Home » » സിനിമാലോകം മറന്ന രണ്ടു ചരിത്രകാലങ്ങള്‍.

സിനിമാലോകം മറന്ന രണ്ടു ചരിത്രകാലങ്ങള്‍.

Written By Unknown on Tuesday, 14 January 2014 | 23:16

കേരളത്തില്‍ ആദ്യം നിര്‍മിച്ച ചിത്രം വിഗതകുമാരനും ആദ്യ സംവിധായകന്‍ ജെ.സി. ഡാനിയലുമാണെന്നത്‌ അംഗീകരിച്ചുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന്‌ ഡാനിയലിന്റെ പേരു നല്‍കിയത്‌. വിഗതകുമാരന്‍ (1928) പുറത്തിറങ്ങി ഒരു പതിറ്റാണ്ടിനുശേഷമാണ്‌ നൊട്ടാണി സംവിധാനം ചെയ്‌ത ആദ്യ ശബ്‌ദചിത്രം ബാലന്‍ (1938) പ്രദര്‍ശനത്തിനെത്തിയത്‌. അപ്പോള്‍ ആദ്യ നിശബ്‌ദചിത്രത്തിന്‌ 85 ഉം ആദ്യ ശബ്‌ദചിത്രത്തിന്‌ 75 ഉം ആയതായികാണാം. അങ്ങനെ മലയാളത്തിലെ ആദ്യ ശബ്‌ദചിത്രം വജ്ര ജൂബിലിയാഘോഷിക്കുന്ന വര്‍ഷം തന്നെയാണ്‌ നടന്‍ മധു സിനിമാ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി (50) ആഘോഷിക്കുന്നത്‌. മധുവിന്റെ ആദ്യ ചിത്രം നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963) പുറത്തിറങ്ങി 50 വര്‍ഷം പൂര്‍ത്തിയാകുന്നു.
മലയാള സിനിമാ ചരിത്രത്തിലെ വലിയൊരധ്യായം മധുവിന്‌ സ്വന്തം-യുവാവായി കാമുകവേഷത്തിലെത്തി സിനിമാഭിനയം ആരംഭിച്ച മധു എന്ന മാധവന്‍ നായര്‍ മധ്യവയസ്‌കനും വൃദ്ധനുമായപ്പോഴും സിനിമാഭിനയം തുടരുകതന്നെയാണ്‌. എണ്‍പതു വയസ്സിന്റെ തികവില്‍, അന്‍പത്‌ അഭിനയ വര്‍ഷങ്ങളുടെ നിറവില്‍ മലയാള സിനിമയിലെ തലമുതിര്‍ന്ന കാരണവരായി മധു നിലയുറപ്പിച്ചിരിക്കുന്നു.
പോയകാലത്ത്‌ സത്യന്‍, പ്രേം നസീര്‍, മധു ത്രയമായിരുന്നു മലയാള സിനിമയുടെ ഗതിവിഗതികളും ഭാഗധേയവും നിര്‍ണയിച്ചിരുന്നത്‌. അക്ഷരലോകത്ത്‌ സ്ഥിരപ്രതിഷ്‌ഠനേടിയ ഒട്ടനേകം കഥാപാത്രങ്ങളെ സിനിമയിലവതരിപ്പിച്ച ചരിത്രവും മധുവിനുതന്നെ. ചെമ്മീനിലെ പരീക്കുട്ടി മുതലാളി മുതല്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രതിപുരുഷനായി ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലും ഉമ്മാച്ചുവില്‍ ഇബ്രാഹിമിന്റെ കഥാപാത്രമായതും മധുവിന്‌ ലഭിച്ച അസുലഭ അവസരങ്ങളാണ്‌. അക്കാലത്തെ പുതുമുഖസംവിധായകര്‍ക്ക്‌ ഏറെ പ്രിയം മധുവിനോടായിരുന്നു.
