കോഴിക്കോട്: ദേശീയപാതവികസനം യു.ഡി.എഫിനെ കലാപകലുഷിതമാക്കുന്നു. മുന്നണിയില്‍ സമവായമുണ്ടാക്കാതെ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതിനേച്ചൊല്ലിയാണു ഘടകകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പുയര്‍ന്നത്. മുസ്ലിംലീഗിലാകട്ടെ, ഇതേച്ചൊല്ലി പാളയത്തില്‍പടയും തുടങ്ങി. കുട്ടി അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണു പാര്‍ട്ടിയിലെ നല്ലൊരുവിഭാഗം തീരുമാനത്തെ എതിര്‍ക്കുന്നത്. എന്നാല്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയപാതവികസനത്തിന് അനുകൂലമാണ്.
ദേശീയപാത 45 മീറ്ററാക്കുന്നതോടെ ലീഗിന്റെ ശക്‌തികേന്ദ്രങ്ങളില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കിടപ്പാടം നഷ്‌ടമാകുമെന്നതാണു നേതൃത്വത്തെ വിഷമിപ്പിക്കുന്നത്. പ്രധാനമായും ലീഗിന്റെ എതിര്‍പ്പിനേത്തുടര്‍ന്നാണു ദേശീയപാതയ്‌ക്കു കേരളത്തില്‍ 30 മീറ്റര്‍ വീതി മതിയെന്നു സംസ്‌ഥാനസര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. 45 മീറ്ററാക്കി സ്‌ഥലമേറ്റെടുത്താല്‍ ലീഗിന്റെ തട്ടകത്തില്‍ വന്‍ വോട്ട് ചോര്‍ച്ചയുണ്ടാകും. കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ ലീഗ് സംസ്‌ഥാനാധ്യക്ഷന്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ആവലാതി ബോധിപ്പിച്ചിരുന്നു. അനുഭാവസമീപനം തങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്‌തു.
തീരുമാനം കേരളത്തെ സംബന്ധിച്ചു അപ്രായോഗികമാണെന്നു മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ് പറഞ്ഞു. ഇതിനെതിരെയുള്ള ലീഗിന്റെ നിലപാട് നേരത്തെ വ്യക്‌തമാക്കിയതാണ്, എന്നാല്‍ പുതിയ തീരുമാനത്തിലെ പാര്‍ട്ടിനിലപാട് സംസ്‌ഥാന നേതാക്കളുമായി ചര്‍ച്ചചെയ്‌തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഈ തീരുമാനത്തോട് യോജിപ്പില്ല. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്തുവരേണ്ടതില്ലെന്നാണ് കെ.പി.സി.സിയുടെ തീരുമാനം. ഈ തീരുമാനം അപ്രായോഗികമാണ് എന്നതില്‍ അവര്‍ക്ക് സംശയമില്ല. പക്ഷേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും താല്‍പര്യമില്ല. ആ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഏറ്റവുംനല്ല പുനരധിവാസ പാക്കേജ് നല്‍കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ നോക്കണമെന്നായിരിക്കും കെ.പി.സി.സി ആവശ്യപ്പെടുക.
സര്‍ക്കാരിനു കണ്ണടച്ച് ഇത്തരം ജനവിരുദ്ധതീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെങ്കിലും പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നാണ് എസ്.ജെ.ഡിയുടെയും കേരളാ കോണ്‍ഗ്രസി(എം)ലെ ജോസഫ് വിഭാഗത്തിന്റെയും നിലപാട്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഗത്താണു പ്രശ്‌നം സങ്കീര്‍ണമാകുക. ചേര്‍ത്തല-കഴക്കൂട്ടം വരെ സ്‌ഥലമെടുപ്പ് ഏകദേശം പൂര്‍ത്തിയായതിനാല്‍ പ്രശ്‌നമില്ല. എന്നാല്‍ മലബാറില്‍ എത്തുന്നതോടെ ചിത്രം മാറും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വടകര എന്നിവിടങ്ങളില്‍ ഒരിഞ്ചു സ്‌ഥലംപോലുംഎടുക്കാനാവില്ലെന്നു തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലും മലപ്പുറത്തും ചിലയിടങ്ങളില്‍22 മീറ്റര്‍ മാത്രമാണു റോഡിന്റെ വീതി. എങ്ങനെയെങ്കിലും സ്‌ഥലമെടുത്ത് എട്ടോ ഒന്‍പതോ മീറ്റര്‍ വീതി കൂട്ടാമെന്നല്ലാതെ ഇപ്പോഴത്തെ നിര്‍ദേശം പ്രായോഗികമാകില്ലെന്ന് ലീഗില്‍ ഒരുവിഭാഗം പറയുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താതെ, 45 മീറ്റര്‍ വീതി അംഗീകരിച്ചതിനു പിന്നില്‍ വന്‍പണമിടപാടുണ്ടെന്നും ആരോപണമുയര്‍ന്നു.
പുതിയ തീരുമാനപ്രകാരം റോഡ് വികസിപ്പിക്കാന്‍ കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും വേണം. 4000-5000 കോടി മാത്രമാണു കേന്ദ്ര സബ്‌സിഡി. കടത്തിലായ സംസ്‌ഥാനസര്‍ക്കാര്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്നു വിമര്‍ശകര്‍ ചോദിക്കുന്നു. ഇപ്രകാരം നിര്‍മിക്കുന്ന റോഡിന്റെ ടോള്‍ സാധാരണക്കാര്‍ക്കു താങ്ങാനാവില്ല. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പ്രവാസിനിക്ഷേപം സ്വീകരിച്ചു റോഡ് നിര്‍മിക്കാനുള്ള ബദല്‍നിര്‍ദ്ദേശവും സമര്‍പ്പിച്ചിരുന്നു. റോഡിന്റെ വീതി 45 മീറ്ററില്‍ കുറയ്‌ക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ മുമ്പു വ്യക്‌തമാക്കിയപ്പോഴായിരുന്നു ഇത്.
ഇപ്പോഴത്തെ തീരുമാനപ്രകാരം മലബാറില്‍ 22 മീറ്റര്‍ വീതിവരെ അധികമായി കണ്ടെത്തണം. 45 മീറ്റര്‍ നിര്‍ദേശത്തോടു യോജിച്ചിരുന്ന ബി.ജെ.പി. സംസ്‌ഥാനനേതൃത്വം ഇപ്പോള്‍ പിന്‍വലിയുന്നതു രാഷ്‌ട്രീയനേട്ടം മുന്നില്‍കണ്ടാണ്. മലബാറില്‍ മുഖ്യധാരാ രാഷ്‌ട്രീയകക്ഷികളെ പിന്തള്ളി വിഘടനശക്‌തികള്‍ ശക്‌തിപ്രാപിക്കാനും പുതിയ തീരുമാനം വഴിവയ്‌ക്കും.








