കോട്ടയം: ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.എം മാണി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നില്‍. ഇതിനായി ഇടതുപക്ഷവും ബാറുടമകളും കൈകോര്‍ത്തു. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ വിവാദത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ചിലരുണ്ടെന്ന ബിജു രമേശിന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാണി അത് തള്ളിക്കളഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിട്ടില്ല. ജോര്‍ജിന്റെ പരാമര്‍ശം അദ്ദേഹഗ തന്നെ പിന്‍വലിച്ചിട്ടുണ്ട്. അക്കാര്യം മാധ്യമങ്ങള്‍ക്ക് ജോര്‍ജിനോട് നേരിട്ട് ചോദിക്കാമെന്നും മാണി പറഞ്ഞു. ഇന്നു ചേര്‍ന്ന ഉന്നതാധികാര യോഗത്തിനു ശേഷം കോട്ടയത്തു മാധ്യമങ്ങളെ കാണുകയായിരുന്നു മാണി.
എല്‍.ഡി.എഫിന്റെ സമരം യു.ഡി.എഫിനെതിരെയാണ്. തന്നെ എല്‍.ഡി.എഫില്‍ എടുക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയാകാനും തനിക്ക് ആഗ്രഹമില്ലെന്നും മാണി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സി.പി.എമ്മിന് മൃദുസമീപനമില്ല. ശക്തമായ പാര്‍ട്ടി തന്നെയാണവര്‍. സി.പി.ഐ നിലപാട് തന്നെ വേദനിപ്പിച്ചു. താന്‍ എല്‍.ഡി.എഫിലേക്കു ചെന്നാല്‍ അവരുടെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമായിരിക്കാം അതിനു പിന്നിലെന്നും മാണി ചൂണ്ടിക്കാട്ടി.
അതേസമയം, കെ.എം മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നയവിശദീകരണം യോഗം വിളിക്കാനും തീരുമാനമായി.