തിരുവനന്തപുരത്ത്‌ 1933 ല്‍ ജനിച്ച മാധവന്‍ നായരാണ്‌ സിനിമയിലെ മധുവായി മാറിയത്‌. രാമു കാര്യാട്ട്‌ സംവിധാനം ചെയ്‌ത ചെമ്മീന്‍ എന്ന ചിത്രത്തിലെ നിരാശാ കാമുകനായ പരീക്കുട്ടിയാണ്‌ ആദ്യകാലത്ത്‌ മധുവിന്‌ സ്വീകാര്യത നല്‍കി ഏറെ ശ്രദ്ധേയനാക്കിയത്‌. സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയ വന്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും മധുവാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. ചെമ്മീനുശേഷം തകഴിയുടെ തന്നെ കുറേ കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചിട്ടുണ്ട്‌. ഏണിപ്പടികള്‍, ചുക്ക്‌ തുടങ്ങിയ ചിത്രങ്ങളില്‍ ഓളവും തീരവും (പി. എന്‍. മേനോന്‍-എം.ടി വാസുദേവന്‍ നായര്‍) മധുവിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്‌. അഭിനയരംഗത്ത്‌ മാത്രമൊതുങ്ങി നില്‍ക്കാതെ മധു സംവിധാനരംഗത്തേക്ക്‌ പ്രവേശനം ചെയ്‌തു. സി. രാധാകൃഷ്‌ണന്‍ എഴുതിയ `തേവിടിശ്ശി' എന്ന നോവല്‍ പ്രിയ എന്ന പേരിലാണ്‌ മധു സിനിമയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തത്‌.
മധുവിന്റെ മാതൃക
ആദ്യ ചിത്രത്തിനുശേഷം സതി, അക്കല്‍ദാമ, കാമം ക്രോധം, മോഹം തുടങ്ങിയ ചലച്ചിത്രങ്ങള്‍ നിര്‍മിച്ച്‌ സംവിധാനം ചെയ്‌തു. അദ്ദേഹം നിര്‍മിച്ച്‌ ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത മിനി എന്ന കുട്ടികളുടെ ചിത്രം ദേശീയപുരസ്‌കാരവും നേടിയിരുന്നു. സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട്‌ പൂര്‍ണമായും മദ്രാസ്‌ കേന്ദ്രീകരിച്ച്‌ നടന്നിരുന്ന അക്കാലത്ത്‌ സിനിമയെ കേരളത്തിലേക്കുതന്നെ പറിച്ചു നടാന്‍ പ്രയത്‌നിച്ച മധുവിന്റെ ഈ രംഗത്തെ സംഭാവന താരതമ്യമില്ലാത്തതാണ്‌. തിരുവനന്തപുരത്ത്‌ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ട്‌ മലയാള സിനിമയെ കേരളത്തിലേക്കാനയിക്കുവാന്‍ മധു മുന്‍കയ്യെടുത്തു. ഏതാണ്ട്‌ അതേകാലഘട്ടത്തില്‍ തന്നെയാണ്‌ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ നിന്ന്‌ സിനിമ വാതില്‍പ്പുറ ചിത്രീകരണ രീതിയിലേക്കു മാറിയത്‌. സിനിമയുടെ വ്യത്യസ്‌ത മേഖലകളില്‍ കയ്യൊപ്പു ചാര്‍ത്തയ മധു പിന്നീട്‌ സീരിയല്‍ രംഗത്തും പാദമുദ്രപതിപ്പിച്ചു. അത്‌ നിര്‍ബാധം തുടരുകയും ചെയ്യുന്നു.
അമിതാഭ്‌ ബച്ചന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ജീവിക്കുന്ന ഇതിഹാസവും താരചക്രവര്‍ത്തിയുമൊത്ത്‌ മധു അഭിനയിച്ച ചിത്രം സാത്ത്‌ ഹിന്ദുസ്ഥാനി സംവിധാനം ചെയ്‌തത്‌ കെ.എ. അബ്ബാസാണ്‌. അക്കാലത്ത്‌ ഒരു മലയാളി നടന്‍ ഹിന്ദി സിനിമയിലഭിനയിക്കുക എന്നത്‌ അത്യപൂര്‍വമായിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു സാത്ത്‌ ഹിന്ദുസ്ഥാനി.
സത്യനും പ്രേം നസീറും അഭിനയരംഗത്തുമാത്രം നിലയുറപ്പിച്ചപ്പോള്‍ മധു സംവിധായകനും നിര്‍മാതാവുമായി മാറി. വിവിധ തലമുറകളില്‍പ്പെട്ട അഭിനേതാക്കള്‍ക്കൊപ്പം രംഗത്തെത്തിയ മലയാള സിനിമയിലെ തലമുതിര്‍ന്ന കാരണവരായ മധു മലയാള സിനിമയുടെ വികാസപരിണാമത്തില്‍ നിര്‍ണായകപങ്കുവഹിച്ച കലാകാരനാണ്‌. മലയാളത്തിലെ മറ്റ്‌ അഭിനേതാക്കള്‍ക്ക്‌ ഒരു നല്ല മാതൃകയും.
