ശ്രീ മഹാഗണപതിപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 28 വിധത്തിലുള്ള വിനായകഭാവങ്ങളെ, അവയുടെ ആന്തരികാംശങ്ങള്‍ ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ചിത്രീകരിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. ചുമര്‍ചിത്രരചനാശൈലിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ പ്രകൃതിദത്തവര്‍ണ്ണങ്ങളും അക്രലിക്കും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്തിണക്കി ആലേഖനം ചെയ്യുന്നതാകട്ടെ അതിലേറെ ദുഷ്‌കരവും. വ്രതവിശുദ്ധിയോടെയും ആത്മസമര്‍പ്പണത്തോടെയും ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ച് വിനായകനെഅതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് രണ്ട് യുവചിത്രകാരന്‍മാരാണ്. എ. ഹരിനാരായണന്‍ നമ്പൂതിരിയും സി.ഡി.ദിലീപും.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ് ഹരിനാരായണന്‍ നമ്പൂതിരി. കണ്ണൂരിലെ പടിയൂര്‍സ്വദേശിയാണ് ദിലീപ്. ഗുരുവായൂരിലെ ചുവര്‍ചിത്രകലാപരിശീലനകേന്ദ്രത്തില്‍നിന്നും. മ്യൂറല്‍ പെയിന്റിംഗില്‍ നാഷണല്‍ ഡിപ്ലോമാ നേടിയശേഷമാണ് കേരളീയശൈലിയിലുള്ള പെയിന്റിംഗില്‍ ഇരുവരും സജീവമായത്.
ഗുരുവായൂരിലെ സ്വസ്‌തിക് മ്യൂറല്‍ പെയിന്റിംഗ്‌സ് കേന്ദ്രീകരിച്ചാണ് ഇവര്‍ ആധ്യാത്മിക ചിത്രരചനനടത്തുന്നത്.
കേരളീയ ചിത്രരചനാശൈലിയില്‍ വരച്ച ജീവന്‍ തുളുമ്പുന്ന നിരവധി ദൈവരൂപങ്ങളാണ് സ്വസ്‌തിക്കില്‍ ചിട്ടയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആദ്ധ്യത്മിക തേജസ്സിന്റെ സവിശേഷ ശോഭയാര്‍ന്ന ഈ വര്‍ണ്ണക്കാഴ്‌ചകളില്‍ ഗണപതിഭാവങ്ങള്‍മാത്രമല്ല ഉള്ളത്. കൃഷ്‌ണലീലകള്‍... അഷ്‌ടലക്ഷ്‌മീദൃശ്യങ്ങള്‍....അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മ, വിഷ്‌ണുമഹേശ്വരന്‍മാര്‍...സരസ്വതീദേവിയുടെ വിഭിന്നഭാവങ്ങള്‍....പാര്‍വ്വതീപരിണയം, മീനാക്ഷികല്യാണം, കാളിയമര്‍ദ്ദനം വീരാളിപട്ടുകള്‍ തുടങ്ങി പുരാണപരാമര്‍ശങ്ങളുടെ ഒട്ടേറെ മൂര്‍ത്തകാഴ്‌ചകളാണ് ഈ ചിത്രകാരന്മാര്‍ ഒരുക്കിയിരിക്കുന്നത്.
മ്യൂറല്‍ചിത്രങ്ങള്‍ ചുമരുകളില്‍ വരയ്‌ക്കുകയാണ് പതിവ്. അതിനായി പ്രത്യേക രീതിയില്‍ ചുമര് പാകപ്പെടുത്തണം. പ്രകൃതിദത്തമായ ചായക്കൂട്ടുകള്‍ ഉപയോഗിക്കണം... ഒരു മങ്ങലുമില്ലാതെ ഏറെക്കാലമത് നിലനില്‍ക്കും. ഭിത്തിയില്‍ വരയ്‌ക്കുന്ന അതേവിധത്തില്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. കാരണം പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ക്യാന്‍വാസിന് വഴങ്ങില്ല. എന്നാല്‍ പ്രകൃതിദത്തചായങ്ങള്‍ക്കൊപ്പം പ്രത്യേക അനുപാതത്തില്‍ അക്രലിക്ക്‌ചേര്‍ത്താണ് ആ വിഷമതകള്‍ പരിഹരിച്ചത്.
