കണ്ണൂര്‍: ആദിവാസി സമൂഹത്തെ മനുഷ്യരായി കാണാന്‍ തയ്യാറാവാത്ത മേലാള മനസ്സ് അധികാരം കയ്യാളുന്നതാണ് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ദുരന്തത്തിലെത്തിക്കാന്‍ ഇടയായതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അരോപിച്ചു.
വനവിഭവങ്ങള്‍ ഭക്ഷിച്ച് ആരോഗ്യത്തോടെ ജീവിച്ചുപോന്ന ഗോത്ര വിഭാഗങ്ങളെ ഭാവനയും ദീര്‍ഘ വീക്ഷണവുമില്ലാതെ സമുദ്ധരിക്കാന്‍ ഇറങ്ങിപുറപ്പെട്ടത് അവരുടെ വംശനാശത്തിലേക്കാണ് വഴിവെക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വര്‍ദ്ധിച്ചുവരുന്ന ശിശുമരണങ്ങളും ഗര്‍ഭചിദ്രങ്ങളും രാഷ്ട്രീയ മത്സരത്തിനുള്ള വേദിയാക്കിമാറ്റുകയാണ് ഇടത്-വലത് മുന്നണികള്‍. ആദിവാസികളുടെ ആരോഗ്യം, ഭൂമി തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാലങ്ങളായി ഇരുകൂട്ടരും കുറ്റകരമായ അനാസ്ഥയാണ് തുടര്‍ന്ന് പോരുന്നത്. പട്ടിണി മരണവും ദുരിതങ്ങളും മാധ്യമ വാര്‍ത്തയാകുമ്പോള്‍ മാത്രം പ്രകടിപ്പിക്കുന്ന ആദിവാസി പ്രേമം കാപട്യമാണെന്നും എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കൃഷി ചെയ്‌ത് വനമേഖലയില്‍ അല്ലലില്ലാതെ ജിവിച്ചുപോന്ന ആദിവാസികളെ ഭൂമാഫിയകള്‍ക്കുവേണ്ടി കുടിയിറക്കി കൊടുക്കുന്ന ദല്ലാള്‍ ജോലിയാണ് കോണ്‍ഗ്രസ്സും, സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണികള്‍ നടത്തിപോന്നത്.
നിരന്തരം സമരത്തിനൊടുവില്‍ 2001 ഒക്ടോബര്‍ 16 ന് അന്നത്തെ ആന്റണി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് 13 വര്‍ഷം പിന്നിട്ടിട്ടും പാലിക്കാന്‍ ശ്രമിക്കുന്നില്ല. ആദിവാസി ഭൂമി പ്രശ്‌നം ജീവല്‍ പ്രശ്‌നമാണ്. കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുക്കേണ്ട സമരമാണിതെന്ന് എസ്.ഡി.പി.ഐ വിലയിരുത്തുന്നു. ആദിവാസി ഭൂപ്രശ്‌നത്തില്‍ കാണിക്കുന്ന വഞ്ചനയില്‍ പ്രതിഷേധിച്ച് അവര്‍ക്കുവേണ്ടി മാത്രമായി ഏറ്റെടുത്ത ആറളം ഭൂമി പിടിച്ചെടുക്കാനുള്ള സമരത്തിന് എസ്.ഡി.പി.ഐ (നാളെ) നവംബര്‍ 12 ന് തുടക്കം കുറിക്കുകയാണ്. ആദിവാസികള്‍ക്ക് അവരുടെ ഭൂമി ലഭിക്കുന്നതുവരെ പാര്‍ട്ടി സമരമുഖത്തായിരിക്കും. ബുധനാഴ്‌ച നടക്കുന്ന പിടിച്ചെടുക്കല്‍ സമരത്തില്‍ ആദിവാസികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കും.
എസ്.ഡി.റ്റി.യു സംസ്ഥാന അധ്യക്ഷന്‍ എ.വാസു, കല്ലേന്‍ പുക്കുടന്‍, നിഥീഷ് കില്ലന്‍കീരിയില്‍, വര്‍ക്കല രാജ്, സാംകുട്ടി ജേക്കബ്, മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, നാസറുദ്ദീന്‍ എളമരം, എം.കെ മനോജ്‌കുമാര്‍, പി.അബ്‌ദുല്‍ ഹമീദ്, ജ്യോതിഷ് പെരുമ്പുളിക്കല്‍, പി.കെ ഉസ്‌മാന്‍, പി.ആര്‍.കൃഷ്‌ണന്‍ കുട്ടി, കെ.കെ അബ്‌ദുല്‍ ജബ്ബാര്‍, ടി.അബ്‌ദുല്‍ നാസര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അദ്ധ്യക്ഷതവഹിച്ചു.