വളരെ വൈകിയാണ്‌ `പത്മശ്രീ' മധുവിനെ തേടിയെത്തിയതെങ്കിലും പരാതിയില്ലാതെ അദ്ദേഹം അത്‌ സ്വീകരിച്ചു. വിവാദങ്ങളില്‍ നിന്ന്‌ എന്നും അകന്നു നില്‍ക്കുവാനാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടത്‌. അഭിനയമെന്ന തൊഴിലിനോട്‌ ആത്മാര്‍ഥതയും കൂറും പുലര്‍ത്തുന്ന മധുവിനെപ്പോലുള്ള കലാകാരന്മാരാണ്‌ സിനിമയുടെ ശക്തി. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ `ഫാല്‍ക്കെ' അവാര്‍ഡ്‌ അര്‍ഹിക്കുന്ന കലാകാരനാണ്‌ മധു. തമിഴിലും തെലുങ്കിലുമെല്ലാം പലതവണ നല്‍കപ്പെട്ട ഫാല്‍ക്കെ മലയാളത്തിലേക്ക്‌ വരുവാന്‍ സംശയിക്കുന്നതുകൊണ്ടാണ്‌ മധുവിന്‌ അത്‌ ലഭിക്കുവാന്‍ വൈകുന്നത്‌. അര നൂറ്റാണ്ടുകാലത്തെ മലയാള സിനിമയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയുടെ വ്യാപ്‌തിയും ആഴവും തിരിച്ചറിയുന്നവര്‍ക്ക്‌ `ഫാല്‍ക്കെ' അവാര്‍ഡിനുള്ള അദ്ദേഹത്തിന്റെ അര്‍ഹത ഗ്രഹിക്കാനാകും. മലയാള സിനിമയില്‍ സംവിധായകരായി മാറിയ അഭിനേതാക്കള്‍ വിരളമാണെന്നിരിക്കെ അവരുടെ മുന്‍നിരയിലാണ്‌ മധുവിന്റെ സ്ഥാനമെന്നു കാണാം.
ബാലനിലെ സാമൂഹിക ജീവിതം
മലയാളം സംസാരിച്ച ആദ്യ ചിത്രം ബാലന്‍ പ്രദര്‍ശനത്തിനെത്തിയത്‌ 1938 ലായിരുന്നു. മോഡേണ്‍ തിയറ്റേഴ്‌സിന്റെ (സേലം) ബാനറില്‍ ടി.ആര്‍. സുന്ദരം നിര്‍മിച്ച്‌ എസ്‌. നൊട്ടാണി സംവിധാനം ചെയ്‌ത ബാലന്റെ കഥയും സംഭാഷണവും ഗാനങ്ങളുമെഴുതിയത്‌ മുതുകുളം രാഘവന്‍പിള്ളയാണ്‌. കെ.കെ. അരൂര്‍ നയകനും എം.കെ. കമലം നായികയുമായ ബാലനില്‍ ആലപ്പി വിന്‍സന്റാണ്‌ വില്ലന്‍ വേഷമണിഞ്ഞത്‌. കേരളത്തിന്റെ ജീവിതാന്തരീക്ഷവും സംസാകാരവുമാണ്‌ ബാലന്റെ ഇതിവൃത്തം. പിന്നീട്‌ നിരവധി ചിത്രങ്ങള്‍ക്ക്‌ തിരക്കഥയും സംഭാഷണവുമെഴുതി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച മുതുകുളം രാഘവന്‍ പിള്ളയുടെ ആദ്യ വിജയം ബാലനിലൂടെയായിരുന്നു. അക്കാലത്ത്‌ ഏറ്റവും തിരക്കുള്ള-സ്റ്റാര്‍ വാല്യവുള്ള തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു മുതുകുളം.
രണ്ടാനമ്മയുടെ ക്രൂരത തെളിയുന്ന പടമാണ്‌ ബാലന്‍. `പത്തമ്മ ചമഞ്ഞാലും പെറ്റമ്മയ്‌ക്കൊക്കില്ല' എന്ന ചൊല്ല്‌ അന്വര്‍ഥമാക്കുന്നതാണ്‌ ചിത്രം. മാതാപിതാക്കള്‍ മരിച്ച ബാലനും സരസയും സഹോദരീസഹോദരന്മാരും കണക്കറ്റ സ്വത്തിന്റെ അവകാശികളുമാണ്‌. മീനാക്ഷിയെന്ന രണ്ടാനമ്മയുടെ പീഡനങ്ങള്‍ കാരണം ബാലനും സരസയും വീട്ടില്‍ നിന്ന്‌ ഓടിപ്പോകുന്നു. ഒരു ചട്ടമ്പിയുടെ വലയിലകപ്പെടുന്ന അവര്‍ അയാള്‍ക്കൊപ്പം അലയുവാന്‍ നിര്‍ബന്ധിതരാകുന്നു. പിന്നീട്‌ ഒരു ബംഗ്ലാവില്‍ ജോലിക്കാരായി മാറുന്നു. എസ്റ്റേറ്റ്‌ ഉടമയ്‌ക്ക്‌ അവരോട്‌ അനുകമ്പ തോന്നുന്നു. വക്കീലായ അദ്ദേഹം അവര്‍ക്കുവേണ്ടി കോടതിയില്‍ കേസു വാദിക്കുന്നു. മീനാക്ഷി കോടതിയില്‍ വാദം നടത്തുന്നതിനിടയില്‍ വക്കീലിനെ വെടിവെക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്‌ ഇരയായത്‌ ബാലനാണ്‌. പിന്നീട്‌ സ്വത്തിന്‌ അവകാശിയായ സരസ വക്കീല്‍ മേനോനെ കല്യാണം കഴിക്കുന്ന ശുഭപര്യവസായിയായ അന്ത്യമാണ്‌ മുതുകുളം ബാലനു വേണ്ടി ഒരുക്കിയത്‌. വിധിയുടെ വിളയാട്ടത്തിനുശേഷമാണെങ്കിലും!
