കാഞ്ഞങ്ങാട് : ബേക്കൽ കോട്ടയിലെ ക്ലർക്കിനെ മർദിച്ച് കളക്ഷൻ തുകയായ 22,000 രൂപ ബേഗിൽ നിന്നും തട്ടിപ്പറിച്ചെടുത്തുവെന്ന കള്ളപരാതിയിൽ എസ്.പി. ഇടപെട്ട് കേസെടുത്ത സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. വിഷു ദിനമായ ബുധനാഴ്ച വൈകിട്ട് ബേക്കൽ കോട്ടയ്ക്കകത്തുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസിനെതിരെ കേസ് ഉത്ഭവിച്ചത്. വിഷു ദിനമായതിനാൽ ബുധനാഴ്ച രാവിലെ മുതൽ കോട്ട കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. സാധാരണ 5.30 ന് കോട്ടയിലേക്കുള്ള ടിക്കറ്റ് വിൽപന നിർത്തിവെച്ച് കൗണ്ടർ അടക്കുകയും ആറു മണിയോടെ സന്ദർശകരെയെല്ലാം കോട്ടക്കുള്ളിൽ നിന്നും പുറത്തിറക്കി ഗേറ്റ് അടച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് മടങ്ങുകയുമാണ് ചെയ്യുന്നത്. കോട്ടയ്ക്കകത്തെ ക്രമസമാധാനപാലനം പൊലീസിന്റെ ചുമതലയാണ്. കോട്ടയുടെ നിയന്ത്രണവും പ്രവർത്തനവും നടത്തുന്ന ആർക്കിയോളജി ജീവനക്കാരും ഡ്യൂട്ടിയിലുള്ള പൊലീസും തമ്മിൽ പലപ്പോഴും പലവിധത്തിലുള്ള പ്രശ്‌നങ്ങൾ കോട്ടയ്ക്കകത്ത് നിലനിൽക്കുന്നുണ്ട്. കോട്ടയ്ക്കകത്തേക്കുള്ള പ്രവേശനം സംബന്ധിച്ചും മറ്റുമാണ് തർക്കങ്ങൾ ഉണ്ടാകുന്നത്. വിഷു ദിനത്തിൽ വൈകീട്ട് 5.30 ന് ശേഷവും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത് കണ്ട് ഇക്കാര്യം ഡ്യൂട്ടിയിലുള്ള പൊലീസുകാർ ആർക്കിയോളജി ജീവനക്കാരോട് അന്വേഷിച്ചിരുന്നു. വിഷു ആയതിനാൽ പ്രവേശന സമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കോട്ടയിലെ ജീവനക്കാർ പൊലീസിന് നൽകിയ മറുപടി. ഇതു സംബന്ധിച്ചുള്ള ഉത്തരവുണ്ടെങ്കിൽ കാണിക്കണമെന്നും ഡ്യൂട്ടി സമയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് സ്‌റ്റേഷൻ അധികാരികളെ അറിയിക്കേണ്ടതുണ്ടെന്നും പൊലീസുകാർ വ്യക്തമാക്കിയിരുന്നു. കോട്ടക്കുള്ളിൽ ആറു മണിവരെയാണ് പൊലീസിന്റെ ഡ്യൂട്ടി നിജപ്പെടുത്തിയിട്ടുള്ളതെന്നും അറിയിച്ചപ്പോൾ ഇതൊന്നും കേൾക്കാൻ കോട്ടയിലെ ജീവനക്കാർ തയ്യാറായിരുന്നില്ല. സമയം ദീർഘിപ്പിച്ചുള്ള ഉത്തരവ് കാണിക്കാനും ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല. ഇതിനിടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് പോകുന്നവരോട് പൊലീസ് കോട്ടകാണാൻ സന്ധ്യമയങ്ങിയാൽ സമയമുണ്ടാകില്ലെന്ന് അറിയിച്ചപ്പോൾ കോട്ടയിലെ ജീവനക്കാർ പ്രതിഷേധ സൂചകമായി പെട്ടെന്ന് ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിനിടയിൽ നിരവധി സന്ദർശകർ കോട്ടയ്ക്കകത്ത് കുടുങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കോട്ടയ്ക്കകത്ത് കുടുങ്ങിയപ്പോൾ പുറത്തിറങ്ങിയ ബന്ധുക്കൾ ബഹളം വെച്ചു. പൊലീസ് പറഞ്ഞിട്ടാണ് ഗേറ്റ് പൂട്ടിയതെന്ന് കോട്ടയിലെ കാവലുണ്ടായിരുന്ന ജീവനക്കാരൻ ബഹളം വെച്ചവരോട് പറഞ്ഞത്. എന്നാൽ പൊലീസ് അകത്തുള്ളവരെ ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിഷേധം പൊലീസിനെതിരെ തിരിച്ചുവിടാനുള്ള കോട്ടയിലെ ജീവനക്കാരുടെ ശ്രമം പാളി. ഇതോടെ പുറത്തുള്ളവർ കൂടുതൽ ബഹളം വെക്കുകയും കോട്ടയിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരോടൊപ്പം നാട്ടുകാരും സംഘടിച്ചതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ അഡീഷണൽ എസ്.