Home » » മകളുടെ വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു.

മകളുടെ വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു.

Written By Unknown on Monday, 12 January 2015 | 18:34

ബാലുശേരി: മകളുടെ വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു. പനങ്ങാട് പഞ്ചായത്തിലെ കൊട്ടാരമുക്ക് എളുമ്പ്ര രാജന്‍ (55) ആണ് താന്‍ കൃഷിചെയ്ത വാഴത്തോട്ടത്തിലെ മരക്കൊമ്പില്‍ ജീവനൊടുക്കിയത്.ബിഎസ്സ്സി നേഴ്സിങ് പഠനത്തിന് വേണ്ടിയാണ് 2005ല്‍ ബാലുശേരി എസ്ബിടി ശാഖയില്‍നിന്ന് 3,75,000 രൂപ വായ്പയെടുത്തത്. കൂലിപ്പണിക്ക് പോയും പറമ്പ് പാട്ടത്തിനെടുത്ത് വാഴ, കപ്പ എന്നിവ കൃഷിചെയ്തുകിട്ടുന്ന വരുമാനംകൊണ്ടും അല്‍പ്പാല്‍പ്പമായി ലോണ്‍ തിരിച്ചടയ്ക്കാറുണ്ടായിരുന്നു. മുതലും പലിശയുമടക്കം ഏഴ് ലക്ഷത്തിലധികം രൂപ ഇപ്പോള്‍ തിരിച്ചടയ്ക്കാനുണ്ട്.
2014 ഡിസംബര്‍ ആറിന് കൊയിലാണ്ടി കോടതിയില്‍ നടന്ന അദാലത്തില്‍ രാജന്റെ വായ്പ പരിഗണനയ്ക്ക് വരാത്തതില്‍ മനോവിഷമമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ വീടും നാലര സെന്റ് ഭൂമിയും പണയപ്പെടുത്തി ഇതേ ബാങ്കില്‍നിന്ന് 20,000 രൂപ വേറെയും വായ്പയെടുത്തിരുന്നു. ഈ തുക പൂര്‍ണമായും അടച്ച് പറമ്പിന്റെ ആധാരം തിരിച്ചെടുക്കാന്‍ ചെന്നെങ്കിലും വിദ്യാഭ്യാസവായ്പ തിരിച്ചടക്കാതെ പണയവസ്തു തരില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പലപ്പോഴായി വീട്ടില്‍വന്ന് ബാങ്ക് അധികൃതര്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
വിവാഹിതയായ മകളുടെ ഫോണ്‍നമ്പറും ബാങ്ക് അധികൃതര്‍ വീട്ടില്‍ വന്ന് വാങ്ങിയിരുന്നു. ഇതിലൊക്കെ രാജന്‍ കുറച്ചുദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു.എന്നാല്‍ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും തിരിച്ചടവ് വൈകിയാലുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും എസ്ബിടി ബാലുശേരി ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.വനജയാണ് രാജന്റെ ഭാര്യ. മക്കള്‍: ജീന രാജ്, ബൈജുരാജ്. മരുമകന്‍: സുരേഷ് (തമ്പംപൊയില്‍). സഹോദരങ്ങള്‍: അനില്‍ (കൂരാച്ചുണ്ട്), സുകു (എരപ്പാംതോട്), ഷൈലജ (വയനാട്), ശ്യാമള (തിരുവനന്തപുരം), രമ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.