തിരുവനന്തപുരം : ചലച്ചിത്ര മേളകള്‍ ജനകീയമാകുന്നതില്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പരിഭ്രമിക്കുന്നത് എന്തിനെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍. കണ്ണും കാതും തുറന്നുവെച്ച് സിനിമ കാണാന്‍ വരുന്നവരെ ഭാഷയുടെ പേരില്‍ ആട്ടി പുറത്താക്കരുത്. എലിപ്പത്തായവും, കിലുക്കവും,കമ്മിഷണറും ഒരുപോലെ ഇഷ്‌ടപ്പെടുന്ന താന്‍ ഇത്തവണ ചലച്ചത്രമേളയ്‌ക്കില്ലെന്നും ഉണ്ണികൃഷ്‌ണന്‍ വ്യക്‌തമാക്കി. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഉണ്ണികൃഷ്‌ണന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ നിലപാടുകളെ വിമര്‍ശിച്ചിരിക്കുന്നത്. ഇംഗീഷ് അറിയാത്തവര്‍ തലസ്‌ഥാനത്തെ ചലച്ചിത്ര മേളയില്‍ പങ്കെടുക്കേണ്ടതില്ലെന്ന അടൂര്‍ ഗോപാലകൃഷ്‌ണന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ഉണ്ണികൃഷ്‌ണന്റെ പ്രതികരണം. ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ മനസിലാക്കണമെങ്കില്‍ ഡെലിഗേറ്റുകള്‍ക്കു വേണ്ടത്ര വിദ്യാഭ്യാസമുണ്ടാകണമെന്നും ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു.