നീലയമരിച്ചെടിയുടെ ഇല ചതച്ച ചാറ്, എണ്ണത്തിരികത്തിച്ച് മണ്‍കുടത്തില്‍ പുകച്ചെടുക്കുന്ന കരി, വിവിധയിനം കല്ലുകള്‍, വേപ്പിന്‍പശ, തുരിശ് തുടങ്ങിയവയാണ് വര്‍ണ്ണകൂട്ടൊരുക്കിനുപയോഗിക്കുന്നത്. രണ്ടടി വീതി രണ്ടരയടിനീളം എന്ന അളവിലുള്ള ക്യാന്‍വാസില്‍ പഞ്ചവര്‍ണ്ണത്താലാണ് വിഘ്‌നേശ്വരന്റെ വിഭിന്ന ഭാവങ്ങള്‍ ചിത്രീകരിച്ചത്. ചിത്രരചനതുടങ്ങിയപ്പോള്‍ ഒട്ടേറെ ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും മഹാഗണപതിയുടെ അനുഗ്രഹത്താല്‍ എല്ലാം ശുഭമായിത്തീര്‍ന്നു. ഹരിഹരന്‍നമ്പൂതിരി ജ്യോതിഷരത്‌നത്തോട് തുറന്നു പറഞ്ഞു.
`നമുക്ക് പരിചിതമായ ഗണപതി രൂപങ്ങള്‍ക്ക് ചന്ദനവര്‍ണ്ണമാണ് പതിവ്. അതല്ലെങ്കില്‍ ശ്യാമവര്‍ണ്ണം. നാലുകൈകള്‍... ഒരുകയ്യില്‍ ലഡു, മറ്റൊരു കയ്യില്‍ തോട്ടിയും കയറും. താമരയും. മഴുവഹിക്കുന്നു വേറൊരുകരത്തില്‍', അടുത്തകയ്യാല്‍ അനുഗ്രഹവും ചൊരിയുന്നു. തുമ്പിക്കരത്തിലാകട്ടെ തീര്‍ത്ഥകലശവും... ഗണപതിവിഗ്രഹങ്ങളിലും വ്യത്യസ്‌തത കാണാം. നില്‍ക്കുന്നതും ഇരിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വിഗ്രഹങ്ങള്‍ ഉണ്ട്. തുമ്പിക്കരം ഇടത്തോട്ട് തിരിഞ്ഞിരിക്കുന്ന ഇടമ്പിരിയും വലത്തോട്ട് തിരിഞ്ഞിരിക്കുന്ന വലമ്പിരിയും പരമശിവന്റെ ആകാരാംശമായ ഗണപതിയുടെ വയറ്റില്‍ അണ്ഡഗോളങ്ങള്‍ അടങ്ങിയിരിക്കുന്നതായാണ് പുരാണങ്ങളില്‍ പറയുന്നത്.
ഓരോ വിഘ്‌നേശ്വരഭാവങ്ങളുടെയും ശ്ലോകങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ചിത്രങ്ങള്‍വരച്ചത്. ഓരോ രൂപത്തിനനുസരിച്ചും മുഖഭാവങ്ങള്‍, കരചരണങ്ങള്‍ ഇവയ്‌ക്കെല്ലാം സൂക്ഷ്‌മമായ വ്യതിയാനങ്ങള്‍ ഉണ്ട്, പ്രാര്‍ത്ഥനാഭരിതമായ മനസ്സോടെ കന്നിമൂലഗണപതിയെ ധ്യാനിച്ചാണ് ഞങ്ങള്‍ നിറക്കൂട്ട് കയ്യിലെടുത്തിരുന്നത്. ഭഗവാന്റെ അനുഗ്രഹത്താല്‍ എല്ലാം ഭംഗിയാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ആശിസ്സുകള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ രചനപൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്... ദിലീപ് കൂട്ടിച്ചേര്‍ത്തു.
