ബെംഗളൂരൂ: ബെംഗളൂരുവിലെ സ്കൂളിൽ എട്ടു വയസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂളിന്റെ വസ്തുവകകൾ തീയിട്ടു. സ്കൂളിലെ പി.ടി അദ്ധ്യാപകനെ നാട്ടുകാർ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസിനും നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടേി വന്നു.
ബുധനാഴ്ച രാവിലെ ബ്യതാരയൻപുരയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്കൂൾ പരിസരത്തുനുള്ളിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സംഘടിച്ചെത്തി അദ്ധ്യാപകനെ കൈകാര്യം ചെയ്തു. പൊലീസെത്തി അദ്ധ്യാപകനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇതിനിടെ സ്കൂളിന്റെ വാഹനങ്ങൾക്കും സമരക്കാർ തീയിട്ടു. സംഘർഷത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെയായി ബെംഗളൂരുവിൽ നിരവധി ലൈംഗിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.








