തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കില്ല. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്‌ഥാന സര്‍ക്കാരിന് ഉടന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് കൈമാറും. സി.പി.എം. തീവ്രവാദ സംഘടന അല്ലാത്തതിനാലും മനോജ് വധം രാഷ്‌ട്രീയ കൊലപാതകമായതിനാലും തങ്ങള്‍ക്ക് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നാണു ദേശീയ അന്വേഷണ ഏജന്‍സിയുടെ വിശദീകരണം.
ഈ കൊലപാതകത്തിനു രാജ്യാന്തരമാനങ്ങളില്ല. തീവ്രവാദ ബന്ധവുമില്ല. അതുകൊണ്ടു മറ്റേതെങ്കിലും ഏജന്‍സി കേസന്വേഷിക്കുന്നതാകും യുക്‌തമെന്നു എന്‍.ഐ.എ. ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രത്യേക താല്‍പര്യമെടുത്താല്‍ മാത്രമേ എന്‍.ഐ.എ. ഈ കേസ് ഏറ്റെടുക്കാന്‍ സാധ്യതയുള്ളു.
സി.ബി.ഐ. അന്വേഷണത്തിനുള്ള വിജ്‌ഞാപനം ഇന്നലെ രാത്രി വൈകി അയച്ചു. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ടി.ടി.വിക്രമനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. കേസില്‍ യു.എ.പി.എ. നിയമത്തിലെ 15(1) വകുപ്പ് പ്രയോഗിച്ചതിനെതുടര്‍ന്നു 30 ദിവസം വരെ ക്രൈംബ്രാഞ്ചിനു വിക്രമനെ കസ്‌റ്റഡിയില്‍ വയ്‌ക്കാന്‍ കഴിയും.
ക്രൈംബ്രാഞ്ച് പോലീസിന്റെ വിശ്വാസ്യതയില്‍ ബി.ജെ.പി. സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്കു വിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നടപടി യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ യുവജനവിഭാഗത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ചു മരണമോ പരുക്കോ ഉണ്ടായാല്‍ ഭീകര പ്രവര്‍ത്തനമായി കണക്കാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണു യു.എ.പി.എ. നിയമത്തിലെ 15(1) വകുപ്പ് ചുമത്തിയത്. ഈ നീക്കത്തെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തുടക്കംമുതല്‍ എതിര്‍ക്കുകയും ചെയ്‌തിരുന്നു. തിടുക്കത്തില്‍ കേന്ദ്ര ഏജന്‍സിക്കു കേസ് കൈമാറാനുളള ആഭ്യന്തരവകുപ്പിന്റെ തീരുമാനം അവര്‍ക്കുതന്നെ തിരിച്ചടിയായി.








