെ ജനപഥിലെ രണ്ടാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടെന്നാണ് റിപ്പോര്‍ട്ട്.അംബാനി ഗ്രൂപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് രണ്ടു പേരും എത്തിയതെന്ന് സന്ദര്‍ശക ഡയറിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ പത്രം റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ് ടെലികോമിനും സ്വാന്‍ ടെലികോമിനും എതിരെ 2 ജി കേസില്‍ പുനരനേന്വഷണം വേണമെന്ന സി. ബി. ഐ. ഡയറക്ടറുടെ ശുപാര്‍ശ വന്ന ശേഷം കൂടിക്കാഴ്ചകളുടെ എണ്ണം വര്‍ധിച്ചെന്നും ഡയറിയിലെ രേഖകള്‍ പറയുന്നുണ്ട്.
ഇക്കൊല്ലം മാത്രം 27 തവണ ഉദ്യോഗസ്ഥര്‍ സി.ബി.ഐ. ഡയറക്ടറെ കണ്ടിട്ടുണ്ട്. 2 ജി കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന യു.യു. ലളിതിന് (ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജി) അയച്ച കത്തിലാണ് സി.ബി.ഐ. ഡയറക്ടര്‍ റിലയന്‍സിനും സ്വാനിനും അനുകൂലമായ ശുപാര്‍ശ നല്‍കിയത്. ഇതില്‍ ക്ഷുഭിതനനായ ലളിത് നല്‍കിയ മറുപടിക്കത്തില്‍, സി.ബി.ഐ.യുടെ ഈ നിലപാട് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും സന്ദര്‍ശക ഡയറി തന്റെ വസതിയില്‍ സൂക്ഷിക്കുന്നില്ലെന്നും സിന്‍ഹ വ്യക്തമാക്കി.ഔദ്യോഗിക വസതിയില്‍ ഒന്നോ രണ്ടോ തവണ കൂടിക്കാഴ്ച നടന്നിരുന്നു. 50 തവണ കണ്ടുവെന്നത് ശരിയല്ല. തന്റെ വീട്ടിലെ സന്ദര്‍ശക ഡയറിയെന്ന് പറയുന്നത് വ്യാജമാണെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. അതേസമയം, അതിലെ ചില രേഖപ്പെടുത്തലുകള്‍ ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു.സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. അഴിമതിക്കേസിലെ കുറ്റക്കാരെ സഹായിച്ച സിന്‍ഹക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.








