പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്‌ഥിതാകനുമതി ചെന്നൈ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയതു സുപ്രീം കോടതി ശരിവച്ചെങ്കിലും കെ.ജി.എസിന്റെ ആകാശസ്വപ്‌നങ്ങള്‍ പറന്നുയരാനുള്ള സാധ്യതകള്‍ ഏറെ. പുതിയ വിമാനത്താവള പദ്ധതികള്‍ക്ക് ഏറെ തടസമായി നിന്ന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏടുത്തുകളയാനിരിക്കുന്ന സാഹചര്യത്തിലാണു പല കോര്‍പറേറ്റുകളുടെയും ഗഗന പദ്ധതികള്‍ക്കു ചിറകുമുളച്ചു തുടങ്ങിയത്. മുകേഷ് അംബാനിയുടെ റിലയന്‍സാണു പറന്നുയരാന്‍ വെമ്പുന്ന ആദ്യ കോര്‍പറേറ്റ് സ്‌ഥാപനം.
വിമാനത്താവളത്തിനായി ഏക്കര്‍കണക്കിനു സ്‌ഥലം ഏറ്റെടുക്കുന്നതിലൂടെ ഏറെ പരിസ്‌ഥിതി പ്രശ്‌നം നേരിടുന്ന സംസ്‌ഥാനങ്ങളില്‍ ഒന്നാണ് കേരളം. പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നീതി തേടുന്നതിനു ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളം പോലുള്ള സംസ്‌ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ട്രിബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കണമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയ മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാര്‍ശ.
ട്രിബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുമാറ്റി പകരം അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലുകള്‍ മതിയെന്നാണു സുബ്രഹ്‌മണ്യം സമിതിയുടെ ശിപാര്‍ശ. വന്‍കിട പദ്ധതികള്‍ക്കുള്ള അനുമതി സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു വിട്ടുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടു വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി 150 കിലോ മീറ്ററില്‍ കുറയരുതെന്നാണു നിലവിലെ വ്യോമയാന നിയമത്തിലെ വ്യവസ്‌ഥ. ഈ വ്യവസ്‌ഥ എടുത്തുകളയാനുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ തീരുമാനവും ആറന്മുളയില്‍ കെ.ജി.എസ്. ഗ്രൂപ്പിനു ഗുണം ചെയ്യും. ന്യൂ മുംബൈയിലും നോയിഡയിലും പുതിയ വമ്പന്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണു ദൂരപരിധി സംബന്ധിച്ച നിര്‍ദേശം എടുത്തുകളയുന്നത്. നെടുമ്പാശേരി, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരം 181.18 കി.മീറ്ററാണ്. ഇവയുടെ മധ്യത്തില്‍ സ്‌ഥിതിചെയ്യുന്ന ആറന്മുളയില്‍ മറ്റൊരു വിമാനത്താവളം നിര്‍മിക്കുന്നതു നിലവിലെ വ്യോമയാന നിയമത്തിനു വിരുദ്ധമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറുകിട നഗരങ്ങള്‍ കേന്ദ്രീകരിച്ച് 200 വിമാനത്താവളങ്ങള്‍ ആരംഭിക്കുമെന്നത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സ്വകാര്യ മേഖലയ്‌ക്കു പ്രാമുഖ്യം നല്‍കിയാണു പദ്ധതി വിഭാവന ചെയ്‌തിരിക്കുന്നത്.
പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കിയെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റേയും അനുമതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണു ശ്രദ്ധേയം. ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 1500 ഏക്കര്‍ വ്യവസായ മേഖലയില്‍ തന്നെ സ്‌ഥിതിചെയ്യുകയാണ്. പദ്ധതി പ്രദേശത്ത് കെ.ജി.എസ്. വിലകൊടുത്തുവാങ്ങിയ 232 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമം മറികടന്ന് വാങ്ങിയെന്ന കാരണത്താല്‍ മിച്ചഭൂമിയായി തുടരുകയാണ്. ഇക്കാര്യത്തില്‍ കെ.ജി.എസിന്റെകൂടി വാദം കേട്ടശേഷം നടപടിയെടുത്താല്‍ മതിയെന്നുകാട്ടി നേരത്തെ ഹൈക്കോടതി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനു നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ വിമാനത്താവളം പൊതുതാല്‍പര്യ വിഷയമായതിനാല്‍ ഭൂപരിഷ്‌കരണ നിയമം 81/3 അനുസരിച്ച് മിച്ചഭൂമിയില്‍നിന്ന് ഇളവ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കെ.ജി.എസ്. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് മിച്ചഭൂമിയില്‍നിന്ന് ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്നുകാട്ടി അന്നത്തെ കലക്‌ടര്‍ ബി. മോഹനനു കത്തയച്ചു. അടൂര്‍ ഏനാദിമംഗലത്ത് ഏബ്രഹാം കലമണ്ണിലിനു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ മിച്ചഭൂമി ഇളവ് അനുവദിച്ചതുപോലെ കെ.ജി.എസ്. ആറന്മുളയില്‍ വാങ്ങിയ ഭൂമിക്കും ഇളവ് അനുവദിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതേതുടര്‍ന്നു കലക്‌ടര്‍, ആര്‍.ഡി.ഒ, ലാന്‍ഡ് റവന്യൂ ചെയര്‍മാന്‍, തഹസില്‍ദാര്‍ എന്നിവര്‍ യോഗം കൂടി മിച്ചഭൂമി ഇളവ് അനുവദിക്കാവുന്നതാണെന്നുകാട്ടി സര്‍ക്കാരിന് അയച്ചു. അപ്പോഴേക്കും ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് വന്നതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല.
അതേമസമയം, ഹര്‍ജി പുന:പരിശോധിക്കണമെന്നുകാട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നാണു കെ.ജി.എസ്. പറയുന്നത്. അല്ലെങ്കില്‍ അക്രഡിറ്റേഷന്‍ ഉള്ള ഏജന്‍സിയെകൊണ്ട് വീണ്ടും പരിസ്‌ഥിതി പഠനം നടത്തുമെന്നും പറയുന്നു.








