കൊല്ലം: ആയിരത്തോളം വാഹനങ്ങള്‍ പോലീസ് സേനക്കു ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിലുള്ള വാഹനങ്ങള്‍തന്നെ ഓടിക്കാന്‍ ഡ്രൈവര്‍മാരില്ലാതെ വീര്‍പ്പുമുട്ടുകയാണ് പോലീസ് സേന. 5500-ല്‍ അധികം വാഹനങ്ങളുള്ള സേനക്ക് ഇതിന്റെ പകുതി ഡ്രൈവര്‍മാര്‍ മാത്രമാണുള്ളത്. മൂവായിരത്തോളം തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
സംസ്‌ഥാനത്ത് എ.ആര്‍.ക്യാമ്പുകള്‍ വഴിയാണു മുന്‍കാലങ്ങളില്‍ ഡ്രൈവര്‍മാരെ നിയമിച്ചിരുന്നത്. എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് ഡ്രൈവര്‍ തസ്‌തികയില്‍ നിലവിലുണ്ടായിരുന്ന എണ്ണം കൂട്ടിയത്. പോലീസ് ജീപ്പുകള്‍ക്കും മറ്റു ഹെവി വാഹനങ്ങള്‍ക്കും ഒന്നിലധികം ഡ്രൈവര്‍മാര്‍ വേണമെന്നാണ് സര്‍ക്കാര്‍ ചട്ടം. എന്നാല്‍ പല സ്‌റ്റേഷനുകളിലും പോലീസ് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഹോം ഗാര്‍ഡും മറ്റു തസ്‌തികകളില്‍ ജോലി ചെയുന്ന പോലീസ് ഉദ്യോഗസ്‌ഥന്മാരുമാണ് ഡ്രൈവര്‍ ജോലികൂടി ചെയ്യുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ വാഹനം ഓടിക്കാന്‍ മൊത്തം വാഹനത്തിന്റെ 10 ശതമാനം ഡ്രൈവര്‍മാര്‍ വേണമെന്ന സര്‍ക്കാര്‍ ചട്ടവും പാലിക്കപ്പെടുന്നില്ല. പി.എസ്.സി എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും വിജയിച്ച ഉദ്യോഗാര്‍ഥികള്‍ ഉള്ളപ്പോഴും പത്തുവര്‍ഷമായി ഡ്രൈവര്‍ തസ്‌തികയില്‍ നിയമനം നടക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.