ഭക്തസംരക്ഷണത്തിനായി താന്‍കൈക്കൊണ്ട അവതാരങ്ങളെക്കുറിച്ച് ഗണപതിസഹോദരനായ സുബ്രഹ്മണ്യനോട് വിശദീകരിക്കുന്ന ഭാഗം ഭാര്‍ഗ്ഗപുരാണത്തില്‍കാണുന്നു. അവ വക്‌ത്രതുണ്ഡഗണപതി, ചിന്താമണിഗണപതി, ഗണപതി, ഗജാനനഗണപതി, വിഘ്‌രാജഗണപതി, മയൂരഗണപതി, ബാലചന്ദ്രഗണപതി, ധൂമകേതുഗണപതി, ശുദ്ധഗണപതി എന്നിങ്ങനെ 12 ഭാവത്തിലാണ്. എന്നാല്‍ ശ്രീമഹാഗണപതിപുരാണത്തിലെ ധ്യാനശ്ലോകങ്ങളില്‍ 28 ഭാവങ്ങളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആ ഭാവങ്ങളാണ് ഹരിഹരന്‍ നമ്പൂതിരിയും, ദിലീപും ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ആ ധ്യാനശ്ലോകങ്ങളുടെ സവിശേഷതകള്‍ ഈ വിധത്തിലാണ്.
ഒരു കയ്യില്‍ താമരപ്പൂവ് ഏന്തിയ ലക്ഷ്‌മിദേവിയെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുകയാണ് ഗണപതി. കയ്യില്‍ മാതളം, കരിമ്പ്, ചക്രം, പാശം, ഗദ, നീലത്താമര, രത്‌നകലശം, കതിര്‍ എന്നിവയും ശിരസ്സില്‍ ചന്ദ്രക്കലയും ധരിച്ചിരിക്കുന്നു. അരുണവര്‍ണ്ണവും മൂന്ന് കണ്ണുകളുമുള്ള രൂപമാണ് ഗണപതിക്ക്. വിജയത്തിനും സര്‍വ്വാഭീഷ്‌ടസിദ്ധിക്കുംവേണ്ടിയാണ് മഹാഗണപതിഭാവത്തിലുള്ള വിഘ്‌നേശ്വരനെധ്യാനിക്കുന്നത്.
ഉദയസൂര്യന്റെവര്‍ണ്ണവും, നാലുകൈകളുമാണ് ബാലഗണപതിക്ക്, കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ് എന്നിവ കൈകളിലും തുമ്പിക്കയ്യില്‍ മോദകവും വഹിച്ചിരിക്കുന്നു. അഭീഷ്‌ടസിദ്ധിക്കാണ് ബാലഗണപതിയെ ധ്യാനിക്കേണ്ടത്.
യുവത്വത്തിന്റെ ശരീരകാന്തി, ഉദയസൂര്യന്റെ നിറം, എട്ടുകൈകള്‍, കൈകളില്‍പാശം, അപൂപം, അങ്കുശം, നീലത്താമര, കരിമ്പ്, ജംബു, സ്വദന്തം, കതിര്, എന്നിവ വഹിച്ചിരിക്കുന്നു. രോഗങ്ങളില്‍നിന്നും മുക്തി തേടാനാണ് തരുണഗണപതിയെ ധ്യാനിക്കേണ്ടത്.
