കോട്ടയം: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ലിബിയയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയ നഴ്‌സുമാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പള കുടിശ്ശികയും ജോലിയും നല്‍കിയില്ലെന്ന് ആരോപിച്ചാണ് സമരത്തിനൊരുങ്ങുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തപക്ഷം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്താനാണ് തീരുമാനമെന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരുടെ അസോസിയേഷന്‍ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. സമരം ചെയ്യണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. തങ്ങളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നേരിട്ട കഷ്ടപ്പാടിനെ കുറിച്ച് ബോധ്യമുണ്ട്. എന്നാല്‍ മറ്റു മാര്‍ഗമില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കി.
ശമ്പളം മുടങ്ങിയതോടെ വിദ്യാഭ്യാസ വായ്പയുടെയും പുറത്തേക്ക് പോകുന്നതിന് എടുത്ത വായ്പയുടെയും തിരിച്ചടിവ് മുടങ്ങി. സര്‍ക്കാര്‍ വാക്കുപറഞ്ഞപോലെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വാങ്ങിനല്‍കുകയും ജോലിക്കുള്ള സാഹചര്യം ഒരുക്കുകയും വേണം. നാട്ടില്‍ ജോലി നല്‍കുകയോ വിദേശ ജോലിക്കുള്ള കോഴ്‌സ് പഠിക്കുന്നതിനുള്ള സഹായം നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ലിബിയയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ച സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും നഴ്‌സുമാര്‍ അറിയിച്ചു.
ഒരുമാസം മുന്‍പ് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു. കോട്ടയത്തു നടന്ന പ്രവാസി സംഗമത്തില്‍ വച്ചും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരു നഴ്‌സിന്റെ രക്ഷിതാവ് അറിയിച്ചു.








