Home » » സുബ്രഹ്‌മണ്യന്‍ സമിതി ശിപാര്‍ശ;മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌ പശ്‌ചിമഘട്ട മലനിരകളിലേക്കുള്ള കോര്‍പറേറ്റുകളുടെ കടന്നുകയറ്റം.

സുബ്രഹ്‌മണ്യന്‍ സമിതി ശിപാര്‍ശ;മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌ പശ്‌ചിമഘട്ട മലനിരകളിലേക്കുള്ള കോര്‍പറേറ്റുകളുടെ കടന്നുകയറ്റം.

Written By Unknown on Wednesday, 7 January 2015 | 18:52

പത്തനംതിട്ട: പരിസ്‌ഥിതി നിയമങ്ങള്‍ ലംഘിച്ച്‌ സുബ്രഹ്‌മണ്യന്‍ സമിതി തയാറാക്കിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌ പശ്‌ചിമഘട്ട മലനിരകളിലേക്കുള്ള കോര്‍പറേറ്റുകളുടെ കടന്നുകയറ്റം. പരിസ്‌ഥിതി സംരക്ഷണം ലക്ഷ്യമിട്ട്‌ ഭരണഘടന നിര്‍ദേശിച്ചിട്ടുള്ള രാജ്യത്തിന്റെ മൗലിക കടമകള്‍ പോലും അട്ടിമറിക്കുന്ന നടപടിയാണ്‌ ടി.എസ്‌.ആര്‍. സുബ്രഹ്‌മണന്‍ സമിതി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട്‌ നടപ്പായാല്‍ വന്‍കിട കമ്പനികള്‍ക്ക്‌ സംരക്ഷിത വനമേഖലകള്‍ തീറെഴുതി വാങ്ങാം, 35000 ഏക്കര്‍ വരുന്ന പരിസ്‌ഥിതി ദുര്‍ബല മേഖലയില്‍ എന്തും ചെയ്യാം, തോട്ടമേഖലയില്‍ വ്യവസായം തളിരിടും. നിക്ഷിപ്‌ത വന നിയമപ്രകാരം ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഭൂമിയില്‍ സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല.
 
സ്വകാര്യവ്യക്‌തികളുടെയും സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും അധീനതയില്‍ സംസ്‌ഥാനത്ത്‌ 6,03,624 ഹെക്‌ടര്‍ തോട്ടങ്ങളുണ്ട്‌. വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങള്‍ വനത്തിന്റെ ഭാഗമായാണു കണക്കാക്കപ്പെടുന്നത്‌. തോട്ടങ്ങള്‍ വനത്തിന്റെ പരിധിയില്‍ നിന്നും പുറത്താകുന്നതോടെ കോടികള്‍ വിലമതിക്കുന്ന ഈ സമ്പത്ത്‌ വന്‍കിടക്കാരുടെ കൈകളില്‍ അമരും.
 
1970-77 കാലഘട്ടത്തില്‍ രൂപീകരിച്ച പല പരിസ്‌ഥിതി-വനസംരക്ഷണ നിയമങ്ങള്‍ക്കും വിജ്‌ഞാപനമായത്‌ പത്തുവര്‍ഷത്തിന്‌ ശേഷമാണ്‌. സംസ്‌ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ട വനനിയന്ത്രണം 1980 ഒക്‌ടോബര്‍ 25 നാണ്‌ കേന്ദ്രം ഏറ്റെടുത്തത്‌. അന്ന്‌ കേന്ദ്ര വനപരിപാലന നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള തോട്ടങ്ങളാണ്‌ വനനിയമത്തിന്റെ പരിധിയില്‍ നിന്നും ഇപ്പോള്‍ മോചിതമാകുന്നത്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്‌ കര്‍ഷക സൗഹൃദനയമായി തോന്നാം. വനത്തോട്‌ ചേര്‍ന്നുകിടക്കുന്ന വസ്‌തുക്കള്‍ക്കും തോട്ട ഭൂമികള്‍ക്കും വില വര്‍ധിച്ചെന്നും വരാം. എന്നാല്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതികള്‍ക്കായി പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്‌ കോര്‍പറേറ്റുകളുടെ കൈകളില്‍ അകപ്പെടാനുള്ള സാധ്യത ഏറെയാണ്‌.
 
