തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സിന് ആശയക്കുഴപ്പം. കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സിന് രണ്ട് നിയമോപദേശങ്ങള്‍ ലഭിച്ചു. കേസെടുക്കേണ്ടന്ന് വിജിലന്‍സ് പ്രോസിക്യൂഷന്‍ മേധാവി നിയമോപദേശം നല്‍കിയപ്പോള്‍ കേസെടുക്കാമെന്നാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും അന്വേഷണ സംഘം വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കൈമാറി. കേസെടുക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.
മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുക്കാമെന്നാണ് ഒരു നിയമോപദേശം. എന്നാല്‍ വിജിലന്‍സ് പ്രോസിക്യൂഷന്‍ മേധാവിയുടെ വ്യത്യസ്‌ത നിലപാട് വിജിലന്‍സിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ചൊവ്വാഴ്‌ച രാത്രിയാണ് ബാര്‍ കോഴ ആരോപണം അന്വേഷിച്ച വിജിലന്‍സ് ഡി.വൈ.എസ്.പി സുരേഷ് കുമാര്‍ വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസെടുക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ് ഡയറക്‌ടര്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ആഭ്യന്തര വകുപ്പുമായിക്കൂടി ആലോചിച്ച് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയാകും കേസെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

%2B-%2BCopy.jpg)






