പുണെ: ഐ.എസ്.എല്‍ ആദ്യപാദത്തിലെ അവസാന മത്സരത്തില്‍ ജയത്തോടെ പോയന്‍റ്
പട്ടികയില്‍ മുന്നില്‍ കടക്കാമെന്ന ചെന്നൈയിന്‍ എഫ്.സിയുടെ മോഹം
സമനിലയില്‍ (1-1) കുരുക്കി പുണെ എഫ്.സി തകര്‍ത്തു. മികച്ച കളി
പുറത്തെടുത്തിട്ടും അവസരങ്ങള്‍ മുതലാക്കാനാകാതെപോയതാണ് അര്‍ഹിച്ച വിജയം
ചെന്നൈ ടീമിന് അന്യമാക്കിയത്. അതേസമയം, എതിര്‍ തന്ത്രം കണ്ടറിഞ്ഞ് കളി
പുറത്തെടുത്ത പുണെ എതിരാളികളെ വിറപ്പിച്ചുവിടുകയും ചെയ്തു. ഗ്രീസ് താരം
കോസ്റ്റസ് കസ്റ്റോറിനസിലൂടെ പുണെ ആദ്യപകുതിയില്‍ മുന്നിലത്തെിയെങ്കിലും
രണ്ടാം പകുതിയില്‍ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയിലൂടെ
ചെന്നൈയിന്‍ തുല്യത നേടി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന
അത്ലറ്റികോ ഡി കൊല്‍ക്കത്തക്കൊപ്പം 12 പോയന്‍റാണ് ചെന്നൈയിനുമുള്ളത്.
ചെന്നൈയിനു പിന്നില്‍ 11 പോയന്‍റുമായി പുണെ മൂന്നാം സ്ഥാനത്താണ്.
ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റത്തോടെയായിരുന്നു തുടക്കം. മെന്‍ഡോസയും എലാനോയും ചേര്‍ന്നുള്ള ചെന്നൈയിന്‍ നിര ആദ്യമിനിറ്റില്‍ തന്നെ എതിര്‍ ബോക്സിനടുത്ത് പന്തത്തെിച്ചെങ്കിലും സിറിലോയുടെ നേതൃത്വത്തില്‍ പുണെ പ്രതിരോധം കോര്‍ണറില്‍ ഒതുക്കി എതിര്‍ നീക്കം തടഞ്ഞു. ചെന്നൈയിന്‍ കളിയില്‍ മേധാവിത്വമുറപ്പിച്ച് മുന്നേറുന്നതിനിടെയാണ് തകര്‍പ്പന്‍ ഗോളില്‍ കോസ്റ്റസ് പുണെയെ മുന്നിലത്തെിച്ചത്. എട്ടാം മിനിറ്റില്‍ വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തില്‍ ഇസ്രയില്‍ ഗുരുങ് ബോക്സിനുള്ളിലേക്ക് നല്‍കിയ പന്ത് എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ക്ളോസ് റേഞ്ചില്‍ കോസ്റ്റസ് വലയിലത്തെിച്ചു. പിന്നാലെ ഗോള്‍ മടക്കാന്‍ ചെന്നൈയിന്‍ കച്ചകെട്ടിയതോടെ മത്സരം തീപാറി. മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ നിറഞ്ഞ എലാനോ തന്നെയായിരുന്നു ചെന്നൈയിന്‍ ആക്രമണങ്ങളുടെ കുന്തമുന.
മറ്റെരാസിയും സില്‍വസ്റ്ററും പിന്‍നിര അടച്ചുകെട്ടി മുന്നേറ്റക്കാര്‍ക്ക് പന്ത് കൈമാറിത്തുടങ്ങിയതോടെ പുണെ വല ഏതുനിമിഷവും കുലുങ്ങാമെന്ന അവസ്ഥ കൈവന്നു. 14ാം മിനിറ്റില്‍ ബോക്സിന് മുന്നില്‍നിന്ന് ലഭിച്ച ഫ്രീകിക് എലാനോ കൃത്യം പോസ്റ്റിലേക്ക് തൊടുത്തെങ്കിലും പുണെ ഗോളി അരിന്‍ദാം ഭട്ടാചാര്യ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെടുത്തി. 16ാം മിനിറ്റില്‍ സമനില ഗോളിനായി പെനാല്‍റ്റിയിലൂടെ ലഭിച്ച അവസരം എലാനോ പാഴാക്കിയത് ചെന്നൈയിന് തിരിച്ചടിയായി.