ഐ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ടാണ് കോട്ടയിലെ ജീവനക്കാരെ രക്ഷപ്പെടുത്തി പൊലീസ് ജീപ്പിലിരുത്തിയത്. ആൾക്കാരെ മുഴുവൻ പൊലീസ് പിരിച്ചുവിട്ട ശേഷം കോട്ടയിലെ ജീവനക്കാരായ ശിവകൃഷ്ണ പ്രസാദ്, ക്ലർക്ക് രൺബീർ കുമാർ എന്നിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കോട്ടയുടെ ഫോർമാനായ ഷാജു എത്തി യാതൊരു പരാതിയുമില്ലെന്ന് അറിയിച്ചതോടെ പൊലീസ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് രാത്രിയോടെ ക്ലർക്കായ രൺബീർ കുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പൊലീസ് രൺബീർ കുമാറിനെ മർദിച്ചുവെന്നും കൗണ്ടറിലുണ്ടായിരുന്ന കളക്ഷൻ തുക 22,000 രൂപ ബേഗിൽ നിന്ന് പിടിച്ചുപറിച്ചുവെന്നും കാസർകോട് എസ്.പി. ഡോ. ശ്രീനിവാസന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച അതി രാവിലെ തന്നെ എസ്.പി. നേരിട്ട് ബേക്കലിലെത്തി ജി.ഡി. ചാർജിനെയും കൂട്ടി ജില്ലാ ആശുപത്രിയിലെത്തുകയും എസ്.പി തന്ന നേരിട്ട് മൊഴിയെടുത്ത് മോഷണം നടത്തിയതിനും മർദിച്ചതിനും കണ്ടാലറിയാവുന്ന പൊലീസുകാരനെതിരെ കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. കള്ളപ്പരാതിയിൽ പൊലീസുകാർക്കെതിരെ കേസെടുത്ത നടപടി ഇതിനകം തന്നെ പൊലീസ് സേനയ്ക്കുള്ളിൽ അമർഷവും പ്രതിഷേധവും പടരാനിടയാക്കിയിട്ടുണ്ട്. കോട്ടയ്ക്കകത്തെ കൊള്ളരുതായ്മയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് പൊലീസുകാർക്കെതിരെ ഇപ്പോൾ കള്ളപ്പരാതിയിൽ മോഷണക്കുറ്റം ചുമത്തിയതെന്നാണ് പൊലീസുകാർക്കിടയിലുണ്ടായിട്ടുള്ള പരാതി. കോട്ടയ്ക്കകത്ത് മൂന്നോളം കച്ചവട സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് നടത്തുന്നത് കോട്ടയിലെ ജീവനക്കാരുടെ ബിനാമികളാണെന്നും ആക്ഷേപമുണ്ട്. ഒരു വർഷം 50 ലക്ഷത്തോളം രൂപയുടെ വ്യാപാരം ഈ മൂന്നു സ്റ്റാളുകൾ വഴി നടക്കുന്നുണ്ട്. ഇതിന് 10 ലക്ഷം രൂപ മാത്രമേ മുതൽ മുടക്കുള്ളൂവെന്നും ബാക്കി 40 ലക്ഷം രൂപയിൽ നല്ലൊരു തുക ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലെ ഉന്നതഉദ്യോഗസ്ഥർക്കും കോട്ടയിലെ ജീവനക്കാർക്കും ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം. നേരത്തെ സബ്കലക്ടറായിരുന്ന ജീവൻ ബാബു കോട്ട സന്ദർശിച്ചപ്പോൾ ജീവനക്കാർ സ്റ്റാളുകളിൽ സാധനങ്ങൾ വിൽക്കുന്നത് കണ്ട് ഇവരെ പിടികൂടി താക്കീത് ചെയ്തിരുന്നു. അതേ സമയം രണ്ടാഴ്ച മുമ്പ് കണ്ണൂരിലെ വിജിലൻസ് എസ്.പി. കോട്ട കാണാനെത്തിയപ്പോൾ സമയം 5.35 ആയതിനാൽ കോട്ടയ്ക്കകത്തേക്കുള്ള പ്രവേശനം നിഷേധിച്ച് തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോട്ടയ്ക്കകത്തുണ്ടായ സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോട്ടയിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഗുരുതരമായ മോഷണക്കുറ്റം പൊലീസുകാരുടെ മേൽ ചുമത്തിയ എസ്.പിയുടെ നടപടി പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് പൊലീസ് സംഘടനാ പ്രവർത്തകരും വ്യക്തമാക്കുന്നത്. കോട്ടയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരിൽ നിന്നും വിശദീകരണമൊന്നും തേടാതെയാണ് പൊലീസുകാർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തതെന്നാണ് ആക്ഷേപം.