പതിനാറ് കൈകളുള്ള അരുണവര്‍ണ്ണ രൂപമാണ് വീരഗണപതിക്ക്. കൈകളില്‍ കൊടി, കുന്തം, ശൂലം, മഴു, നാഗം, പാശം, ഗദ, അങ്കുശം, ഖട്വാംഗം, മുദ്‌ഗരം, ചക്രം, ഖഡ്‌ഗം, ശരം, കാര്‍മുക, ശക്തി, വേതാളം എന്നിവയാണുള്ളത്.
വീരഗണപതി ആരാധനയും മന്ത്രവും ശത്രുമോചനത്തിനാണ് ഉത്തമം.
നാലുകൈകള്‍ കൈകളില്‍ കദളിപ്പഴം, മാങ്ങ, നാളികേരം, ശര്‍ക്കരപ്പായസം എന്നിവ വഹിച്ചിരിക്കുന്നു.
മോക്ഷത്തിനും ഉപാസനയ്‌ക്കുമായി ഭക്തഗണപതിയെ ധ്യാനിക്കണം.
സ്വര്‍ണ്ണവര്‍ണ്ണശരീരം, നാലുകൈകളിലും പൂക്കള്‍,
കരിമ്പ്, മാങ്ങ, മഴു, തുമ്പിക്കയ്യില്‍ മോദകം എന്നിവയാണ്. സിദ്ധിഗണപതിയുടെ ഭാവവര്‍ണ്ണന. മന്ത്രം, മോക്ഷം, ആഗ്രഹം എന്നിവയ്‌ക്കായി സിദ്ധിഗണണപതിയെ ഭജിക്കണം.
ശക്തി ഗണപതിക്ക് സന്ധ്യാസമയത്തെ സൂര്യവര്‍ണ്ണമാണ്. ദേവിയുടെ മടിയിലിരുന്ന് പരസ്‌പരമാശ്ലേഷിക്കുന്നു. കയ്യില്‍ പാശവും സൃണിയും വഹിക്കുന്ന രൂപമാണ് വിഘ്‌നേശ്വരന്. ഭയനിവാരണത്തിനാണ് ശക്തി ഗണപതിയെ ധ്യാനിക്കുന്നത്.
നിലാവിന്റെ നിറം, നാല് ശിരസ്സ്, നാലുകൈകള്‍ എന്നിവയാണ് ദ്വിജ ഗണപതിയുടെ രൂപം. കയ്യില്‍ പുസ്‌തകം, ജപമാല, ദണ്ഡം, കമണ്ഡലു എന്നിവ ധരിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും, വിജ്ഞാനത്തിനും ദ്വിജഗണപതി പ്രീതി അത്യുത്തമമാണ്.
വരദഗണപതിക്ക്, ചുവന്ന നിറമുള്ള ശരീരവും, മൂന്ന് കണ്ണുകളും നാല് കൈകളുമാണുള്ളത്. ചന്ദ്രക്കല, അങ്കുശം, പാരം, വരദം എന്നിവ ധരിച്ചിരിക്കുകയും, മറുകയ്യാല്‍ ദേവിയെ ചുറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു.
ചുവന്ന ശരീരത്തോട് കൂടിയവനും, ചുവന്ന വസ്‌ത്രം ധരിച്ചവനുമാണ് ഏകാക്ഷര ഗണപതി. നാലുകൈകളിലായി അങ്കുശം, പാശം, അഭയം, വരദം എന്നിവ വഹിക്കുന്നു. സര്‍പ്പഭൂഷിതനും, കുറിക്കൂട്ടുകള്‍ അണിഞ്ഞവനുമാണ് ഈ ഭാവത്തില്‍ വിഘ്‌നേശ്വരന്‍. ചെറിയ കൈകാലുകള്‍ ഏകാക്ഷര ഗണപതീഭാവത്തിന്റെ പ്രത്യേകതയാണ്.
അഭീഷ്‌ടസിദ്ധിക്കും വശ്യത്തിനുമാണ് ഏകാക്ഷര ഗണപതിയെ ധ്യാനിക്കുന്നത്.