അസ്വാഭാവികതയും അതിശയോക്തിയുമെല്ലാമുണ്ടെങ്കിലും ചിലതലങ്ങളില്‍ സാമൂഹികജീവിതപരിസരം തെളിയുന്നുണ്ട്‌ ബാലനില്‍. കൂടാതെ പലായനത്തിനിടയില്‍ ബാലനും സരസയും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും വേദനയും യാഥാര്‍ഥ്യത്തോട്‌ ബന്ധം പുലര്‍ത്തുന്നതുമാണ്‌. അങ്ങനെ രണ്ടു തലങ്ങളില്‍ നീങ്ങുന്ന കഥയാണ്‌ ബാലന്റേത്‌. ബാലന്‍ തുറന്ന വഴിയിലൂടെയാണ്‌ ഏറെക്കാലം മലയാളസിനിമ സഞ്ചരിച്ചതെന്നു പറയാം. എഴുപത്തഞ്ചു വര്‍ഷത്തെ മലയാളസിനിമാചരിത്രം പരിശോധിക്കുമ്പോള്‍ കച്ചവട സിനിമയില്‍പ്പോലും ജീവിതയാഥാര്‍ഥ്യങ്ങളും സത്യങ്ങളും തെളിയുന്നത്‌ മലയാളസിനിമയുടെ സവിശേഷതയായി കാണാം.
ആദ്യത്തെ സൂപ്പര്‍ താരം
മലയാള സിനിമയിലെ ആദ്യ വന്‍താരം - താരങ്ങളുടെ താരം ആരായിരുന്നുവെന്ന ചോദ്യത്തിന്‌ ഒരു മറുപടി മാത്രം - എസ്‌.പി.പിള്ള. മലയാളത്തില്‍ ആദ്യമായി ആറ്‌ പടങ്ങളില്‍ അഭിനയിച്ച നടനും എസ്‌.പി.തന്നെ. എസ്‌.പി. പിള്ളയുടെ ജന്മശതാബ്‌ദിയാണ്‌ ഈ വര്‍ഷം. ശങ്കരന്‍ പിള്ളയെന്ന പൊലീസുകാരന്റെ പുത്രനായി ഹരിപ്പാട്ടിനടുത്ത മുട്ടമെന്‌ ഗ്രാമത്തിലാണ്‌ 1913ല്‍ എസ്‌. പങ്കജാക്ഷന്‍ പിള്ള ജനിച്ചത്‌.
ആദ്യം നാടകരംഗത്ത്‌ കഴിവു തെളിയിച്ചശേഷമാണ്‌ എസ്‌.പി.പിള്ള സിനിമയിലെത്തിയത്‌. അന്‍പതുകളിലും അറുപതുകളിലും മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന എസ്‌.പി. പിള്ള. ജീവിത നൗക, വനമാല, യാചകന്‍ (1951), വിശപ്പിന്റെ വിളി (1952), അവകാശികള്‍ (1953), കണ്ടംബെച്ച കോട്ട്‌ (1961), ഓടയില്‍ നിന്ന്‌, ചെമ്മീന്‍ (1965), ആരോമലുണ്ണി (1971), നിര്‍മാല്യം (1973) എന്നിങ്ങനെയാണ്‌ പ്രധാന ചിത്രങ്ങള്‍.
മലയാള സിനിമ വജ്ര ജൂബിലി ആഘോഷിക്കുമ്പോഴും ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജന്മശതാബ്‌ദി അറിയപ്പെടാതെ, ആഘോഷിക്കപ്പെടാതെ കടന്നു പോകുകയാണ്‌. കാക്കത്തൊള്ളായിരം സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ടോ?
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.