മലപ്പുറം: ഡയറിഫാം ബിസിനസില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വാഗ്‌ദാനം നല്‍കി മൂന്നു കോടിയോളം രൂപ തട്ടിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തട്ടിപ്പിന് നേതൃത്വം നല്‍കിയ പട്ടാമ്പി സ്വദേശി മുസ്‌തഫസ, അരീക്കോട് വെറ്റിലപ്പാറ സ്വദേശി ജയരാജന്‍ എന്നിവരെയാണ് സ്‌ത്രീകളടങ്ങുന്ന നാട്ടുകാര്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി വരെ തടഞ്ഞുവച്ചത്.
നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയര്‍ കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പോലീസ് പറഞ്ഞു. 2009 മുതല്‍ അരീക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സംഘം ജനങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി നാട്ടുകാര്‍ പറയുന്നു. വി.കെ.എല്‍, വി.ജെ.എല്‍, എസ്.ജി.എന്‍ എന്നി പേരുകളിലുള്ള കമ്പനികളില്‍ നിക്ഷേപിക്കാനാണ് വീട് കേന്ദ്രീകരിച്ചും കുടുംബശ്രീ വഴിയും പണപ്പിരിവ് നടന്നത്.
അരീക്കോട് പി.വി.എസ്.കെട്ടിടത്തിന്റെ മുകളിലായിരുന്നു ഓഫീസ്. തമിഴ്‌നാട്ടിലെ മധുരയിലും മറ്റും നല്ലയിനം പശുക്കളെയും ആടുകളെയും വളര്‍ത്തി പാലുല്‍പ്പാദിപ്പിക്കുന്ന കമ്പനികളിലേക്കാണ് നിക്ഷേപമിറക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. 1000 രൂപ വീതം അറുപത്തിമൂന്ന് മാസം കമ്പനിയില്‍ അടയ്‌ക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു ലക്ഷം രൂപ തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയോളം ലാഭം ലഭിക്കുന്ന ഈ പദ്ധതിയില്‍ അരീക്കോട്, ഊര്‍ങ്ങാട്ടീരി, ചെറുവാടി, കിഴ്‌പറമ്പ്, കാവനൂര്‍, ഇളയൂര്‍, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പണമിറക്കിയത്. ഈ സ്ഥലങ്ങളില്‍ സംഘം സ്‌ത്രീകളെ ഏജന്റുമാരായി നിയമിക്കുകയും നിരവധി സ്‌ത്രീകളെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്‌തിരുന്നു. മൂന്ന് കോടിയോളം രൂപയാണ് ഇങ്ങിനെ സംഘം തട്ടിയെടുത്തത്.
ഒരു അംഗത്തെ ചേര്‍ത്തിയാല്‍ ഏജന്റുമാര്‍ക്ക് 400രൂപ വരെ കമ്പനി ഓഫര്‍ ചെയ്‌തിരുന്നു. ഇതോടെ ഏജന്റുമാരായി നിയമിക്കപ്പെട്ട സ്‌ത്രീകള്‍ കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലക്ഷക്കണക്കിനു രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. കീഴ്‌പറമ്പ് നിവാസിയായ ഒരു സ്‌ത്രീ നിക്ഷേപിച്ചത് ഒമ്പതുലക്ഷം രൂപയാണ്. ഈ ഒമ്പത് ലക്ഷം രൂപയും സമാഹരിച്ചത് നാട്ടുകാരയ സ്‌ത്രീകളില്‍ നിന്നാണ്. 2014 വരെ പലഭാഗങ്ങളില്‍ നിന്നായി തട്ടിപ്പ് സംഘം പണം സ്വീകരിച്ചു.
എന്നാല്‍, അഞ്ചു വര്‍ഷം പൂര്‍ത്തിയായതോടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാതെ വന്നതോടെയാണ് പരാതികളുയര്‍ന്നത്. ഇതോടെ തട്ടിപ്പ് സംഘം ഓഫീസ് അടച്ച് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം തട്ടിപ്പ് സംഘത്തില്‍പ്പെട്ട വെറ്റിലപ്പാറയിലുള്ള ജയരാജന്‍ നാട്ടിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിനിരയായ സ്‌ത്രീകള്‍ വീട്ടിലേക്ക് പോവുകയും അവിടെ ഭക്ഷണം പാകം ചെയ്‌ത് താമസിച്ച് സമരം നടത്തുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് മധ്യസ്ഥന്മാര്‍ ഇടപെട്ട് ഇന്നലെ അരീക്കോട്ട് വച്ച് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പില്‍ നിക്ഷേപകര്‍ പിരിഞ്ഞ് പോവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ചര്‍ച്ചക്കായി എത്തിയ ജയരാജനും മുസ്‌തഫയും പുതിയ ഓഫറുകള്‍ മുന്നോട്ട് വച്ച് നിക്ഷേപകരെ കൂടുതല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചത്.








