തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുചിത്വഭാരതയജ്‌ഞത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കെതിരേ ആരോപണമുന്നയിച്ച കെ.പി.സി.സിയെയും ദേശീയവക്‌താവ് സ്‌ഥാനം തെറിപ്പിച്ച ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ച് ശശി തരൂര്‍ എം.പി. ഒടുവില്‍ ചൂലെടുത്തു. സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തെ വിഴിഞ്ഞം കടപ്പുറം ശുചീകരിച്ചാണു തരൂര്‍ മോഡിപദ്ധതിയുടെ അംബാസഡറായത്. തരൂരിന്റെ നീക്കത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെങ്കില്‍ അതു ചുമക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നു കെ.പി.സി.സി. വക്‌താവ് അജയ് തറയില്‍ തുറന്നടിച്ചതോടെ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നു.
ദേശീയതലത്തില്‍ ശുചിത്വാവബോധത്തെ അനുകൂലിക്കുന്ന നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നു പരിപാടി ഉദ്‌ഘാടനം ചെയ്‌തശേഷം തരൂര്‍ പറഞ്ഞു. സംസ്‌ഥാനത്തെ ചില നേതാക്കള്‍ ഇതില്‍ രാഷ്‌ട്രീയം കാണുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ആ നിലപാടുണ്ടെന്നു കരുതുന്നില്ല-തരൂര്‍ ഒളിയമ്പെയ്‌തു. മുഖ്യമന്ത്രിയോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാഷ്‌ട്രീയമല്ല, രാഷ്‌ട്രവികസനമാണു പ്രധാനം. ഈ നിലപാടിനോട് ഉമ്മന്‍ ചാണ്ടിക്കും യോജിപ്പാണുള്ളത്. ഭാരതത്തിന്റെ ശുചിത്വകുത്തക ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ലെന്നും തരൂര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11-ന് വിഴിഞ്ഞം ലൈറ്റ്‌ഹൗസ് ബീച്ചിലെ മാലിന്യം നീക്കാനാണു തരൂര്‍ നേതൃത്വം നല്‍കിയത്. ട്വിറ്ററില്‍ സ്‌ഥലവും സമയവും പരസ്യപ്പെടുത്തി നടത്തിയ പരിപാടി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. തരൂര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച ട്രിവാന്‍ഡ്രം സിറ്റിസണ്‍ ആക്‌ഷന്‍ നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സംഘടനയുടെ ടീഷര്‍ട്ട് ധരിച്ച്, രണ്ടു വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ കാലേക്കൂട്ടി തരൂരിനെ കാത്തുനിന്നു. വിഴിഞ്ഞം മൊഹിയുദീന്‍ പള്ളിമുറ്റം മുതല്‍ ലൈറ്റ്‌ഹൗസ് വരെയായിരുന്നു ശുചീകരണം. സണ്‍ഗ്ലാസും വെളുത്ത ഖദര്‍കുര്‍ത്തയും ധരിച്ചെത്തിയ തരൂര്‍ മൊഹിയുദീന്‍ പള്ളിയില്‍ പ്രാര്‍ഥിച്ചശേഷമാണു പരിപാടിക്കിറങ്ങിയത്. മാധ്യമപ്പടയെക്കണ്ട് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. നിങ്ങളെ ആരെയും ക്ഷണിച്ചില്ലെന്നു പറഞ്ഞ തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു മാറിനില്‍ക്കാനും നാടകീയമായി ആവശ്യപ്പെട്ടു. എന്നാല്‍, ചത്ത എലിയെ എടുത്തുമാറ്റി ഫോട്ടോയ്‌ക്കു പോസ് ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.
ശുചിത്വത്തെക്കുറിച്ചുള്ള തന്റെ പ്രബന്ധം 2008 മുതല്‍ എട്ടാം ക്ലാസില്‍ പഠിപ്പിക്കുന്നതു തരൂര്‍ ചൂണ്ടിക്കാട്ടി. ശുചിത്വത്തില്‍പോലും രാഷ്‌ട്രീയം കാണുന്നവരോട് ഒന്നും പറയാനില്ല, പട്ടേലിനെയും ഗാന്ധിയേയും മോഡിക്ക് അടിയറവച്ചവര്‍ ശുചിത്വമെന്ന കോണ്‍ഗ്രസിന്റെ പരിപാടി തുടരാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നതു മനസിലാകുന്നില്ല- തരൂരിന്റെ മുള്ളുവച്ച വാക്കുകള്‍ തുടര്‍ന്നു. ശുചിത്വസന്ദേശം ആദ്യമേറ്റെടുത്തതു കോണ്‍ഗ്രസാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി എ.ഐ.സി.സി അംഗീകരിച്ചതാണ്. മാലിന്യപ്രശ്‌നത്തില്‍ തിരുവനന്തപുരം നഗരസഭ പൂര്‍ണപരാജയമായതിനാലാണു താന്‍ ഇത്തരമൊരു പരിപാടിയുമായി രംഗത്തിറങ്ങിയത്. വിഴിഞ്ഞത്തു മാലിന്യസംസ്‌ക്കരണത്തിനു ബയോഗ്യാസ് പ്ലാന്റ് സ്‌ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികനേതാക്കളില്‍ ചിലര്‍ തരൂരിനു പൂര്‍ണപിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ഗാന്ധിജയന്തിദിനത്തില്‍ മോഡി നടത്തിയ സ്വഛഭാരത് വെല്ലുവിളി ഏറ്റെടുത്ത തരൂരിനെ, കെ.പി.സി.സിയുടെ കടുത്ത നിലപാടിനേത്തുടര്‍ന്ന്, കോണ്‍ഗ്രസിന്റെ ദേശീയവക്‌താവ് സ്‌ഥാനത്തുനിന്നു ഹൈക്കമാന്‍ഡ് നീക്കിയിരുന്നു. എന്നാല്‍, ഇത്രയൊക്കെയായിട്ടും കെ.പി.സി.സിയെ പരിഹസിക്കുന്ന വിധത്തിലായിരുന്നു തരൂരിന്റെ തുടര്‍നിലപാടുകള്‍.









