Home » » സര്‍ക്കാര്‍ ചെലവില്‍ ഉൗരുചുറ്റാനിറങ്ങുന്ന ഈ എം.എല്‍.എമാരെ നിലക്ക് നിരത്താൻ ആളില്ലേ ?

സര്‍ക്കാര്‍ ചെലവില്‍ ഉൗരുചുറ്റാനിറങ്ങുന്ന ഈ എം.എല്‍.എമാരെ നിലക്ക് നിരത്താൻ ആളില്ലേ ?

Written By Unknown on Saturday, 20 September 2014 | 12:39

തിരുവനന്തപുരം: കുടിവെള്ളത്തിനുവരെ നികുതി കൂട്ടിയും ജനത്തിന്റെ തോളില്‍ മാറാപ്പു കയറ്റിയും സംസ്‌ഥാനം സാമ്പത്തിക അടിയന്തരാവസ്‌ഥയിലേക്കു നീങ്ങുമ്പോഴും എം.എല്‍.എമാര്‍ സര്‍ക്കാര്‍ ചെലവില്‍ ഉൗരുചുറ്റാനിറങ്ങുന്നു! 

മന്ത്രിമാര്‍ സ്വന്തം ശമ്പളത്തില്‍ നേരിയ കുറവുവരുത്തിയും വിദേശയാത്രകള്‍ റദ്ദാക്കിയും ജനത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴാണു ഭരണ-പ്രതിപക്ഷഭേദമന്യേ എം.എല്‍.എമാരുടെ ധൂര്‍ത്ത്‌. കുടുംബസമേതവും സ്‌ത്രീസുഹൃത്തുക്കള്‍ക്കൊപ്പവുമൊക്കെയുള്ള സാമാജികരുടെ 16 ദിനയാത്രയുടെ ആദ്യഘട്ടം ഒക്‌ടോബറില്‍ ആരംഭിക്കും.
ലോക്കല്‍ ഫണ്ട്‌ അക്കൗണ്ട്‌സ്, യുവജനക്ഷേമം, പട്ടികജാതി/വര്‍ഗക്ഷേമം, ഹൗസ്‌, പബ്ലിക്‌ അണ്ടര്‍ടേക്കിംഗ്‌, സബോഡിനേറ്റ്‌ ലെജിസ്ലേറ്റീവ്‌, മത്സ്യത്തൊഴിലാളിക്ഷേമം തുടങ്ങിയ നിയമസഭാസമിതികളാണു പഠനയാത്രയുടെ മറവില്‍ പൊതുഖജനാവില്‍നിന്നു കോടികള്‍ പൊടിച്ചു വിവിധ സംസ്‌ഥാനങ്ങളില്‍ വിനോദയാത്രയ്‌ക്കൊരുങ്ങുന്നത്‌.

സംഘങ്ങളില്‍ എണ്‍പത്തഞ്ചോളം എം.എല്‍.എമാര്‍ക്കു പുറമേ അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അകമ്പടിയായി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ വന്‍പടയുണ്ട്‌. സഭാസമിതികളുടെ യാത്രയ്‌ക്കു സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുമതി നല്‍കിയെങ്കിലും ഒരു സമിതിയുടെ ചെയര്‍മാന്‍ 11 അംഗങ്ങളുമായി വിദേശത്തേക്കു പറക്കാന്‍ നടത്തിയ ശ്രമം അദ്ദേഹം തടഞ്ഞു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ സമിതിക്കു ചിലതു പഠിക്കാനുണ്ടെന്ന പേരിലാണു ചെയര്‍മാന്‍ സ്‌പീക്കര്‍ മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചത്‌. മത്സ്യബന്ധനത്തെക്കുറിച്ചു പഠിക്കാന്‍ ഒരു സമിതി മലയോരഗ്രാമങ്ങള്‍ തെരഞ്ഞെടുത്തതും വിവാദമായി.

രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഒരു പഠനയാത്രയ്‌ക്കുള്ള അനുമതി നിയമസഭാസമിതികള്‍ക്കു സ്‌പീക്കര്‍ നല്‍കിയിട്ടുണ്ട്‌. നാല്‍പതോളം സമിതികള്‍ നിലവിലുണ്ടെങ്കിലും സബ്‌ജക്‌ട് കമ്മിറ്റിയംഗങ്ങള്‍ ഊരുചുറ്റാനിറങ്ങാറില്ല. കഴിഞ്ഞതവണ തിരുവനന്തപുരത്തെ ഒരു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ യാത്ര വിവാദമായിരുന്നു. ചട്ടം ലംഘിച്ച്‌, എം.എല്‍.എയുടെ താല്‍പര്യപ്രകാരം, നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു വനിതാ അഡീ. സെക്രട്ടറിയെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. വിവാദമായതോടെ ഇവരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. പിന്നീടു തിരിച്ചെടുത്തെങ്കിലും ചുമതലയൊന്നും നല്‍കിയിട്ടില്ല.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനടക്കമുള്ളവര്‍ ദക്ഷിണ കൊറിയയിലേക്കുള്ള യാത്ര വേണ്ടെന്നുവയ്‌ക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നു ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. അതൊന്നും കണ്ടില്ലെന്നു നടിച്ച്‌ എം.എല്‍.എമാര്‍ യാത്രയ്‌ക്കൊരുങ്ങുന്നതില്‍ ധനവകുപ്പ്‌ അതൃപ്‌തി പ്രകടിപ്പിച്ചു. മികച്ച ശമ്പളവും വന്‍തോതിലുള്ള ആനുകൂല്യങ്ങളുമാണ്‌ ഓരോ നിയമസഭാംഗത്തിനുമുള്ളത്‌. വര്‍ഷാവര്‍ഷം വിലകൂടിയ സമ്മാനങ്ങള്‍ വേറേ.

കറങ്ങിനടക്കാനുള്ള സ്‌ഥലങ്ങള്‍ നിശ്‌ചയിച്ച്‌, ടിക്കറ്റും താമസസൗകര്യവും ശരിയാക്കി, എല്ലാ തയാറെടുപ്പുകളും എം.എല്‍.എമാര്‍ നടത്തിക്കഴിഞ്ഞു. സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി എന്തായാലും, യാത്രയ്‌ക്കായി പലരും അഡ്വാന്‍സ്‌ ആവശ്യപ്പെട്ടു ബഹളവുമാരംഭിച്ചു. എം.എല്‍.എമാര്‍ക്കു യാത്രാബത്തയായി പ്രതിവര്‍ഷം രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ കൂപ്പണ്‍ അനുവദിക്കാറുണ്ട്‌. ഇതുപയോഗിച്ച്‌ ഉല്ലാസയാത്ര നടത്തിയശേഷം പഠനയാത്രയ്‌ക്കുള്ള ബത്ത പ്രത്യേകം എഴുതിയെടുക്കുകയാണു മിക്കവരും ചെയ്യുന്നത്‌.

പഠനയാത്രയെങ്കില്‍ കുടുംബാംഗങ്ങളും വനിതകള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും എന്തിനാണെന്ന ചോദ്യവുമുയരുന്നു. നൂറിലധികം പേരാണ്‌ എം.എല്‍.എമാര്‍ക്കു പുറമേ യാത്രാസംഘങ്ങളിലുള്ളത്‌. മലയാളി ഗവര്‍ണര്‍മാരുണ്ടായിരുന്ന സംസ്‌ഥാനങ്ങളിലേക്കു പല എം.എല്‍.എമാരും സന്ദര്‍ശനം നിശ്‌ചയിച്ചിരുന്നു. എന്നാല്‍, വക്കം പുരുഷോത്തമനും (മിസോറം) കെ. ശങ്കരനാരായണനും (മഹാരാഷ്‌ട്ര) രാജിവച്ചതോടെ പലസംഘങ്ങളും അവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി. പകരം കൊല്‍ക്കത്തയ്‌ക്കു വച്ചുപിടിക്കാനാണു പലരുടെയും നീക്കം. പ്രളയദുരന്തം പേടിച്ചു മാത്രമാണു കാശ്‌മീര്‍ ഒഴിവാക്കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.