ലക്ഷ്‌മീ ഗണപതി ഭാവ അര്‍ച്ചനയും ധ്യാനവും ഐശ്വര്യപൂര്‍ണ്ണമായ കുടുംബജീവിതത്തിന് അത്യുത്തമമാണ്. സ്വര്‍ണ്ണവര്‍ണ്ണം, എട്ടുകൈകള്‍, തത്ത, മാണിക്യം, മാതളം, അങ്കുശം, പാശം, കല്‍പ്പലത, വരം, ഖഡ്‌ഗം എന്നിവ കയ്യില്‍ വഹിച്ചിരിക്കുന്നു. ഒരു കയ്യാല്‍ ലക്ഷ്‌മീദേവിയെ ചുറ്റിപ്പിടിച്ചിരിക്കുന്നു. ലക്ഷ്‌മിയുടെ ഒരു കയ്യില്‍ താമരയും മറുകയ്യില്‍ വരവും.
സര്‍വ്വാഭരണ വിഭൂഷിതനും സ്വര്‍ണ്ണത്തോട് കൂടിയവനുമാണ് വിഘ്‌നഗണപതി. പത്ത് കൈകള്‍, കൈകളില്‍ ശംഖ്, പൂക്കള്‍, കരിമ്പ്, പാശം, മഴു, ചക്രം, കൊമ്പ്, അമ്പ്, ആവനാഴി, തോട്ടി എന്നിവ വഹിച്ചിരിക്കുന്നു.
ശത്രുദോഷങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും, ഏത് പ്രവര്‍ത്തനരംഗത്തെയും തടസ്സങ്ങള്‍ മാറിക്കിട്ടുന്നതിനുമാണ് വിഘ്‌നഗണപതിയെ ഭജിക്കുന്നത്.
നാലുമണിപ്പൂവിന്റെ നിറം, നാലുകൈകളിലായി, കൊമ്പ്, പാശം, കുംഭം, കല്‍പ്പലത എന്നിവ വഹിച്ചിരിക്കുന്നു. പെട്ടെന്ന് പ്രസാദിക്കുന്ന ഈ വിഘ്‌നേശ്വരഭാവത്തെ നിത്യപൂജയ്‌ക്കും ക്ഷേമൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ധ്യാനിക്കുന്നത്.
ബിസിനസ്സ്, വസ്‌തുവകകളുടെ കൊടുക്കല്‍ വാങ്ങള്‍ എന്നിവ തടസ്സം കൂടാതെ നടന്നുകിട്ടാന്‍ ഈ ഗണപതി ഭഗവാനെയാണ് ധ്യാനിക്കേണ്ടത്.
ചുവന്ന പ്ലാശിന്‍ പൂവിന്‍ വര്‍ണ്ണം, ആറുകൈകള്‍, അങ്കുശം, അമൃതകുംഭം, അക്ഷമാല, വരം, പാശം, അഭയം എന്നിവ ധരിച്ച്, സ്വര്‍ണ്ണത്താമര സിംഹാസനത്തിലാണ് ത്രിമുഖ ഗണപതിയിരിക്കുന്നത്.
ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഈ ത്രിമുഖഭാവത്തെ ഭജിക്കാം.
ചന്ദ്രക്കലാധരനായ ക്ഷിപ്രപ്രസാദഗണപതിക്ക് നാലു കൈകളാണുള്ളത്. ശരീരം അരുണവര്‍ണ്ണം, കൈകളില്‍ താമരയിതളുകള്‍, പാശം, ദന്തം, അങ്കുശം, കല്‍പ്പലത എന്നിവയും തുമ്പിക്കയ്യില്‍ മോദകവും വഹിച്ചിരിക്കുന്നു.
തടസ്സങ്ങള്‍ പെട്ടെന്ന് മാറിക്കിട്ടാന്‍ ക്ഷിപ്ര പ്രസാദ ഗണപതിയെയാണ് ധ്യാനിക്കേണ്ടത്.
