Home » » സാമ്പത്തിക ബാധ്യത;ആദിവാസി ഊരുമൂപ്പന്‍ ജീവനൊടുക്കി.

സാമ്പത്തിക ബാധ്യത;ആദിവാസി ഊരുമൂപ്പന്‍ ജീവനൊടുക്കി.

Written By Unknown on Wednesday, 7 January 2015 | 18:46

ചെറുതോണി: സാമ്പത്തിക ബാധ്യത മൂലം ആദിവാസി ഊരുമൂപ്പന്‍ ജീവനൊടുക്കി. ഊരാളി സമുദായ സംഘടനയുടെ കഞ്ഞിക്കുഴി ബ്രാഞ്ച്‌ പ്രസിഡന്റ്‌ പൈമ്പായില്‍ റെജി(37) ആണു ജീവനൊടുക്കിയത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ വിഷം ഉള്ളില്‍ച്ചെന്ന്‌ അവശനിലയില്‍ കണ്ടെത്തിയ റെജിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കുകയായിരുന്നെന്നു ബന്ധുക്കളും പോലീസും പറഞ്ഞു.

വീടുവയ്‌ക്കുന്നതിനായി റെജി കഞ്ഞിക്കുഴി സഹകരണ ബാങ്കില്‍നിന്നും 85000 രൂപ വായ്‌പയെടുത്തിരുന്നു. തിരിച്ചടവ്‌ മുടങ്ങിയതോടെ വായ്‌പത്തുക മുതലും പലിശയുമടക്കം 2,61135 രൂപയായി. ഇതോടെ വീടും സ്‌ഥലവും ജപ്‌തി ഭീഷണിയിലായി. ഒരു വ്യക്‌തിയില്‍ നിന്നും പലിശയ്‌ക്കെടുത്ത ഒരു ലക്ഷംരൂപ സമയത്ത്‌ കൊടുക്കാന്‍ കഴിയാത്തതിനേത്തുടര്‍ന്ന്‌ ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ വീടുവയ്‌ക്കാന്‍ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത തുക ലഭിക്കാതെ വന്നതിനാലാണു ബ്ലേഡ്‌ പലിശയ്‌ക്ക്‌ കടമെടുത്ത്‌ വീടുപണി പൂര്‍ത്തിയാക്കിയത്‌. സര്‍ക്കാര്‍ ആദിവാസികള്‍ക്കു വീടുവയ്‌ക്കാന്‍ രണ്ടര ലക്ഷം രൂപ വാഗ്‌ദാനം നല്‍കിയെങ്കിലും 75000 രൂപ മാത്രമാണ്‌ ഇയാള്‍ക്കു ലഭിച്ചത്‌. കുടുംബവിഹിതമായി ഇയാള്‍ക്ക്‌ അരയേക്കര്‍ സ്‌ഥലമാണുള്ളത്‌.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പുഷ്‌പ. ഏഴിലും രണ്ടിലും പഠിക്കുന്ന ആദിത്യയും ആരോമലും മക്കളാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.