കേരളത്തില്‍ ജനവാസം കുറഞ്ഞ മേഖലയാണ്‌ സഹ്യസാനുക്കളോട്‌ ചേര്‍ന്നുകിടക്കുന്ന സ്‌ഥലങ്ങള്‍. ഇവിടെ വന്‍കിട വ്യവസായങ്ങള്‍ ഭാവിയില്‍ വന്നുചേരാന്‍ ഇതു വഴിതെളിക്കും. റബറിന്‌ വില ഇടിയുന്നതോടെ 4,43,300 ഹെക്‌ടര്‍ വരുന്ന റബര്‍തോട്ടങ്ങളില്‍ ഇനിയുള്ള കാലം വ്യവസായസാധ്യത തള്ളിക്കളയാന്‍ കഴിയില്ല. വനമായി വിജ്‌ഞാപനം പുറപ്പെടുവിച്ചതും എന്നാല്‍ ഇപ്പോള്‍ വനമല്ലാതായി നിലകൊള്ളുന്നതുമായ നെല്ലിയാമ്പതി പോലുള്ള സ്‌ഥലത്ത്‌ കര്‍ഷകന്റെ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുമെന്നത്‌ ആശ്വാസം നല്‍കുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നിയമം ഇവിടേയും ഭീഷണി ഉയര്‍ത്തും.
 
1971-ല്‍ രൂപീകരിച്ചതും എന്നാല്‍ എണ്‍പതിന്‌ ശേഷം വിജ്‌ഞാപനമായതുമായ സ്വകാര്യവനം നിക്ഷിപ്‌തമാക്കല്‍ പതിച്ചുനല്‍കല്‍ നിയമപ്രകാരം നാല്‍പ്പതിനായിരം ഏക്കര്‍ ഭൂമി സംസ്‌ഥാനത്തുണ്ട്‌. ഈ ഭൂമിയില്‍ ഇനി വ്യക്‌തികള്‍ക്ക്‌ പൂര്‍ണ അവകാശം ഉന്നയിക്കാം. എന്നാല്‍ എത്രകാലം ഇവിടം കര്‍ഷകന്റെ കൈയ്യില്‍ സുരക്ഷിതമായി ഇരിക്കും എന്ന്‌ വ്യക്‌തമല്ല. പരിസ്‌ഥിതി ദുര്‍ബല മേഖലയായി ഗണിച്ചിട്ടുള്ള സ്‌ഥലങ്ങള്‍ വന നിയമത്തില്‍ നിന്നും പുറത്താകുന്നത്‌ വന്‍ ഭവിഷത്തുകള്‍ക്ക്‌ കാരണമാകുമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
 
പരിസ്‌ഥിതി സംരക്ഷണ നിയമം , വനപരിപാലന നിയമം, വന്യജീവി സംരക്ഷണ നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം, വായു മലിനീകരണ നിയന്ത്രണ നിയമം, ഇന്ത്യന്‍ വനനിയമം, എന്നീ കേന്ദ്ര നിയമങ്ങളാണ്‌ ഇപ്പോള്‍ ടി.എസ്‌.ആര്‍. സുബ്രഹ്‌മണ്യന്‍ സമിതി ഉടച്ചുവാര്‍ത്തിട്ടുള്ളത്‌. വനമേഖലയിലെ വ്യവസായവത്‌കരണത്തിനു തടയിടുന്ന നിയമങ്ങളാണിവ. ഇതു മാറ്റി എഴുതുന്നതോടെ വ്യവസായ കുടിയേറ്റമാണു കേന്ദ്രം ലക്ഷ്യമിടുന്നതെന്ന്‌ വ്യക്‌തമാക്കാം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.