മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ വാങ്കടെയിൽ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിംഗ്സ് 6 വിക്കറ്റിന് കീഴടക്കി. ചെന്നൈയുടെ മൂന്നാം ജയവും മുംബയുടെ നാലാം തോൽവിയുമാണിത്.
മുൻനിര തകർന്നെങ്കിലും മധ്യനിരയിൽ നായകൻ രോഹിത് ശർമ്മയും (50) കീറോൺ പൊള്ളാഡും (64) അതിവേഗ അർദ്ധസെഞ്ച്വറികളുമായി രക്ഷയ്ക്കെത്തിയതിനാൽ മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ചെന്നൈ 16.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ ഡ്വെയിൻ സ്മിത്തും (62), ബ്രണ്ടൻ മക്കുല്ലവും (46), സുരേഷ് റെയ്നയുമാണ് (പുറത്താകാതെ 43) ചെന്നൈയെ അതിവേഗം ജയത്തിലെത്തിച്ചത്. മുംബയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ ബൗളർ ആശിഷ് നെഹ്റയാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീംസ്കോർ ഒന്നിൽ നിൽക്കെ ഓപ്പണർ പാർത്ഥിവ് (0) പട്ടേലിനെ നെഹ്റ എൽബിയിൽ കുരുക്കി പറഞ്ഞുവിട്ടു. പകരമെത്തിയ ആൻഡേഴ്സണെയും (4) നിലയുറപ്പിക്കാൻ അനുവദിക്കാതെ നെഹ്റ ഡുപ്ളിസിസിന്റെ കൈകളിൽ എത്തിച്ചു. അധികം വൈകാതെ സിമ്മോൺസിനെ (5) പാണ്ടെയും ഡുപ്ളിസിസിന്റെ കൈയിൽ എത്തിച്ചു. ഇതോടെ 12/3 എന്ന വിഷമസ്ഥിതിയിലായ മുംബയ്യെ ഹർഭജനും (24) രോഹിത് ശർമ്മയും ചേർന്ന് 50 കടത്തിയെങ്കിലും ടീംസ്കോർ 57 ൽ വച്ച് ഹർഭജനെ മോഹിത്തിന്റെ പന്തിൽ ജഡേജ പിടികൂടി. 21 പന്തിൽ 2 ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഹർഭജന്റെ ഇന്നിംഗ്സ്. തുടർന്ന് ക്രീസിലെത്തിയ പൊള്ളാഡ് രോഹിതിനൊപ്പം ചേർന്ന് ടീമിന്റെ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 75 റൺസാണ് ടീമിന്റെ നട്ടെല്ലായത്. 31 പന്തിൽ 5 ഫോറിന്റെയും 1 സിക്സിന്റെയും അകമ്പടിയോടെ 50 റൺസടിച്ച രോഹിതിനെ നെഹ്റയാണ് പുറത്താക്കിയത്. ബ്രാവോ ക്യാച്ചെടുത്തു. 30 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 64 റൺസെടുത്ത പൊള്ളാഡ് ബ്രാവോയുടെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി.