വെളുത്തനിറം, അഞ്ച് തലകളും, പത്ത് കൈകളുമുള്ള രൂപം, കൈകളില്‍ ദന്തം, പാശം, മഴു, തോട്ടി, മാല, മോദകം, അഭയം, ഖരം, മുദ്‌ഗരം, മാതളം എന്നിവ വഹിച്ച് സിംഹാരൂഢനായിരിക്കുന്ന വിഘ്‌നേശ്വരഭാവമാണിത്.
വളരെ വിഷമമുള്ള കാര്യങ്ങളില്‍ വിജയം കൈവരിക്കാന്‍ ഹേരംബഗണപതി ധ്യാനം സഹായകമാണ്.
നാല് കൈകളോട് കൂടിയ ഢൂണ്ഡി ഗണേശന് ചുവന്ന ശരീരമാണ്. കൈകളില്‍ അക്ഷമാല, മഴു, രത്‌നം, ദന്തം എന്നിവ വഹിച്ചിരിക്കുന്നു.
സര്‍വ്വാഭീഷ്‌ട സിദ്ധിക്കായാണ് ഢുണ്‌ഡി ഗണപതിയെ ധ്യാനിക്കേണ്ടത്.
മഞ്ഞശരീര കാന്തിയോടുകൂടിയ ഹരിദ്രാഗണപതി നാലുകൈകളിലായി പാശം, മോദകം, അങ്കുശം, ദന്തം എന്നിവ ധരിച്ചിരിക്കുന്നു. സ്‌ത്രീകളുടെ നന്മയ്‌ക്കായി ഏറെ പ്രയോജനകരമാണ് ഹരിദ്രാഗണപതീ ധ്യാനം.
ഋണമോചക ഗണപതി സ്‌ഫടികനിറത്തോട് കൂടി വിരാജിക്കുന്നു. നാലുകൈകളിലായി ദന്തം, അത്തിപ്പഴം, അങ്കുശം, പാശം എന്നിവ ധരിച്ചിരിക്കുന്നു.
കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ത്ഥിക്കുന്നത് ഏറെ ഉത്തമമാണ്.
ചുവന്ന ശരീരത്തോടുകൂടി യോഗാസനത്തിലിരിക്കുന്ന യോഗ ഗണപതി നീലവസ്‌ത്രമാണ് അണിഞ്ഞിരിക്കുന്നത്. നാലുകൈകളിലായി കരിമ്പ്, അക്ഷമാല, പാശം, ദണ്ഡ് എന്നിവ വഹിക്കുന്നു. മോക്ഷം, യോഗജ്ഞാനം എന്നീ കാര്യങ്ങള്‍ക്കായി യോഗഗണപതിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്.
ചുവന്ന നിറത്തോടെ മൂഷിക വാഹനഭാനത്തിലാണ് സൃഷ്‌ടി ഗണപതി. നാലുകൈകളാല്‍, അങ്കുശം, ദന്തം, മാങ്ങ, പാശം എന്നിവ വഹിക്കുന്നു.
സൃഷ്‌ടി ഗണപതി ധ്യാനം നല്ല ദാമ്പത്യത്തിനും സന്താനസൗഖ്യത്തിനും ഉത്തമമാണ്.
മൂഷികവാഹനത്തിലിരിക്കുന്ന രക്തവര്‍ണ്ണനാണ് വിജയഗണപതി. നാല് കൈകളിലായി അങ്കുശം, ദന്തം, പാശം, മാങ്ങ എന്നിവ ഏന്തിയിരിക്കുന്നു.
ജീവിതത്തിലെ എല്ലാ വൈഷമ്യമോചനങ്ങള്‍ക്കും വിജയഗണപതി ധ്യാനം സഹായകമാണ്.
