കൊച്ചി: മോഹന്‍ലാല്‍ നയിക്കുന്ന സംഗീത ബാന്‍ഡ് ലാലിസത്തിന്റെ പ്രമോഷണല്‍ സോങ് പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് പ്രചാരണഗാനം പാടിയിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യന്‍ സിനിമാ സംഗീതത്തിനുള്ള ശ്രദ്ധാഞ്ജലിയായി ലാലിസം ഇന്ത്യാ സിംഗിങ് എന്ന പേരില്‍ ജനുവരി 31ന് തിരുവനന്തപുരത്ത് അരങ്ങേറും.ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്രയാണു ലാലിസം. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായക ഗാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ആദ്യ ശബ്ദ ചിത്രം ആലം ആര മുതല്‍ 1980 കാലഘട്ടം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സംഗീത പരിപാടി നടക്കുക.ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന ഷോയില്‍ ലാലിന്റെ ചിത്രങ്ങളിലെ നാല്‍പതോളം ഗാനങ്ങളുണ്ടാകും. ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍. ലാലിസവുമായി ലോകമെങ്ങും മോഹന്‍ലാലും സംഘവും സഞ്ചരിക്കും. ചെറിയ തിയറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ വമ്പന്‍ വേദികളിലാകും ലാലിസം നിറയുക.