മെന്‍ഡോസയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എലാനോ പുറത്തേക്കാണ് അടിച്ചത്. എങ്കിലും ചെന്നൈയിന്‍ നീക്കങ്ങള്‍ക്ക് മുര്‍ച്ച കുറഞ്ഞില്ല. പുണെ നിര ആക്രമണം മറന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും മെന്‍ഡോസയുടെ എണ്ണംപറഞ്ഞ ഷോട്ടുകള്‍ നിരന്തരം എതിര്‍ പോസ്റ്റിലേക്ക് മൂളിപ്പറന്നു.
മറുവശത്ത് പുണെ മുന്നേറ്റക്കാര്‍ ചെന്നൈയിന്‍ ബോക്സിനടുത്ത് വട്ടമിട്ടെങ്കിലും മറ്റെരാസി തീര്‍ത്ത വന്‍ മതില്‍ അവസരം നല്‍കിയില്ല. 39ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ മെന്‍ഡോസക്ക് മികച്ച അവസരം ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പുണെയുടെ നീക്കങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധത്തില്‍ ചെറിയ സമ്മര്‍ദമുണ്ടാക്കി അവസാനിച്ചു.
എന്നാല്‍, രണ്ടാം പകുതിയില്‍ പുണെ ഇറങ്ങിക്കളിക്കാന്‍ തുടങ്ങിയതോടെ മത്സരത്തിന് വേഗം കൂടി. 49ാം മിനിറ്റില്‍ ചെന്നൈയിന്‍ പോസ്റ്റിലേക്ക് ഡുഡു തൊടുത്ത ഷോട്ട് പ്രതിരോധക്കാരന്‍ ധനചന്ദ്ര സാഹസപ്പെട്ട് ഒഴിവാക്കി. തുടര്‍ന്ന് ചെന്നൈയിന്‍ നടത്തിയ നിരന്തര നീക്കത്തിനൊടുവില്‍ 58ാം മിനിറ്റില്‍ സമനില ഗോളത്തെി. സ്ഥാനംതെറ്റി നില്‍ക്കുന്ന എതിര്‍ പ്രതിരോധത്തെ മുന്‍കൂട്ടി കണ്ട് എലാനോ മധ്യനിരയില്‍നിന്ന് നീട്ടിനല്‍കിയ പന്ത് ബല്‍വന്ത് കാലില്‍ കുരുക്കി ബോക്സിനുള്ളിലേക്ക് കടന്നു. തടയാനത്തെിയ എതിര്‍ താരങ്ങള്‍ക്കിടയിലൂടെ ബല്‍വന്തില്‍നിന്ന് പാസ് വാങ്ങിയ മെന്‍ഡോസ മുന്നോട്ടു കയറാനൊരുങ്ങിയ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലത്തെിച്ചു. ഗോള്‍നിലയില്‍ ഒപ്പത്തിനൊപ്പമത്തെിയ ഇരുനിരയും പൂര്‍ണമായി ആക്രമണത്തിന് തുനിഞ്ഞതോടെ അവസരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പിറന്നു.
വിജയഗോളിനായി താരങ്ങളെ മാറ്റി പരീക്ഷിച്ച് പുണെ-ചെന്നൈയിന്‍ കോച്ചുമാര്‍ അവസാനഘട്ടം വരെ മത്സരത്തിന് ആവേശം പകര്‍ന്നെങ്കിലും പ്രതീക്ഷിച്ച ഗോള്‍മാത്രം മാറിനിന്നു.