ചുവന്ന ദേഹകാന്തിയുള്ള ഗണപതി, ദേവിയുടെ മടിയിലിരുന്ന് ദേവിയെ ആലിംഗനം ചെയ്യുന്നു. പന്ത്രണ്ട് എന്നിവ വഹിക്കുന്നു. വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള ശക്തി ഉദ്ധണ്ഡഗണപതി പ്രദാനം ചെയ്യും.
സ്വര്‍ണ്ണവര്‍ണ്ണ ശരീരകാന്തിയോടുകൂടിയ ഊര്‍ദ്ധ ഗണപതിക്ക് എട്ട് കൈകള്‍ ഉണ്ട്. ഹരിതശോഭയുള്ള ദേവിയെ ഒരു കൈകൊണ്ട് ചുറ്റിയിരിക്കുന്നു. മറ്റുകൈകളില്‍ കല്‍ഹാരം, കരിമ്പ്, കതിര്‍, ബാണം, ഗദ, താമര എന്നിവ ധരിച്ചിരിക്കുന്നു.
ദാമ്പത്യസുഖത്തിനുവേണ്ടിയാണ് ഊര്‍ദ്ധഗണപതിയെ ഭജിക്കേണ്ടത്.
ഉദയസൂര്യന്റെ നിറത്തോടുകൂടി ചുവന്ന താമരയിലിരിക്കുന്ന ഗണപതി മടിയില്‍ ഒരു ബാലനെവഹിച്ചിരിക്കുന്നു. നാലുകൈകളിലായി അങ്കുശം, വരദം, പാശം, പായസപാത്രം എന്നിവയും ധരിക്കുന്നു.
എല്ലാ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും തീര്‍ത്തുതരുന്നതിനായാണ് സങ്കടഹരഗണപതിയെ ഭജിക്കേണ്ടത്.
പച്ചയും നീലയും ഇടകലര്‍ന്ന നിറം, രണ്ട് മുഖം, രത്‌നകിരീടവും രക്തനിറ വസ്‌ത്രങ്ങളും ധരിച്ച ഗണപതി നാലുകൈകളിലായി രത്‌നകുംഭം, പാശം, അങ്കുശം, ദന്തം എന്നിവ ധരിച്ചിട്ടുണ്ട്.
ആളുകളെ വശീകരിക്കാനാണ് ദ്വിമുഖ ഗണപതി സിദ്ധി നേടുന്നത്.
വലിയ ശരീരപ്രകൃതി, ഉരുകുന്ന സ്വര്‍ണ്ണനിറം, ചുവന്ന വസ്‌ത്രമണിയുന്നത്. എട്ടുകരങ്ങളിലായി ദുര്‍ഗ്ഗാഗണപതി ശരം, അങ്കുശം, പാശം, ദന്തം, ആരതി, കല്ലലത അക്ഷമാല, കരിമ്പ് എന്നിവ വഹിച്ചിരിക്കുന്നു. ശത്രുരക്ഷയ്‌ക്ക് വേണ്ടിയാണ് ദുര്‍ഗ്ഗാഗണപതീധ്യാനം.
ഈ വിധത്തിലുള്ള 28 വിഘ്‌നേശ്വര രൂപഭാവങ്ങള്‍ക്ക് പുറമെ, ഓം എന്ന പ്രണവമന്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന `ത്ര്യക്ഷരഗണപതി'. ഒറ്റകൊമ്പുള്ള മുഖത്തോടുകൂടിയ `ഏകാന്ത ഗണപതി'. മുഖത്തിന്റെ മുന്‍ഭാഗത്ത് സിംഹരൂപമുള്ള `സിംഹഗണപതി' കല്‍പ്പവൃക്ഷ ചുവട്ടില്‍ നൃത്തമാടുന്ന ഭാവത്തിലുള്ള നൃത്യഗണപതി എന്നീ രൂപഭാവങ്ങളിലും വിഘ്‌നേശ്വരനെദര്‍ശിക്കാമെന്നും പൗരാണികതന്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്.